ഒാൺലൈൻ വിദ്യാഭ്യാസം: മലപ്പുറത്ത് ഒാഫ്ലൈനിൽ രണ്ടായിരത്തോളം വീടുകൾ
text_fieldsമലപ്പുറം: ജില്ലയിൽ ഒാൺലൈൻ വിദ്യാഭ്യാസത്തിന് സംവിധാനമില്ലാത്തവർക്ക് സൗകര്യം ഒരുക്കാൻ ജില്ല പഞ്ചായത്ത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെയാണ് മുഴുവൻ വിദ്യാർഥികൾക്കും സംവിധാനം ഒരുക്കുക. നിലവിൽ ഒരുവിധ ഒാൺലൈൻ ഉപകരങ്ങളുമില്ലാത്ത രണ്ടായിരത്തോളം വീടുകൾ ജില്ലയിലുണ്ട്. ഇതിൽ 271 വീടുകൾ പട്ടികവർഗത്തിൽപെട്ടവരുടേതാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ അറിയിച്ചു. ആദ്യ ഘട്ടം എല്ലാ വീട്ടിലും ഒരു ഓൺലൈൻ ഉപകരണം ഉറപ്പുവരുത്തുകയും രണ്ടാംഘട്ടം എല്ലാ വിദ്യാർഥികൾകും വ്യക്തിതലത്തിൽ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഇതിനായി പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗം വിളിക്കും.
പഞ്ചായത്തുകൾക്ക് ഇതിനായി പദ്ധതി വെക്കുന്നതിന് സർക്കാറിൽനിന്ന് പ്രത്യേക അംഗീകാരം വാങ്ങുന്നതാണ്. എല്ലാ മാസവും പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് വിദ്യാഭ്യാസ ഓഫിസർമാരുടെ അവലോകന യോഗം ജില്ല പഞ്ചായത്തിൽ ചേരും. ഓൺലൈൻ വിദ്യാഭ്യാസത്തിൽ ജില്ലയിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റഫീഖ പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്ന പ്രത്യേക യോഗത്തിൽ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, വികസന സ്ഥിരംസമിതി അധ്യക്ഷ സറീന ഹസീബ്, അംഗങ്ങളായ പി.വി. മനാഫ്, വി.കെ.എം. ഷാഫി, ഷെറോണ റോയ്, ഡി.ഡി.ഇ, ഡയറ്റ് പ്രിൻസിപ്പൽ, എസ്.എസ്.കെ. ജില്ല കോഓഡിനേറ്റർ, വിജയഭേരി കോഓഡിനേറ്റർ, ഡി.ഇ.ഒമാർ, കൈറ്റ് കോഓഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓഡിനേറ്റർ, ഹയർ സെക്കൻഡറി കോഓഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.