ഓപറേഷൻ ആഗ്: ഗുണ്ടകൾ വലയിൽ
text_fieldsമലപ്പുറം: ഗുണ്ടകൾക്കും സാമൂഹികവിരുദ്ധരായ പ്രതികൾക്കുമെതിരായ ‘ഓപറേഷൻ ആഗി’ന്റെ ഭാഗമായി ജില്ലയിൽ വ്യാപക പൊലീസ് പരിശോധന. ശനിയാഴ്ച നടത്തിയ പ്രത്യേക പരിശോധനയിൽ 836 കേസ് രജിസ്റ്റർ ചെയ്തു. ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദേശപ്രകാരം മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജാമ്യമെടുത്ത് ഒളിവിൽ കഴിഞ്ഞ 35 പേരെ പിടികൂടി. ജാമ്യമില്ലാ വാറന്റുള്ള 80 പേരെയും വിവിധ കുറ്റകൃത്യ കേസുകളുമായി ബന്ധപ്പെട്ട് 40 പേരെയും രാത്രികാല പരിശോധനയിൽ പിടികൂടി. സാമൂഹികവിരുദ്ധരായ 122 പേരെ പരിശോധിക്കുകയും 53 പേരെ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തു.
കഞ്ചാവ് വിൽപന നടത്തിയവർക്കും ലഹരിക്കടത്തുകാർക്കുമെതിരെ 88 കേസ് രജിസ്റ്റർ ചെയ്തു. 15.15 ഗ്രാം എം.ഡി.എം.എയുമായി വഴിക്കടവിൽനിന്ന് പൂക്കോട്ടുംപാടം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അനധികൃത മദ്യവിൽപനക്കെതിരെ 103 കേസ് രജിസ്റ്റർ ചെയ്തു.
സ്ഫോടകവസ്തു നിയമപ്രകാരം ഒരുകേസും അനധികൃത മണൽക്കടത്തിനെതിരെ എട്ട് കേസും രജിസ്റ്റർ ചെയ്തു. മൂന്നക്ക നമ്പർ ചൂതാട്ടംപോലുള്ള സമാന്തര ലോട്ടറി നടത്തുന്നവർക്കെതിരെ 43 കേെസടുത്തു. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനെതിരെ 61 കേസും ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും മറ്റും വിവിധ വകുപ്പുകളിലായി 212 കേസും അനധികൃതമായി പുഴമണൽ കടത്തിയതിന് 10 കേസുകളും രജിസ്റ്റർ ചെയ്‌തു. 2895 വാഹനങ്ങൾ പരിശോധിക്കുകയും 9,80,750 രൂപ പിഴ ഈടാക്കുകയും ചെയ്‌തു. 132 ലോഡ്ജ് പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.