ദൂരപരിധി കടലാസിൽ മാത്രം; പൊന്നാനി തുറമുഖ മണലെടുപ്പിന്റെ പേരിൽ മണൽ വാരുന്നത് ഭാരതപ്പുഴയോരത്തുനിന്ന്
text_fieldsപൊന്നാനിയിൽ ഭാരതപ്പുഴയോരത്തെ മണൽ വാരൽ
പൊന്നാനി: തുറമുഖമണലെടുപ്പിന്റെ പേരിൽ മണൽ വാരുന്നത് ഭാരതപ്പുഴയുടെ കരയിൽ നിന്ന്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാർ. പൊന്നാനി തുറമുഖ വകുപ്പിന്റെ അനുമതിയോടെയാണ് കുറ്റിപ്പുറത്തെ സ്വകാര്യ പ്ലാന്റിനായി ഭാരതപ്പുഴയെ നശിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്തുവരുന്നത്.
കപ്പൽച്ചാലിന്റെ ആഴം കൂട്ടാനെന്ന പേരിലാണ് നിരവധി വർഷങ്ങളായി അനധികൃതമായി മണലെടുക്കുന്നത്. മണൽ വാരുന്നതിന് ദൂരപരിധി നിശ്ചയിക്കാൻ പുഴയിൽ അടയാളം സ്ഥാപിക്കണമെന്ന റവന്യൂ വകുപ്പിന്റെ ആവശ്യം അംഗീകരിക്കാതെയാണ് സ്വകാര്യ പ്ലാന്റിനായി തുറമുഖ വകുപ്പ് നിയമലംഘനം നടത്തിവരുന്നത്. ഇതുകാരണം പുഴയോര ഭിത്തിയുടെ പല ഭാഗങ്ങളും ഇടിഞ്ഞു താഴുകയും കിണറുകളിൽ ഉപ്പുവെള്ളം കയറുകയും ചെയ്യുന്നതായി നാട്ടുകാർ അധികൃതരോട് പരാതിപ്പെടുകയും ചെയ്തിരുന്നു.
രാവിലെ മുതൽ നിരവധി തോണികളുമായെത്തി തൊഴിലാളികൾ മണൽവാരും. ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ മത്സ്യബന്ധനം തടസ്സപ്പെടുത്തുന്ന രീതിയിലാണ് മണലെടുപ്പ് നടത്തുന്നത്. കപ്പൽച്ചാൽ ആഴം കൂട്ടുന്നതിന്റെ പേരിൽ സ്വകാര്യ സ്ഥാപനത്തിനായി ഭാരതപ്പുഴയിലെ വിലകൂടിയ മണൽ വർഷങ്ങളായി കയറ്റി പോകുന്നതിലെ അഴിമതിയെപ്പറ്റി ഉന്നതല അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊന്നാനിയിലെ അഴിമുഖത്ത് കെട്ടിക്കിടക്കുന്ന മണൽ നീക്കാൻ ആരംഭിച്ച മണലെടുപ്പാണ് ഇപ്പോൾ ഭാരതപ്പുഴയുടെ കരയിൽ നടക്കുന്നത്.
കുറ്റിക്കാട് ബലിതർപ്പണ കടവിൽനിന്നുമുൾപ്പെടെ മണലെടുപ്പ് നടക്കുന്നതും ഭീഷണിയായി മാറിയിട്ടുണ്ട്. കരയിൽനിന്ന് 500 മീറ്റർ ദൂരെ പുഴയിൽനിന്ന് മാത്രമെ മണലെടുക്കാനാവൂ എന്ന നിർദേശം നിലനിൽക്കെയാണ് കർമ്മ റോഡിനും സംരക്ഷണഭിത്തിക്കും ഭീഷണിയായി മണലെടുപ്പ് നിർബാധം തുടരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.