തെരഞ്ഞെടുപ്പ് വരും പോവും; കൊറോണ ചിലപ്പോൾ കൊണ്ടേ പോവൂ
text_fieldsമലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഹ്രസ്വചിത്രം വൈറൽ. ജില്ല ഇഫര്‍മേഷന്‍ ഓഫിസാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. മുളങ്കുറ്റി പഞ്ചായത്തിലെ വട്ടവട ഡിവിഷന് എന്ന സാങ്കൽപിക ഭൂമികയാണ് പശ്ചാത്തലം. വോട്ട് ചോദിക്കാനെത്തുന്ന ഡേവിഡേട്ടനോടും സംഘത്തോടും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാന്‍ യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് അവതരണം.
തെരഞ്ഞെടുപ്പ് പോസിറ്റിവാകട്ടെ, കോവിഡ് നെഗറ്റിവും എന്നതാണ് സന്ദേശത്തിെൻറ കാതല്‍. നാട് മുഴുവന്‍ കൊറോണപ്പേടിയിലാണ്. അട്ടക്കണ്ടി ഡേവിഡും കൂട്ടരും വോട്ട് നേടാനുള്ള തിരക്കിലും. വോട്ട് തേടി വരുന്നവര്‍ക്ക് പ്രവേശനമില്ല എന്നെഴുതിവെച്ച ബോര്‍ഡിന് മുന്നില്‍ ഡേവിഡും കൂട്ടരും പകച്ചുനില്‍ക്കുന്നു. വൃക്കരോഗിയുടെ വീടിനുമുന്നിലാണ് മുന്നറിയിപ്പ് ബോര്‍ഡ്. സ്ഥാനാര്‍ഥിയും കൂട്ടരും ജാള്യതയോടെ തിരിച്ചുനടക്കുന്നു. അനുവദനീയമായതില്‍ കൂടുതല്‍ ആളുകളുണ്ട് സംഘത്തില്‍. സാനിറ്റൈസറുണ്ടോ എന്നാണ് മറ്റൊരു വീട്ടില്‍നിന്ന് പ്രായമായ സ്ത്രീയുടെ ആദ്യത്തെ ചോദ്യം. 'സ്ഥാനാര്‍ഥികള്‍ വരുകയും പോകുകയും ചെയ്യും. ചിലര്‍ ജയിക്കും മറ്റ് ചിലര്‍ തോല്‍ക്കും. കൊറോണ വന്നാല്‍ ചിലരങ്ങ് പോകും. തിരിച്ചുവരാത്ത പോക്ക്'-സ്ത്രീയുടെ പ്രതികരണം അവിടെ തീരുന്നില്ല. കുട്ടിയെ എടുത്ത് ലാളിക്കാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ഥിക്ക് നേരെ നെല്ല് ചേറിക്കൊണ്ടിരുന്ന മുറം വലിച്ചെറിയുക കൂടി ചെയ്താണ് അവരുടെ പ്രതിഷേധം പൂര്‍ണമാകുന്നത്. ഒപ്പം സാനിറ്റൈസറിെൻറ പെരുമഴയും പാട്ടും നൃത്തവും. തെരഞ്ഞെടുപ്പിെൻറ എല്ലാ ഘട്ടങ്ങളിലും കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുക എന്ന ബോധവത്കരണത്തോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.
പബ്ലിക് റിലേഷന്‍സ് വകുപ്പിെൻറ പതിവ് ബോധവത്കരണ വിഡിയോകളില്‍നിന്ന് വ്യത്യസ്തമാണിത്. നര്‍മമാണ് മറ്റൊരാകര്‍ഷണം. സംസ്ഥാന സർക്കാറിെൻറ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ബനാന സ്റ്റോറീസിെൻറ സഹകരണത്തോടെയാണ് ഹ്രസ്വചിത്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.