വായ്പക്ക് നഗരസഭ ഓഫിസ് സമുച്ചയം ഈടുവെക്കരുതെന്ന് പ്രതിപക്ഷം
text_fieldsപെരിന്തൽമണ്ണ: നഗരസഭയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നഗരസഭയുടെ ഒാഫിസ് സമുച്ചയവും പണയംവെക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു. നഗരസഭ ഒാഫിസ് സമുച്ചയവും മനഴി ബസ് സ്റ്റാൻഡ് കോംപ്ലക്സും ഉൾപ്പെടുന്ന രണ്ടേക്കർ (81 ആർ) ഭൂമി കേരള ബാങ്കിന്‍റെ മലപ്പുറം ശാഖയിൽ പണയംവെച്ച് 20 കോടിയെങ്കിലും വാങ്ങാനാണ് തീരുമാനം. നാലു വർഷത്തോളമായി ഹഡ്കോയിൽനിന്ന് 20 കോടി രൂപ വായ്പ തേടി നടപടി തുടങ്ങിയെങ്കിലും ഈട് വെക്കുന്ന നഗരസഭയുടെ മാർക്കറ്റ് ഭൂമിയുടെ ആധാരമില്ലാത്തതിനാൽ വൻ ബാധ്യതയാണ് വരുക. ഭൂമിക്ക് രേഖ തരപ്പെടുത്താൻ സർക്കാർതലത്തിൽ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ലഭിച്ചില്ല.
ഇത് പുതിയ വായ്പയല്ലെന്നും നേരത്തേ ശ്രമിച്ചുവന്ന ഹഡ്കോ വായ്പ വലിയ സാമ്പത്തികനഷ്ടം വരുത്തുമെന്നതിനാൽ ഒഴിവാക്കി മറ്റൊരു ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുക്കുകയാണെന്നും നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു. അതേസമയം, ഒരു വായ്പകൊണ്ട് തീരുന്നതല്ല നഗരസഭ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെന്നും കരാറുകാർക്ക് മാത്രം 35 കോടിയോളം നൽകാനുണ്ടെന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പ ഇതിന് പുറമെയാണെന്നും യോഗത്തിൽ പച്ചീരി ഫാറൂഖ് പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിനെ സഹായിച്ചതുപോലെ സി.പി.എം ഭരിക്കുന്ന പെരിന്തൽമണ്ണ നഗരസഭക്ക് ഈ പ്രതിസന്ധി മറികടക്കാൻ ഇടത് സർക്കാറിൽനിന്ന് പ്രത്യേക സഹായം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും ഒാഫിസ് സമുച്ചയം ഈടുവെച്ച് വായ്പയെടുക്കാൻ തങ്ങൾ 14 അംഗങ്ങളും വിയോജിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായ്പക്ക് നഗരസഭ ഓഫിസ് സമുച്ചയം
പെരിന്തൽമണ്ണ: നഗരസഭയിൽ വലിയ സാമ്പത്തിക ചെലവുള്ള പദ്ധതികൾക്കായി ഹഡ്കോയിൽനിന്ന് 20 കോടി രൂപ വായ്പയിൽ 15.25 കോടികൂടി വാങ്ങിയെടുക്കാനുള്ള ശ്രമം നഗരസഭ ഉപേക്ഷിച്ചു. എരവിമംഗലത്തെ മാലിന്യ പ്ലാന്റ് നിൽക്കുന്ന 13.25 ഏക്കർ ഭൂമിയും ടൗണിലെ മാർക്കറ്റ് ഭൂമിയും ഈടുവെക്കാനായിരുന്നു തീരുമാനം. മാർക്കറ്റ് ഭൂമിക്ക് രേഖയില്ലാത്തതിനാൽ പണയാധാരപ്രകാരം ഈടുനൽകാൻ വലിയ സാമ്പത്തിക ചെലവു വരുമെന്നതിനാൽ പല വഴികളും നോക്കി നടക്കാതെ വന്നതോടെയാണ് ശ്രമം ഉപേക്ഷിക്കുന്നത്. 20 കോടിയിൽ 4.75 കോടി ലഭിച്ചിട്ടുണ്ട്. 39.64 കോടി ചെലവുള്ള ഇൻഡോർ മാർക്കറ്റിൽ ഇനിയും പണി പൂർത്തിയാവാനും ചെയ്ത പണിക്ക് 11 കോടിയോളം നൽകാനുമുണ്ട്.
ഏഴു കോടി ചെലവുള്ള ടൗൺഹാളിന് നാലു കോടിയുടെ പണി കഴിഞ്ഞു. ഇതിൽ ചെയ്ത പണിക്ക് 1.85 കോടി നൽകാനുണ്ട്. ആയുർവേദ ആശുപത്രിക്ക് അഞ്ചു കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാർ ഏജൻസിയെ ഏൽപിച്ചിട്ടേയുള്ളൂ. പദ്ധതികൾ പൂർത്തിയാക്കുന്നതിനപ്പുറം കരാറുകാർക്ക് കുടിശ്ശിക നൽകാനാണ് ഇപ്പോൾ പണം വേണ്ടത്. അതിനിടെ, കരാറുകാർ നിയമനടപടിയുമായി മുന്നോട്ടു പോവുന്നതും പ്രതിസന്ധിയാണ്. പുതിയ നഗരസഭ ഒാഫിസിൽ കൗൺസിൽ ഹാൾ ഫ്ലോറിങ് നടത്തിയതിന് 4.98 ലക്ഷവും സ്റ്റോർ റൂം പണിതതിന് 4.9 ലക്ഷവും അടക്കം 9.89 ലക്ഷം കിട്ടാൻ കരാറുകാരൻ കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിച്ചു. ഇതേ കരാറുകാരന്റെ 2021 ലെ 15 പ്രവൃത്തികൾക്ക് 46.42 ലക്ഷംകൂടി നൽകാനുണ്ട്. പകുതി മൂന്നുമാസത്തിനകവും ബാക്കി അടുത്ത മൂന്നു മാസത്തിനകവും നൽകാനാണ് കോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.