'ഓപറേഷൻ സ്ക്രീൻ': 62 വാഹനങ്ങൾക്കെതിരെ നടപടി
text_fieldsതിരൂരങ്ങാടി: വാഹനങ്ങളിലെ ഡോർ ഗ്ലാസുകളും വിൻഡ് ഷീൽഡ് ഗ്ലാസുകളും കർട്ടൻ, ഫിലിം, മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം. സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശത്തെ തുടർന്ന് നടപ്പാക്കുന്ന 'ഓപറേഷൻ സ്ക്രീൻ' പേരിലാണ് ജില്ലയിലും പരിശോധന കർശനമാക്കിയത്.
ഇത്തരം നിയമ ലംഘനങ്ങളിൽപെടുന്ന സർക്കാർ, അർധസർക്കാർ, സ്വകാര്യ വാഹനങ്ങൾക്കെതിരെയാണ് ഞായറാഴ്ച മുതൽ ശക്തമായ നിയമനടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.കെ. മുഹമ്മദ് ഷെഫീഖ്, കിഷോർ കുമാർ, എം.വി. അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ 62 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ തന്നെ ഇ-ചെലാൻ സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങൾക്ക് കേസെടുക്കാൻ കഴിയും. മുമ്പ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ ഇ-ചലാൻ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കാൻ സാധിക്കുമെന്നും എൻഫോഴ്സ്മെൻറ് കൺട്രോൾ റൂം എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീക്ക് പറഞ്ഞു.
ഗ്ലാസിൽനിന്ന് ഫിലിം, കർട്ടൻ എന്നിവ നീക്കാൻ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.