കടലോളം സ്വപ്നങ്ങളുമായി ഗോവയിൽ കേരളത്തെ നയിച്ച താനൂരുകാരൻ
text_fieldsമഞ്ചേരി: സീനിയർ ചാമ്പ്യൻഷിപ് കളിച്ച ശേഷം ജില്ലക്ക് വേണ്ടി പന്തുതട്ടിയ താരമാണ് മുൻ കേരള ടീം ക്യാപ്റ്റൻ പി. ഉസ്മാൻ. സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി തലത്തിലോ ഒന്നും ബൂട്ടുകെട്ടാതെ തന്നെ ഉയരങ്ങൾ കീഴടക്കിയ താരം. താനൂരിൽനിന്ന് കടലോളം സ്വപ്നങ്ങളുമായി പന്തുമായി കുതിച്ച് കേരള ടീം നായകപദവിയിലേക്ക് വരെ എത്തി ആ മുന്നേറ്റം. തിരൂർ ബ്രദേഴ്സ് ക്ലബിലൂടെയായിരുന്നു തുടക്കം. പിന്നീട് മലബാർ യുനൈറ്റഡ്, എസ്.ബി.ടി ക്ലബുകൾക്ക് വേണ്ടിയും മികച്ച പ്രകടനം നടത്തി.
2011ൽ അസമിലെ ഗുവാഹത്തിയിൽ നടന്ന സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി ബുട്ടുകെട്ടിയത്. പിന്നീട് തുടർച്ചായി നാല് വർഷം കേരളത്തിന് വേണ്ടി പന്തുതട്ടി. 2012ൽ ഒഡിഷയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നാല് ഗോളടിച്ച് വരവറിയിച്ചു. തൊട്ടടുത്ത വർഷം കൊച്ചിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ എത്തിയെങ്കിലും ഷൂട്ടൗട്ടിൽ സർവിസസിനോട് പരാജയപ്പെട്ടു.
മുഴുവൻ സമയത്തും ഇരുടീമുകളും ഗോളുകളൊന്നും അടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കേരളത്തിനായി സെമിയിലും ക്വാർട്ടറിലും ഉസ്മാൻ ഗോൾ നേടിയിരുന്നു. 2014ലും അഞ്ച് ഗോൾ അടിച്ച് മികച്ച പ്രകടനം നടത്തി. പിന്നീട് പരിക്ക് മൂലം അവസരങ്ങൾ നഷ്ടപ്പെട്ടു. തിരിച്ചുവരവ് കേരളത്തിെൻറ ക്യാപ്റ്റനായിട്ടായിരുന്നു. 2017ൽ ഗോവയിൽ സഹൽ അബ്ദുസ്സമദ്, ജോബി ജസ്റ്റിൻ തുടങ്ങിയ താരങ്ങൾ അണിനിരന്നെങ്കിലും സെമിയിൽ ആതിഥേയരോട് പോരാട്ടം അവസാനിച്ചു. ക്യാപ്റ്റനായി ഇറങ്ങിയ സീസണിലും നാല് ഗോൾ നേടി വ്യക്തിഗത മികവ് ആവർത്തിച്ചു. മുന്നേറ്റ നിരയിൽ എന്നും കേരളത്തിെൻറ വിശ്വസ്തനായിരുന്നു ഉസ്മാൻ. അഞ്ച് ചാമ്പ്യൻഷിപ്പുകളിലായി 15 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
2012ൽ മലപ്പുറത്തിന് വേണ്ടി സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത് കപ്പടിച്ചു. ചാമ്പ്യൻഷിപ്പിലെ മികച്ച താരമായും ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. 2017ൽ കേരള ഫുട്ബാൾ അസോസിയേഷൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ മികച്ച ഫുട്ബാൾ താരം പുരസ്കാരവും ഈ താനൂർ കണ്ണന്തളി സ്വദേശിയെ തേടിയെത്തി. സന്തോഷ് ട്രോഫിക്ക് സ്വന്തം ജില്ല വേദിയാകുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും ജില്ലയിൽ ആവേശം ഇരട്ടിയാകുമെന്നും താരം 'മാധ്യമ'ത്തോട് പറഞ്ഞു. സ്വന്തം നാട്ടിൽ കളിക്കുക എന്നത് ഭാഗ്യമാണ്. എല്ലാവരും ഉറ്റുനോക്കുന്ന ചാമ്പ്യൻഷിപ്പായിരിക്കും ഇവിടെ നടക്കുകയെന്നും മുൻ ക്യാപ്റ്റൻ പറഞ്ഞു. എസ്.ബി.ഐ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഹെഡ് ക്യാഷറായി ജോലി ചെയ്തുവരുകയാണ്. ഭാര്യ: ജാസിറ. ജന്ന ഫാത്തിമ ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.