ചെമ്മാട്ട് വൻതോതിൽ വയൽ നികത്തുന്നു
text_fieldsതിരൂരങ്ങാടി: ചെമ്മാട്ടെ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടാവശിഷ്ടങ്ങളുടെ മറവിൽ മണ്ണ് കൊണ്ടുപോയി ഭൂമി തരം മാറ്റുന്നതായി പരാതി.
നഗരസഭക്ക് വിവിധ വികസന പ്രവർത്തനങ്ങൾക്ക് മണ്ണ് ആവശ്യമായിരിക്കെയാണ് സ്വകാര്യവ്യക്തികൾക്ക് മണ്ണ് നൽകുന്നതെന്നും ഇതിൽ വൻ അഴിമതിയുണ്ടെന്നുമാണ് ആരോപണം. വെഞ്ചാലിയിലെ നഗരസഭ മാലിന്യപ്ലാൻറ് മണ്ണിട്ട് ഉയർത്തുന്നത് പൂർണമായിട്ടില്ല. താഴ്ന്ന പ്രദേശമായതിനാൽ വെള്ളം നിറഞ്ഞ് മാലിന്യം പരിസരപ്രദേശങ്ങളിലേക്ക് ഒലിച്ചുപോകുകയാണ്.
വെഞ്ചാലിയിലെ കനാൽ മണ്ണിട്ട് തൂർത്താണ് വയൽ നികത്താൻ മണ്ണ് കൊണ്ടുപോയിരുന്നത്. കർഷകർ പരാതി നൽകിയതിനാൽ ഇറിഗേഷൻ അസി. എൻജിനീയർ നോട്ടീസ് നൽകിയതിനെ തുടർന്ന് കനാലിൽനിന്ന് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.
ഈ മണ്ണ് ഉപയോഗിച്ച് മറ്റു ഭാഗങ്ങളിൽ നികത്തൽ തുടരുന്നുണ്ട്. പ്രതിപക്ഷകക്ഷികൾ പോലും സംഭവത്തിനെതിരെ മിണ്ടുന്നില്ലെന്നാണ് ആരോപണം.
പരിശോധിക്കാനോ നിരീക്ഷിക്കാനോ ജീവനക്കാർ ഇല്ലാത്തതിനാൽ തോന്നിയത് പോലെയാണ് മണ്ണെടുത്ത് കൊണ്ടുപോകുന്നത്. 45 ദിവസം കൊണ്ട് കെട്ടിടം പൊളിച്ചുനീക്കി അവശിഷ്ടങ്ങൾ നീക്കം ചെയ്യാനായിരുന്നു കരാർ.
എന്നാൽ, പൊളിച്ചുനീക്കാൻ ഒരു വർഷത്തോളമെടുത്തത് വിവാദമായിരുന്നു. ഇതോടെ കരാറുകാരനെ മാറ്റി നഗരസഭ നേരിട്ട് ഏറ്റെടുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു.
ഓരോ വർഷവും കെട്ടിടത്തിന് ഒരു കോടി രൂപ ബജറ്റിൽ നീക്കിവെക്കാറുണ്ടെങ്കിലും തുടർനടപടികളൊന്നും ഉണ്ടാകാറില്ല.
ബഹുനില കെട്ടിടത്തിന് ഒരുകോടി രൂപ ഉപയോഗിച്ചുള്ള ആദ്യഘട്ട പ്രവൃത്തിയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. സിഡ്കോക്കാണ് കരാർ. ഒരാഴ്ചക്കുള്ളിൽ പ്രവൃത്തി ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ തീരുമാനമെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.