വൈലത്തൂരിൽ കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്; മൂന്ന് ഓട്ടോകൾ തകർന്നു
text_fieldsവൈലത്തൂർ: വൈലത്തൂരിൽ ജീർണാവസ്ഥയിലുള്ള കെട്ടിടം തകർന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു. മൂന്ന് ഓട്ടോറിക്ഷകൾ ഭാഗികമായി തകർന്നു. ടൗണിൽനിന്ന് വളാഞ്ചേരി റോഡിലേക്ക് പ്രവേശിക്കുന്ന ഓട്ടോ സ്റ്റാൻഡിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഓടിട്ട കെട്ടിടമാണ് ചൊവ്വാഴ്ച രാവിലെ 9.30ന് തകർന്നത്.
മുകൾ നിലയിൽനിന്ന് ഓടും കല്ലുമാണ് പെട്ടെന്ന് റോഡിലേക്ക് ഇടിഞ്ഞുവീണത്. ഓട്ടോറിക്ഷയിൽ കയറിയ തമിഴ്നാട് സ്വദേശി ശങ്കരന്റെ തലയ്ക്ക് നിസ്സാര പരിക്കേറ്റു. ഇയാൾ പൊന്മുണ്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സ്റ്റാൻഡിൽ നിർത്തിയിട്ട മൂന്ന് ഓട്ടോറിക്ഷകളുടെ മുകൾഭാഗം തകർന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ബാർബർ ഷോപ്പ്, സ്റ്റേഷനറി, ലോട്ടറി വിൽപന എന്നിവയും മുകൾനിലയിൽ പാർട്ടി ഓഫിസുമാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന് താഴെയുള്ള നടപ്പാതയിലൂടെ നിരവധി യാത്രക്കാരാണ് നടന്നു പോകാറുള്ളത്. രാവിലെ ടൗണിൽ തിരക്ക് കുറഞ്ഞതിനാൽ വലിയ അപകടമാണ് ഒഴിവായത്. ടൗണിലെ കാലപ്പഴക്കം ചെന്ന മറ്റു കെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.