ഒമിക്രോണ്‍ വ്യാപനം: മലപ്പുറത്ത് അടിയന്തര യോഗം ചേര്‍ന്നു
text_fieldsമലപ്പുറം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കുന്നതിന് കലക്ടര്‍ വി.ആര്. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു.
ഐ.സി.യു, വെന്റിലേറ്ററുകള്‍, ഓക്സിജനും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാന്‍ നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സമിതികള്‍ രൂപവത്കരിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നേരിടാൻ ആരോഗ്യവകുപ്പ്, പൊലീസ്, റവന്യൂ, മറ്റ് അവശ്യസേവന വിഭാഗങ്ങള്‍ എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ ജനസംഖ്യ കൂടുതലായതിനാല്‍ രോഗം വരാതെ സൂക്ഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാര അതോറിറ്റി മുന്നറിയിപ്പ് നല്കി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിന് ഒന്നാം ഡോസും രണ്ടാം ഡോസും സ്വീകരിക്കാത്തവര്‍ സമയബന്ധിതമായി സ്വീകരിക്കണം.
കരുതൽ ഡോസിന് അര്‍ഹതയുള്ളവര്‍ അതും സ്വീകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, എ.ഡി.എം എന്‍.എം. മെഹറലി, സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ഡി.എം.ഒ ഡോ. ആര്. രേണുക, മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചര്‍ ഓഫിസര്‍ പി. ശ്രീകല, ആര്.സി.എച്ച് ഓഫിസര്‍ ഡോ. ഷിബുലാൽ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.