തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം; രോഗികളെ പ്രവേശിപ്പിക്കുന്നില്ല
text_fieldsതിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം. കിടത്തിചികിത്സക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചു. വാക്സിൻ തീർന്നതോടെ വാക്സിൻ നൽകുന്നതും നിർത്തിവെച്ചു. കോവിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാവാത്തതിനാൽ ആൻറിജൻ ടെസ്റ്റും ആർ.ടി.പി.സി.ആർ ടെസ്റ്റും ശനിയാഴ്ച മുതൽ പൂർണമായും നിർത്തി വെച്ചു.
നിലവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിൽ മൂന്നും രണ്ടും നിലയിലായി 72 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതിൽ മൂന്നാം നിലയിലെ 42 ബെഡോട് കൂടിയ കിടത്തി ചികിത്സ മാത്രമാണ് ആരംഭിച്ചത്. ഇത് പൂർണമായും സെട്രലൈസ്ഡ് ഓക്സിജൻ സിസ്റ്റത്തിലാണ് പ്രവർത്തനം.
എട്ട് വലിയ സിലിണ്ടറിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. ഇതുവെച്ചാണ് മുന്നോട്ട് പോകുന്നത്. നിലവിൽ 39 രോഗികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്. കഴിയുന്ന ഓരോ സിലിണ്ടറും മണിക്കൂറുകളോളം ക്യൂ നിന്നാണ് നിറച്ച് കിട്ടുന്നത്. കോഴിക്കോട് ആസ്ഥാന മായ കമ്പനിയാണ് താലൂക്ക് ആശുപത്രി ഓക്സിജൻ നിറക്കുന്നതിന് ടെൻഡർ എടുത്തിട്ടുള്ളത്. കമ്പനിയുടെ കയ്യിലും എക്സ്ട്ര സിലിണ്ടറില്ല. അതിനാൽ കോഴിക്കോട് നിന്നെത്തി കാലിയായ സിലിണ്ടർ നിറച്ച് തിരിച്ച് ഹോസ്പിറ്റലിൽ എത്തിക്കുകയാണ് പതിവ്.
രോഗികൾ 39 ആയതോടെ 8 സിലിണ്ടറും പ്രവർത്തിക്കുകയാണ്. ഒന്ന് കഴിഞ്ഞാൽ നിറക്കുകയാണ് ഇപ്പോൾ. കോഴിക്കോട് നിന്നെത്താൻ സമയമെടുക്കുന്നതിനാൽ ജില്ല കലക്ടർ ഇടപെട്ട് ചേളാരി പ്ലാൻറിൽ നിന്ന് നിറക്കാൻ സൗകര്യം ചെയ്ത്നൽകി. ഇതോടെ ഓരോന്ന് തീരുമ്പോൾ നീണ്ട ക്യൂ നിന്നാണ് ചേളാരിയിൽ നിന്ന് നിലവിൽ താലൂക്ക് ആശുപത്രിഓക്സിജൻ നിറക്കുന്നത്. 30 സിലിണ്ടർ ലഭ്യമായാൽ കോവിഡ് സെൻ്ററിലെ 72 കിടത്തി ചികിത്സയും പൂർണമായും തുടങ്ങാം എന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിലെ 8 സിലിണ്ടർ ഓക്സിജൻ തന്നെ 39 രോഗികൾക്ക് തികയാതെ വരുന്നതിനാലാണ് പുതിയ കിടത്തി ചികിത്സ നിർത്തി വെച്ചിരിക്കുന്നത്. കൂടുതൽ സിലിണ്ടർ ലഭ്യമാക്കാൻ ഊർജിത ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.