ഓണം അടുത്തെത്തി; ആലിങ്ങലിൽ വിളവെടുപ്പിന് തയാറായി പൂക്കൾ
text_fieldsതിരൂർ: ഓണപ്പൂക്കളമൊരുക്കാൻ ആലിങ്ങലിലെ പൂകൃഷി വിളവെടുപ്പിന് തയാർ. തൃപ്രങ്ങോട് പഞ്ചായത്തിൽ തിരൂർ-ചമ്രവട്ടം റോഡിന് സമീപം ആലിങ്ങലിൽ ഒരു ഏക്കറോളം സ്ഥലത്ത് ചെയ്ത പൂകൃഷിയാണ് വിളവെടുപ്പിന് തയാറായിരിക്കുന്നത്. ഇതോടെ ഇവിടെ യാത്രക്കാരുടെ ഇഷ്ടകേന്ദ്രവുമായി മാറിയിരിക്കുകയാണ്.
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തും കൃഷിഭവന് കീഴിലുള്ള നിള എ ഗ്രേഡ് ക്ലസ്റ്ററും നേതൃത്വം നൽക്കുന്ന ഹരിത സേവനം കൃഷിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് പൂകൃഷി ചെയ്തത്. വെള്ള നിറത്തിലുള്ള ചെണ്ടുമല്ലിയെ കൂടാതെ വാടാമല്ലി, സൂര്യകാന്തി എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലമൊരുക്കലും നടീൽ ഉൾപ്പെടെയുള്ള പ്രവൃത്തികളും ചെയ്തത്. ശാസ്ത്രീയ രീതിയിൽ ഷീറ്റുകൾ വിരിച്ചാണ് കൃഷിയിടം ഒരുക്കിയത്. അത്തം എത്തുന്നതോടെ പൂക്കൾക്ക് ഡിമാൻഡ് കൂടും.
തദ്ദേശീയമായി നട്ട് വളർത്തിയ പൂക്കൾക്ക് ആവശ്യക്കാർ ഏറെയുണ്ടെന്നാണ് കർഷകർ പറയുന്നത്. ആവശ്യക്കാർക്ക് നേരിട്ട് ചെടികളിൽനിന്ന് പൂക്കൾ പറിച്ച് കൊടുക്കുന്ന രീതിയിലാണ് വിൽപന നടത്താറുള്ളത്. കൂടാതെ പ്രദേശത്തെ പൂക്കടകൾ വഴിയും വിൽപന നടത്തും.
ബിജീഷ് ബാബു, എ.വി. സുധീർ, കെ.വി. രാജൻ, കെ.ആർ. അബ്ദുൽ റഷീദ്, എ.വി. ബിന്ദു, റഷീദ കുന്നത്ത്, കെ. ബിന്ദു, വാർഡ് അംഗം ബിന്ദു കൈപ്പോക്കിൽ എന്നിവരാണ് പൂകൃഷിക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.