ഓർമകളിൽ ഒ.സി; കൊളംബോ ഹോട്ടലിലെ ചർച്ചകളുടെ ഓർമകളിൽ സി. ഹരിദാസ്
text_fieldsമലപ്പുറം: അറുപതുകളുടെ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് കാമ്പസ്. എ.കെ. ആന്റണിയും വയലാർ രവിയും മഹാരാജാസിലുണ്ട്. കെ.എസ്.യുവിന്റെ സുവർണ കാലം.
ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകളിലേക്ക് കോട്ടയത്ത് പഠിക്കുന്ന, മിടുക്കനും ഊർജസ്വലനുമായ ഒരു ചെറുപ്പക്കാരൻ വാരാന്ത്യത്തിൽ മഹാരാജാസിൽ എത്തുമായിരുന്നു. പേര് ഉമ്മൻ ചാണ്ടി, അന്ന് അദ്ദേഹത്തിന് വയസ്സ് 19. നീണ്ട കൂടിയാലോചനകൾക്കുശേഷം തൊട്ടടുത്തുള്ള കൊളംബോ ഹോട്ടലിൽ പോയി പൊറോട്ടയും കോഴിക്കറിയും കഴിച്ചു പിരിയും.
കേരളത്തിൽ കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും ശക്തമായ അടിത്തറയിട്ട രാഷ്ട്രീയ മുന്നേറ്റത്തിന്റെ തുടക്കം മഹാരാജാസിലെ നിരന്തരമായ കൂടിച്ചേരലുകളിലൂടെ ആയിരുന്നുവെന്ന് അന്ന് മഹാരാജാസ് വിദ്യാർഥിയായിരുന്ന മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി. ഹരിദാസ് ഓർക്കുന്നു. ഓടിനടന്ന് പ്രവർത്തിക്കുന്ന ശീലം ഉമ്മൻ ചാണ്ടിക്ക് അന്നേയുണ്ട്.
യാത്ര സൗകര്യങ്ങൾ കുറവായ അക്കാലത്ത് ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പത്രക്കടലാസ് വിരിച്ചായിരുന്നു കിടത്തം. യൂത്ത് കോൺഗ്രസ് കാലഘട്ടത്തിലും ഉമ്മൻ ചാണ്ടി എന്ന നേതാവിന് വിശ്രമമില്ലായിരുന്നു.
അക്ഷീണം ഓടിനടന്ന് ഉണ്ടാക്കിയ ജനകീയതയാണ് ഉമ്മൻ ചാണ്ടിയെ കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന നേതാവായി മാറ്റിയത്. 140 നിയോജക മണ്ഡലങ്ങളിലും നേരിട്ടുവിളിക്കാൻ കഴിയുന്ന പ്രവർത്തകരുള്ള ഏക നേതാവ് ഉമ്മൻ ചാണ്ടി ആയിരിക്കും -സി. ഹരിദാസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.