അംഗൻവാടി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം: തുക അനുവദിച്ച് ഉത്തരവ്
text_fieldsമലപ്പുറം: അംഗൻവാടി ജീവനക്കാരുടെ മുടങ്ങിയ ശമ്പളവിഹിതം ഉടൻ നൽകാൻ ഉത്തരവ്. വിവിധ കാരണങ്ങളാൽ ഫെബ്രുവരിയിലെ ശമ്പളം മുഴുവനായും വിതരണം ചെയ്തിരുന്നില്ല. സംസ്ഥാന-തദ്ദേശ വകുപ്പുകളുടെ വിഹിതം നൽകിയെങ്കിലും കേന്ദ്രം അനുവദിച്ച വിഹിതം കൈമാറാത്തതാണ് ഭാഗികമായി മുടങ്ങാൻ കാരണമായത്. ശമ്പള വിതരണത്തിന് ധനവകുപ്പിൽനിന്ന് തുക അനുവദിച്ച് വിനിയോഗത്തിനുള്ള അനുമതിക്ക് കാത്തിരിക്കുകയായിരുന്നു. ഇതിനായി വനിത ശിശുവികസന വകുപ്പ് ധനവകുപ്പിനെ സമീപിച്ചെങ്കിലും തീരുമാനമാകാതിരുന്നതിനാലാണ് ശമ്പള വിതരണം തടസ്സപ്പെട്ടതെന്നായിരുന്നു വിവരം.
ജീവനക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി 'മാധ്യമം' കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത നൽകിയിരുന്നു. ജീവനക്കാരും ജനപ്രതിനിധികളും കടുത്ത പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. ഇതോടെയാണ് മുടങ്ങിയ ശമ്പളം ഉടൻ നൽകാൻ തുക അനുവദിച്ചത്. ബുധനാഴ്ചയാണ് വനിത ശിശുവികസന ഡയറക്ടറേറ്റിൽ നിന്ന് ഓണറേറിയം തുക അനുവദിച്ചതായി ഉത്തരവ് വന്നത്. അംഗൻവാടി ജീവനക്കാരുടെ കേന്ദ്ര വിഹിത ഓണറേറിയം ട്രഷറിയിൽനിന്ന് മാറാൻ ബജറ്റിലെ നീക്കിവെപ്പ് അപര്യാപ്തമായതിനാൽ തുക മാറി നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നെന്നും എന്നാൽ ശമ്പളത്തിന്‍റെ കേന്ദ്രവിഹിത തുക അനുവദിച്ചതിനാൽ 2022 ഫെബ്രുവരിയിലെ കേന്ദ്രവിഹിതം ഉടൻ ട്രഷറിയിൽനിന്ന് മാറി നൽകണമെന്നും ഉത്തരവിൽ പറയുന്നു. ശിശുവികസന പദ്ധതി ഓഫിസർമാർ, പ്രോഗ്രാം ഓഫിസർമാർ, ജില്ല വനിത-ശിശു വികസന ഓഫിസർമാർ എന്നിവർക്കെല്ലാം ഇതുസംബന്ധിച്ച് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.