വിദ്യാർഥിയുടെ വീട്ടിലെത്തി ഓൺലൈൻ ക്ലാസ്; മാതൃകയായി അധ്യാപകൻ
text_fieldsരാമപുരം: മൊബൈൽ ഫോണിെൻറ സാങ്കേതിക തകരാറുകൊണ്ടോ നെറ്റിെൻറ വേഗക്കുറവുകൊണ്ടോ ഓൺലൈൻ ക്ലാസിന് തടസ്സം നേരിട്ടാൽ കിലോമീറ്റർ യാത്ര ചെയ്ത് വിദ്യാർഥിയുടെ വീടുകളിലെത്തി തൽസമയം ക്ലാസെടുക്കുന്ന മാതൃകാ അധ്യാപകനാണ് പാതിരമണ്ണയിലെ നെച്ചിക്കാട്ടിൽ ഷമീർ.
ഗൂഗ്ൾ മീറ്റ് ക്ലാസിൽ പങ്കെടുക്കാൻ പ്രയാസം പറഞ്ഞ കുട്ടിയുടെ വീട്ടിൽ അപ്രതീക്ഷിതമായി എത്തിയാണ് ലൈവായി ക്ലാസെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായത്. ഓൺലൈൻ ട്രാൻസ്ഫർ പ്രകാരം ഷമീർ ഇപ്പോൾ ജോലി ചെയ്യുന്നത് കടുങ്ങപുരം ജി.എച്ച്.എസ്.എസിലാണ്.
മുമ്പ് ജോലി ചെയ്തിരുന്ന കുന്നക്കാവ് ജി.എച്ച്.എസ്.എസിലെ ഉർദു അധ്യാപക തസ്തികയിൽ പുതിയ അധ്യാപകൻ വരുന്നതുവരെ ഷമീറാണ് അവിടത്തെയും ഓൺലൈൻ ക്ലാസ് കൈകാര്യം ചെയ്യുന്നത്. കുന്നക്കാവ് ജി.എച്ച്.എസ്.എസിലെ പ്രധാനാധ്യാപകെൻറ അഭ്യർഥന മാനിച്ചാണിത്. മാവുണ്ടിരിക്കടവ് മാരായമംഗലം ഇരശ്ശേരി ഹസ്സൻ -സുഹ്റ ദമ്പതികളുടെ മകനായ എസ്.എസ്.എൽ.സി വിദ്യാർഥി മുഹമ്മദ് മുസ്തഫയുടെ കൂടെയിരുന്നാണ് ഉർദു ക്ലാസ് അവതരിപ്പിച്ചത്.
ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള അധ്യാപകൻ മുന്നറിയിപ്പു പോലുമില്ലാതെയാണ് 25 കിലോമീറ്റർ യാത്ര ചെയ്ത് രാവിലെ വീട്ടിലെത്തിയത്. വ്യത്യസ്ത അനുഭവം പങ്കുവെച്ച് നന്ദി രേഖപ്പെടുത്തി വിദ്യാർഥിയുടെ മാതാവ് സുഹ്റ ഹസ്സൻ സ്കൂൾ വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെയാണ് മാതൃക അധ്യാപനം പുറത്തറിയുന്നത്.
എല്ലാ കുട്ടികളും ഓൺലൈൻ ക്ലാസിലെ കൃത്യസമയത്ത് ഗ്രൂപ്പിൽ വരുകയും മുസ്തഫയുടെ വീട്ടിൽ വെച്ച് ഓൺലൈൻ ക്ലാസ് എടുക്കുകയും ചെയ്യുകയായിരുന്നു ഷമീർ. വ്യത്യസ്ത പഠനപ്രവൃത്തിയിലൂടെ വർഷങ്ങളായി കണ്ണൂർ ജില്ലയിലെ ഇരിക്കൂരിൽ മികച്ച അധ്യാപക പട്ടികയിലുള്ള ഷമീർ ഇലക്ട്രിക്കൽ മേഖലയിലും വേറിട്ട കണ്ടുപിടിത്തങ്ങൾ നടത്തിയ സമൂഹ മാധ്യമങ്ങളിലെ യുവ ശാസ്ത്ര പ്രതിഭയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.