50 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
text_fieldsകൊണ്ടോട്ടി: മണി ചെയിന്‍ മാതൃകയില്‍ 50 കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പത്തനംതിട്ട ആറന്മുള സ്വദേശി ശ്രീകൃഷ്ണ ഭവനം ശ്യാം കൃഷ്ണനെ(29)യാണ് പ്രത്യേക അന്വേഷണ സംഘം ആറന്മുളയില്‍ നിന്നും പിടികൂടിയത്. ബയോടെക്‌നോളജിയില്‍ ബിരുദധാരിയായ ഇയാള്‍ എറണാകുളത്ത് വെബ് ഡിസൈനിങ്ങും സോഫ്ട്വെയര്‍ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥാപനം നടത്തി വരികയാണ്. പത്തനംതിട്ടയില്‍ ലക്ഷങ്ങള്‍ വില വരുന്ന വളര്‍ത്തു പക്ഷികളുടെ ഫാമും നടത്തുന്നുണ്ട്. മുമ്പ് പിടിയിലായ തട്ടിപ്പ് സംഘത്തലവന്‍ രതീഷ് ചന്ദ്രയുമായി അടുത്ത ബന്ധമുള്ള ശ്യാം കൃഷ്ണയാണ് കോടികള്‍ തട്ടിയ കമ്പനിക്കായി സോഫ്റ്റ്വെയര്‍ നിർമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കമ്പനിയില്‍ നിന്ന് സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായും വിവരമുണ്ട്. കമ്പ്യൂട്ടര്‍ വിദഗ്ധനായ ശ്യാം കൃഷ്ണനാണ് തട്ടിപ്പിലൂടെ ലഭിച്ചിരുന്ന പണം കൈകാര്യം ചെയ്തിരുന്നത്. ഈ പണം സിനിമ മേഖലയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ക്രിപ്‌റ്റോ കറന്‍സിയായി മാറ്റിയും നിക്ഷേപിച്ചതായുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുമാണ് വലിയ തുക ശമ്പളം വാഗ്ദാനം ചെയ്ത് ഏജന്റ്മാരെ നിയമിച്ച് പണം തട്ടിയത്. 35,000 ല്‍പരം പേര്‍ തട്ടിപ്പിനിരയായതായാണ് വിവരം. കേസിലുള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.