മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് 57,991 പേർക്ക് മാത്രം
text_fieldsമലപ്പുറം: പ്ലസ് വൺ പ്രവേശന നടപടികൾ അവസാനിച്ചതോടെ ജില്ലയിൽ ആകെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിൽ എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ തലത്തിൽ ആകെ 57,991 കുട്ടികളാണ് പ്രവേശനം നേടിയത്. 62,729 പേർക്ക് പ്രവേശനം ലഭിച്ചു എന്നാണ് നേരത്തേ അധികൃതർ അറിയിച്ചിരുന്നത്. പുതിയ കണക്ക് പ്രകാരം ഇതിൽ 4,738 കുട്ടികളുടെ കുറവുണ്ട്.
വിദ്യാർഥികളുടെ തുടർപഠന അവസരം സംബന്ധിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിലാണ് യഥാർഥ കണക്ക് പറയുന്നത്. എച്ച്.എസ്.എസ് സർക്കാർ തലത്തിൽ 31,133 പേർക്കും എയ്ഡഡ് തലത്തിൽ 24,014 പേർക്കുമാണ് പ്രവേശനം ലഭിച്ചത്.
വി.എച്ച്.എസ്.ഇ സർക്കാർ തലത്തിൽ 2,637 കുട്ടികളും എയ്ഡഡ് തലത്തിൽ 207 കുട്ടികളും പ്രവേശനം നേടി. നടപടികൾ പൂർത്തിയായതോടെ ഒക്ടോബർ 10ന് വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി പ്രവേശന നടപടികൾ അവസാനിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കൂടുതൽ പേർക്ക് ഹയർ സെക്കൻഡറിയിൽ പ്രവേശനം നൽകാൻ കഴിഞ്ഞത് മലപ്പുറത്താണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുകയും ചെയ്തു.
എന്നാൽ, എത്ര പേർക്ക് അവസരം ലഭിക്കാതെ പോയെന്ന കാര്യം അധികൃതർ പുറത്തുവിട്ടിരുന്നില്ല. ഈ അധ്യയന വർഷം പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ 80,022 പേരാണ് ജില്ലയിൽ അപേക്ഷിച്ചത്. സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷകരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടായി.
പുതിയ കണക്ക് പ്രകാരം ആകെ പ്രവേശനം നേടിയ 57,991 പേർ ഒഴിച്ച് ബാക്കി വിദ്യാർഥികൾ പണം മുടക്കി സ്വകാര്യ മേഖലയിലോ മറ്റ് മേഖലകളിലേക്കോ ചുവട് മാറിയിരിക്കുകയാണ്. ഇക്കാര്യം എസ്.എസ്.എൽ.സി ഫലം പുറത്തുവന്ന സമയത്ത് തന്നെ ജില്ലയിലെ ജനപ്രതിനിധികളും വിദ്യാർഥി-യുവജന സംഘടനകകളും ഉയർത്തിക്കാട്ടിയിരുന്നു. വിഷയത്തിൽ കൃത്യമായ നടപടിയുണ്ടാകുമെന്നും എല്ലാവർക്കും പഠിക്കാൻ അവസരമൊരുക്കുമെന്നും വകുപ്പ് അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ജില്ലയിൽ എസ്.എസ്.എൽ.സിയിൽ 78,159 പേരാണ് ആകെ തുടർപഠനത്തിന് അർഹത നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.