വാഹനം മോഡല്‍ മാറി നല്കി; ഉടമക്ക് 5.60 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി
text_fieldsമലപ്പുറം: സ്വകാര്യ കമ്പനി വാഹനം മോഡല്‍ മാറി നല്‍കിയെന്ന പരാതിയില്‍ വാഹന ഉടമക്ക് 5.60 ലക്ഷം നഷ്ടപരിഹാരം നല്കാന് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് വിധിച്ചു.
മഞ്ചേരി തുറക്കലെ പൂളക്കുന്നന്‍ മുഹമ്മദ് റിയാസിന്റെ പരാതിയില്‍ ജില്ല ഉപഭോക്തൃ കമീഷന് 4,40,000 രൂപ ഹരജിക്കാരന് നല്‍കാനും എതിർകക്ഷി ബോധപൂര്‍വം കാലവിളംബരം വരുത്തിയതിനാൽ 1,00,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരുമാസത്തിനകം നല്‍കാനുമാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന് അംഗവുമായ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷൻ ഉത്തരവ്.
ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിധി സംഖ്യക്ക് ഒമ്പത് ശതമാനം പലിശ നല്‍കണം. 2014 ജനുവരിയിലാണ് മാരുതി എര്‍ട്ടിഗ 2013 മോഡല്‍ കാര്‍ വാങ്ങിയതെന്നും 20 ദിവസം കഴിഞ്ഞ് സർവിസ് ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ വാഹനത്തിന്റെ ഗ്ലാസുകളില്‍ 2012 എന്ന് എഴുതി കണ്ടതെന്നും തുടര്‍ന്ന് വാഹനം മാറ്റി തരാന്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി വിസമ്മതിച്ചെന്നുമായിരുന്നു പരാതി.
തുടര്‍ന്ന് ജില്ല ഉപഭോക്തൃ ഫോറത്തില്‍ പരാതി ബോധിപ്പിച്ച് അനുകൂല വിധി നേടിയെങ്കിലും എതിർകക്ഷിയായ മാരുതി കമ്പനി സംസ്ഥാന ഉപഭോക്തൃ കമീഷനില്‍നിന്ന് പുനര്‍വിചാരണക്ക് ഉത്തരവ് സമ്പാദിച്ചു.
തുടര്‍ വിചാരണ വേളയില്‍ കമ്പനി പ്രതിനിധികള്‍ കമീഷനില്‍ ഹാജരായില്ല. അതിനിടെ പരാതിക്കാരന് 2014ല്‍ വാങ്ങിയ വാഹനം വിൽപന നടത്തിയിരുന്നു. ഇതോടെ 2021 മോഡല്‍ കാര്‍ വാങ്ങുന്നതിനുള്ള തുക കണക്കാക്കി ജില്ല ഉപഭോക്തൃ കമീഷന് ഹരജിക്കാരന് നഷ്ടപരിഹാര തുക നല്കാന് വിധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.