അവർ അനാഥരല്ല, സഹായമൊരുക്കാൻ നാടൊന്നിച്ചു
text_fieldsകാടാമ്പുഴ: അവര്‍ അനാഥരല്ല, വല്യുപ്പയുടെ തണലില്‍ കഴിയുന്ന അഞ്ച് പെണ്‍കുട്ടികള്‍ക്കൊപ്പം ഇനിയൊരു നാടുണ്ട്. ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്ന് കാടാമ്പുഴ ചിത്രംപള്ളിയിലെ നടുവക്കാട് ബീരാന് കുട്ടിയുടെ പേരക്കുട്ടികള്‍ക്ക് സഹായമൊരുക്കാൻ നാടൊന്നിച്ചു. എണ്‍പതിനോടടുത്ത് പ്രായമുള്ള ബീരാന്‍കുട്ടിയുടെയും ഭാര്യ ഫാത്തിമയുടേയും തണലിലാണ് കുട്ടികൾ കഴിയുന്നത്.
ഇവരുടെ സ്വന്തം വീട് ജപ്തിഭീഷണി നേരിടുകയാണ്. പഞ്ചായത്ത് പ്രസിഡൻറ് വി. മധുസൂദനന്, ജീവകാരുണ്യപ്രവര്‍ത്തകൻ നാസര്‍ മാനു, എ.പി. മൊയ്തീന് കുട്ടി മാസ്റ്റര്‍, അഡ്വ. ജാബിര്‍ എന്നിവർ മുഖ്യരക്ഷാധികാരികളായി സഹായ സമിതി രൂപവത്കരിച്ചു. വി.കെ. ഷഫീഖ് ചെയര്‍മാനും കെ. ബീരാൻ ട്രഷററുമാണ്. മൂന്ന് വര്‍ഷം മുമ്പാണ് കുട്ടികളുടെ മാതാവ് റസീന അര്‍ബുദം പിടിപെട്ട് മരിച്ചത്.
പിന്നാലെ രോഗങ്ങളുടെ പിടിയിലായ പിതാവ് യൂസഫ് എട്ട് മാസം മുമ്പ് യാത്രയായി. തിരൂരങ്ങാടിയിലെ ഓര്‍ഫനേജില്‍ താമസിച്ച് പഠിക്കുകയാണ് ജിഷ്മ (15), ജിസ്രിയ (12), ജന (10), ജലീസ (ഏഴ്). അഞ്ചു വയസ്സുകാരിയായ ജഫ്ന ഇത്തവണ സമീപത്തെ സ്കൂളില്‍ ഒന്നാംതരത്തിലാണ്. ജില്ല പഞ്ചായത്തംഗം ടി.കെ. റഷീദലി, കെ.സി. കുഞ്ഞുട്ടി, സി. അബ്ദുറഹ്മാന്, പി. ഹമീദ്, പി. ഷാഫി, എന്‍. അബൂബക്കര്‍ എന്നിവരും കുട്ടികളുടെ വീട്ടിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.