ഓപറേഷൻ റേഞ്ചർ: മലപ്പുറത്ത് പരിശോധനയുടെ പകൽ
text_fieldsമലപ്പുറം: സാമൂഹികവിരുദ്ധരേയും ഗുണ്ടാ സംഘങ്ങളേയും നേരിടാൻ 'ഓപറേഷൻ റേഞ്ചർ' നടപടിയുമായി പൊലീസ്. ബുധനാഴ്ച ജില്ലയിലെ വിവിധ സ്റ്റേഷനുകളുടെ കീഴിലായി നടത്തിയ പ്രത്യേക റെയ്ഡിൽ ആറുപേരെ അറസ്റ്റ് ചെയ്യുകയും നിരവധിപേരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
തൃശൂർ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിെൻറ ഭാഗമായാണ് മലപ്പുറത്തും പരിശോധനയും അറസ്റ്റും നടന്നത്. പെരുമ്പടപ്പ്, തിരൂർ എന്നിവിടങ്ങളിൽ കൊലപാതക ശ്രമങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ പിടികൂടി. കാടാമ്പുഴയിൽ അബ്കാരി കേസിലെ ഒരു പ്രതിയെയും നിലമ്പൂരിൽ ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിന് ഒരാളെയും അറസ്റ്റു ചെയ്തു.
കൂട്ടായിയിലെ മറ്റൊരു കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മൂന്ന് വാളുകൾ കണ്ടെടുത്തു. നിലമ്പൂരിൽ അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്ന് ഇരട്ടക്കുഴൽ തോക്കും കണ്ടെടുത്തതായി ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം അറിയിച്ചു.
മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങി മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അരീക്കോട് വെള്ളോട്ടുചോല കട്ടർ റഷീദ് പിടിയിലായി. പാലപ്പെട്ടി സ്വദേശി ആലുങ്ങൽ ജാബിറിനെ (32) പെരുമ്പടപ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ പാലപ്പെട്ടി എം.ഐ മദ്റസ ഗ്രൗണ്ടിൽ രണ്ട്പേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
വധശ്രമ കേസിലാണ് തിരൂർ പൊലീസ് കൂട്ടായി സ്വദേശി ഫാസിലിനെ (22) അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാത്ത ഇരട്ടക്കുഴൽ തോക്കുമായി വിജയപുരം അളക്കൽ സ്വദേശി പൂവത്തിക്കൽ ഫ്രാൻസിനെ (48) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. 31 ലിറ്റർ വിദേശമദ്യം പിടിച്ച കേസിൽ കാടാമ്പുഴ പടിഞ്ഞാറെ നിരപ്പ് വേവണ്ണ പ്രതീഷിനെയും (29) കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
താനൂരിൽ കോളിക്കാനകത്ത് ഇസ്ഹാക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം തട്ടിയ കേസിലും, താനൂരിൽ കുടുംബത്തെ ആക്രമിച്ച കേസിലുമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റവാളികളെ നിരീക്ഷിച്ച് തത്സമയ റിപ്പോർട്ട് നൽകാൻ ഇൻറലിജൻസ് പ്രവർത്തനവും കാര്യക്ഷമമാക്കിയിട്ടുണ്ട്. ആക്രമണങ്ങൾ തടയുന്നതിെൻറ ഭാഗമായി വിപുലമായ പദ്ധതികളാണ് സേന നടപ്പാക്കുന്നതെന്നും പൊലീസ് പറഞ്ഞു.
കോവിഡ് കാലം മുതലെടുത്ത് ആക്രമണങ്ങൾ നടത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യംകൂടി മുന്നിൽ കണ്ടാണ് പൊലീസ് പരിശോധനകൾ ശക്തമാക്കിയത്.
എന്താണ് ഓപറേഷൻ റേഞ്ചർ
• ഗുണ്ടാ ആക്ട് പ്രകാരം കൂടുതൽ നടപടി
• കൊടും കുറ്റവാളികൾ, മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘം എന്നിവർക്കായി പ്രത്യേക പട്ടിക
• കുറ്റവാളികളുടെ പ്രവർത്തനങ്ങളും നടപ്പാവസ്ഥയും നിരീക്ഷിച്ച് തത്സമയ റിപ്പോർട്ട് നൽകാൻ ഇൻറലിജൻസ്
• കുറ്റവാളികളുടെയും ഗുണ്ടാസംഘങ്ങളുടെയും സഞ്ചാരം നിരീക്ഷിക്കാൻ സൈബർസെൽ
• ക്രിമിനൽ നടപടിക്രമം പ്രകാരമുള്ള കരുതൽ നടപടി കർശനമാക്കും
• അന്വേഷണാവസ്ഥയിലുള്ള പ്രധാന കേസുകളിലെ മുഴുവൻ പ്രതികളുടെയും പട്ടിക തയാറാക്കും
• ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേകസംഘം
• കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകളും സാമൂഹിക വിരുദ്ധരും ജാമ്യം നേടി പുറത്തിറങ്ങുന്നതു തടയാൻ പ്രത്യേക നടപടി
• ജാമ്യലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ കോടതികളോട് അഭ്യർഥിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.