സാന്ത്വന വഴിയിൽ തളരാതെ...
text_fieldsകരുതലിന്റെ തണലിൽ മേലാറ്റൂരിന് രണ്ടു പതിറ്റാണ്ടിന്റെ പെരുമ
മേലാറ്റൂർ: സാന്ത്വന പരിചരണ രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ പെരുമായുമായി മേലാറ്റൂർ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്. 2002ൽ ജനകീയ പ്രസ്ഥാനമായി തുടക്കം കുറിച്ച പാലിയേറ്റീവിന് കീഴിൽ നിലവിൽ 628 രോഗികളെയാണ് ചികിത്സിക്കുന്നത്. വീടുകളിലെത്തി പരിചരിക്കുന്ന രീതിയാണ് പ്രധാനമായും അവലംഭിക്കുന്നത്. ഇതിനായി മൂന്നു ഡോക്ടർമാരും മൂന്ന് നഴ്സുമാരും ദിവസവും കർമനിരതരാണ്.
2013 ഫെബ്രുവരിയിൽ ഡയാലിസിസ് സെന്റ്ററും ആരംഭിച്ചു. അഞ്ചു മെഷീനുമായി തുടങ്ങിയ സെന്ററിൽ ഇപ്പോൾ എട്ട് മെഷീനുണ്ട്. 14 രോഗികളെയാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്. സൗജന്യമായി തുടരുന്ന ഡയാലിസിസിന് മേൽനോട്ടം വഹിക്കാൻ നഴ്സുമാരുടെയും ഡോക്ടറുടെയും സേവനമുണ്ട്.
ദിവസവും രണ്ട് നഴ്സസ് ഹോം കെയർ യൂണിറ്റുകളും ആഴ്ചയിൽ ഒരു ഡോക്ടഴ്സ് ഹോം കെയർ, ഫിസിയോ തെറാപ്പി ഹോം കെയർ യൂനിറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ബുധനാഴ്ചകളിൽ മനോരോഗ ചികിത്സയും അനുബന്ധ കൗൺസലിംഗ് പ്രോഗ്രാകുകളും നടക്കുന്നു.
മേലാറ്റൂർ ഇർഷാദ് നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലിനിക്കിന് വരിസംഖ്യ സംവിധാനം, വ്യാപാര സ്ഥാപനങ്ങളിലെ കളക്ഷൻ ബോക്സുകൾ, റമദാൻ കളക്ഷൻ, പാലിയേറ്റീവ് ദിനങ്ങളിലും മറ്റും വിദ്യാർഥികളുടെ കളക്ഷൻ, ആഘോഷ പരിപാടികളിലെ കളക്ഷൻ നാട്ടിലെ പ്രവാസികൾ, കൂലിപ്പണിക്കാർ എന്നിവർ നൽകുന്ന സംഭവന തുടങ്ങി വ്യത്യസ്ത കോണുകളിൽ നിന്ന് ലഭിക്കുന്ന സഹായം കൊണ്ടാണ് ക്ലിനിക് പ്രവർത്തിച്ചു വരുന്നത്.
പി. അബ്ദുറസാഖ് ചെയർമാനും ടി.കെ. മുഹമ്മദ് ഹനീഫ സെക്രട്ടറിയും എ. കുഞ്ഞിമുഹമ്മദ് ട്രഷററുമായുള്ള കമ്മിറ്റിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
‘ഇല’യിൽ വിരിയുന്ന ജീവിതങ്ങൾ
കുറ്റിപ്പുറം: ‘ഇല’യിൽ വിരിയുന്ന ജീവിതങ്ങൾ അനവധിയാണ്. സമൂഹത്തില് പ്രതിസന്ധി അനുഭവിക്കുന്ന ആര്ക്കും കുറ്റിപ്പുറത്തെ ഇല ഫൗണ്ടേഷനിലേക്ക് കയറി ചെല്ലാം. മാനസിക പ്രശ്നങ്ങള്ക്കും ശാരീരിക അസ്വസ്ഥകള്ക്കുമെല്ലാം ഇവിടെ പരിഹാരമുണ്ട്. വാതിലുകളില്ലാത്തതിനാല് ഇലയുടെ സേവനങ്ങള് സാധാരണക്കാര്ക്ക് എപ്പോഴും ലഭ്യമാണ്. കഴിഞ്ഞ 25 വർഷത്തോളമായി ജാതി മത ഭേദമന്യേ അനവധി ആളുകൾക്ക് ഈ പ്രസ്ഥാനം സ്വന്തനമായി.
കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും പാലിയേറ്റീവ് പരിചരണത്തിൽ ഉൾപ്പെട്ടിട്ടുള്ള ക്യാൻസർ, കിഡ്നി, പക്ഷാഘാതം, വാർധക്യ സഹജമായ രോഗങ്ങൾ, അപകടങ്ങളിൽപ്പെട്ട് പ്രയാസമനുഭവിക്കുന്നവർ, ഫിസിയോ തെറാപ്പി ആവശ്യമുള്ളവർ തുടങ്ങി വിവിധ രോഗങ്ങളാൽ ബാധിക്കപ്പെട്ട കിടപ്പിലായ രോഗികളെ അവരുടെ വീടുകളിലെത്തി അവർക്ക് വേണ്ട ശുശ്രൂഷകളും, മരുന്നും, ഇതര സഹായങ്ങളും നൽകുന്നു.
നിലവിൽ 400 ഓളം രോഗികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റിപ്പുറം തവനൂർ പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളിലും കാലടി, ആതവനാട് പഞ്ചായത്തുകളിൽ ഭാഗികമായ ഏരിയകളിലും പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടക്കുന്നത്. കൂടാതെ 100 ഓളം സൈക്യാട്രി രോഗികൾക്കുള്ള ചികിത്സയും മരുന്നും ഡേ കെയറും നൽകുന്നുണ്ട്. ഫിസിയോ തെറാപ്പി ആവശ്യമുള്ള 50 ഓളം ആളുകൾക്ക് അവരുടെ വീടുകളിലെത്തി സേവനം നൽകുന്നു.
നിലവിൽ മൂന്ന് വാഹനങ്ങൾ ഹോം കെയറിന് വേണ്ടി നഴ്സുമാരുടെ സാന്നിധ്യത്തിൽ ദിവസേന വീടുകളിൽ എത്തുന്നു. ഇത് കൂടാതെ ഫിസി്യോതെറാപ്പിക്ക് വേണ്ടി ഒരു ഹോം കെയർ വാഹനം ദിവസേന വീട്ടുകളിൽ പോകുന്നു. ആഴ്ചയിൽ രണ്ട് ദിവസം ഡോക്ടറുടെ സേവനവും വീടുകളിലെത്തി നൽകുന്നുണ്ട്.
ഇത് കൂടാതെ സമൂഹത്തിലെ വിവിധ മേഖലകളിൽ മറ്റ് പല കാരണങ്ങളാൽ പ്രയാസമനുഭവിക്കുന്ന കൺസൾട്ടിംഗും മരുന്നും ഡേ കെയറും ആവശ്യമുള്ള സൈക്യാട്രി രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവർ എന്നിവരെ കൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുന്നത്.
മലയോരത്തെ മലയോളം കരുതൽ
കാളികാവ്: കാരുണ്യത്തിന്റെ കരുതലും കൂട്ടായ്മയുടെ വിജയവുമായി മലയോരത്തിന്റെ മാതൃകാ പ്രസ്ഥാനമായ കാളികാവ് പാലിയേറ്റിവ് അസോസിയേഷൻ 15ാം വർഷത്തിലേക്ക്.
അവശരും കിടപ്പിലായവരുമായ നിരവധി പേർക്ക് പുതുജീവൻ പകർന്ന് നൽകിയ സാന്ത്വന കേന്ദ്രമാണ് കാളികാവ് പാലിയേറ്റീവ് 2009ൽ തുടക്കം കുറിച്ച കാളികാവ് പാലിയേറ്റീവ് അസോസിയേഷന് ജില്ലയിലെ ഏറ്റവും മികച്ച കെട്ടിടവും മറ്റു ചികിത്സ സൗകര്യവും ലഭ്യമായിട്ടുണ്ട്. ശരീരം തളർന്ന ഒട്ടേറെ പേർക്ക് ക്ലിനിക്കിന് കീഴിലുള്ള ഫിസിയോ തെറാപ്പി സംവിധാനം വഴി പൂർണ ആരോഗ്യത്തിലേക്ക് നടന്നടുക്കാൻ സാധിച്ചിട്ടുണ്ട്.
കാളികാവിലെ എറമ്പത്ത് കുടുംബമാണ് സംസ്ഥാന പാതയടെ ഓരത്ത് കണ്ണായ 10 സെൻറ് സ്ഥലം സൗജന്യമായി നൽകിയത്. പ്രതിമാസം മൂന്നര ലക്ഷം രൂപയാണ് ശമ്പളവും മറ്റുമായി ചെലവുവരുന്നത്. 12 ജീവനക്കാരും അഞ്ചു ഡോക്ടർമാരും മൂന്ന് നഴ്സുമാരും ഇവിടെ സേവനം ചെയ്യുന്നുണ്ട്.
350 ലേറെ രോഗികൾ പാലിയേറ്റീവിനു കീഴിൽ ചികിത്സയിലുണ്ട്. ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും ഹോം കെയർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ജനുവരി 15 ലോക പാലിയേറ്റീവ് ദിനമാചരിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഡോക്ടർ ലത്തീഫ് പടിയത്ത് ചെയർമാനും ബാപ്പു ഡയമണ്ട് സെക്രട്ടരിയുമായുള്ള 35 അംഗ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
അശരണർക്ക് സഹായമായി വളാഞ്ചേരിയിലെ വിപ്ലവം
വളാഞ്ചേരി: കിടപ്പിലായതും അശരണരരുമായ രോഗികൾക്ക് ആശ്വാസമാണ് വളാഞ്ചേരിയിലെ പാലിയേറ്റീവ് കെയർ ക്ലിനിക്. സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ ചെയർമാനും മെഡിക്കൽ ഓഫിസർ യു. അസീസ് കൺവീനറുമായി 2001ലാണ് വളാഞ്ചേരിയിൽ പെയിൻ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ആരംഭിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടത്തി വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ചെറിയ മുറിയിൽ ആരംഭിച്ച പ്രസ്ഥാനം പത്മശ്രീ ഡോ.എം.ആർ. രാജഗോപാൽ തുടക്കം കുറിച്ചത്.
അന്ന് കുറ്റിപ്പുറം ബ്ലോക്ക് പരിധിയായിരുന്നു പ്രവർത്തനമേഖല. പിന്നീട് മൂർക്കനാട്, കൊളത്തൂർ എന്നീ പ്രദേശങ്ങളും പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, പരുതൂർ പഞ്ചായത്തുകളിലെ രോഗികൾക്കും സേവനം ചെയ്യേണ്ടി വന്നു. വാടകക്ക് വിളിച്ച വാഹനത്തിലായിരുന്നു വളണ്ടിയർമാർ രോഗികളുടെ വീടുകളിൽ എത്തിയത്. പിന്നീട് വി.കെ.എം ചാരിറ്റബിൾ സൊസൈറ്റി സ്വന്തമായി ഉപയോഗിക്കാൻ ഒരു വാഹനം കൈമാറി.
2008ൽ കുറ്റിപ്പുറം എം.എൽ.എയായിരുന്ന കെ.ടി. ജലീൽ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഹോം കെയറിനായി വാഹനം അനുവദിച്ചു. പിന്നീട് എം.പി. അബ്ദുൽ സമദ് സമദാനി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചതോടെ ആംബുലൻസും വാങ്ങി. ഇപ്പോൾ മൂന്ന് വാഹനങ്ങൾ ഉണ്ട്. കേന്ദ്ര സഹമന്ത്രിയായിരുന്ന ഇ. അഹമ്മദിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക കൊണ്ട് പി.എച്ച്.സി കോമ്പൗണ്ടിൽ 2010ൽ സ്വന്തമായ കെട്ടിടം നിർമിച്ചു.
2015ൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക കൊണ്ട് ഒന്നാം നില പൂർത്തീകരിക്കുകയും വിപുലമായ സൗകര്യങ്ങളോടെ പരിശീലന കേന്ദ്രം ആരംഭിക്കുകയും ചെയ്തു. രോഗികളുടെ ബാഹുല്യം കാരണം ഇരിമ്പിളിയം, എടയൂർ, മൂർക്കനാട്, കൊളത്തൂർ, മാറാക്കര എന്നിവിടങ്ങളിൽ പുതിയ ക്ലിനിക്കുകൾ സ്ഥാപിച്ചു.
ഇപ്പോൾ വളാഞ്ചേരി നഗരസഭയും തൊട്ടടുത്തുള്ള കുറ്റിപ്പുറം, ആതവനാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളുമാണ് പ്രവർത്തനമേഖല. മാനസിക വെല്ലുവിളികൾ നേരിടുന്നവരടക്കമുള്ള 300 ൽപരം രോഗികൾക്ക് പരിചരണവും മാനസിക സാമൂഹിക പിന്തുണയും നൽകി വരുന്നു.
കീമോ തെറപ്പി, ഡയാലിസിസ് സഹായം എന്നിവയും നൽകി വരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ഞായറാഴ്ചകളിലും, മറ്റ് അവധി ദിനങ്ങളിലും ക്ലിനിക്ക് തുറന്ന് പ്രവർത്തിക്കാറുണ്ട്. പാലിയേറ്റിവ് ദിനത്തിലും, റംസാൻ കാലത്തും ലഭിക്കുന്ന വരുമാനവും വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച പെട്ടികളിൽനിന്ന് ലഭിക്കുന്ന തുകയുമാണ് പ്രധാന വരുമാനം.
നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ചെയർമാനും പി. സൈതാലിക്കുട്ടി ഹാജി വൈ. ചെയർമാനും ഡോ.എൻ.എം. മുജീബ് റഹ്മാൻ ജന. സെക്രട്ടറിയും വി.പി.എം. സാലിഹ് വർക്കിങ് സെക്രട്ടറിയും എൻ. അബ്ദുൽ ജബ്ബാർ ട്രഷററും പി. സൈനുദ്ദീൻ വളണ്ടിയർ കോഓഡിനേറ്ററുമായ കമ്മിറ്റിയാണ് പാലിയേറ്റിവ് കെയറിനെ മുന്നോട്ട് നയിക്കുന്നത്.
പരിചരണ പാതയിൽ പതിറ്റാണ്ടായി സൈതലവിയുണ്ട്
തുവ്വൂർ: സർക്കാർ ഉദ്യോഗം കഴിഞ്ഞ് സൈതലവിയിറങ്ങിയത് വിശ്രമമറിയാത്ത സാന്ത്വന പരിചരണ വഴിയിലേക്ക്. ആറു വർഷമായി തുവ്വൂർ പാലിയേറ്റീവ് കെയറിലെ 320 ഓളം രോഗികളുടെ തണൽ മരമാണ് ഈ 63കാരൻ. തുവ്വൂർ മരുതത്തിലെ പറവെട്ടി സൈതലവി 2017ലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി സർവീസിൽനിന്ന് വിരമിച്ചത്.
2014 ൽ തുടങ്ങിയ തുവ്വൂർ പാലിയേറ്റീവ് ക്ലിനിക്കിലെ തുടക്കം മുതലുള്ള വളണ്ടിയറായിരുന്നു സൈതലവി. 2018 മുതൽ സെക്രട്ടറിയുടെ ചുമതലയേറ്റു. പിന്നീട് രാപ്പകലറിയാതെ സേവനപാതയിൽ തന്നെയായിരുന്നു. വർഷത്തിൽ 20 ലക്ഷം രൂപയാണ് കെയറിന്റെ നടത്തിപ്പ് ചെലവ്.
ഇത് സമാഹരിക്കാൻ സമയവും കാലവും നോക്കാതെ അധ്വാനിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ഇദ്ദേഹം. ഓഫീസ് സെക്രട്ടറിയായും വളണ്ടിയറായും സംഭാവന പിരിവുകാരനായും സൈതലവി പാലിയേറ്റീവ് കെയറിന്റെ മുഖമാണ്.
ശിഷ്ടകാലം രാഷ്ട്രീയ പ്രവർത്തനമായിരുന്നു ആഗ്രഹിച്ചതെങ്കിലും പഞ്ചായത്ത് സെക്രട്ടറി എന്ന നിലയിൽ ജനങ്ങളുമായുണ്ടാക്കിയ ബന്ധമാണ് ജീവകാരുണ്യ മേഖലയിലേക്ക് തിരിയാൻ പ്രേരണയായതെന്ന് സൈതലവി പറഞ്ഞു. സലീനയാണ് ഭാര്യ. നാലു മക്കളുണ്ട്.
സേവന വഴിയിൽ സാന്ത്വനവുമായി ഹസ്തം പാലിയേറ്റിവ് പന്ത്രണ്ടിെൻറ നിറവിൽ
താനൂർ: ഒരു നാടിനെയാകെ ചേർത്തുനിർത്തി സാന്ത്വന പരിചരണ രംഗത്ത് പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ് താനാളൂർ ഹസ്തം പാലിയേറ്റീവ് കെയർ.
താനാളൂർ വട്ടത്താണി റോഡിലുള്ള ഓഫിസ് കേന്ദ്രീകരിച്ച് 2008ൽ പ്രവർത്തനമാരംഭിച്ച ഹസ്തം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 2012ലാണ് പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിക്കുന്നത്. താനാളൂർ പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളായ താനൂർ മുനിസിപ്പാലിറ്റി, ഒഴൂർ, നിറമരുതൂർ പഞ്ചായത്തുകളിലേയും മുന്നൂറോളം കിടപ്പുരോഗികളെ ദിവസവും പരിചരിച്ചുവരുന്നു.
രണ്ട് ആംബുലൻസുകളുൾപ്പെടെ ഹോം കെയർ വാഹനങ്ങളും രോഗികൾക്കുള്ള ഉപകരണങ്ങളും നിരവധി രോഗികൾക്കാണ് തുണയാകുന്നത്. ഗൃഹ സന്ദർശനത്തിന് ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ സംഘത്തോടൊപ്പം നിൽക്കുന്ന സേവന സന്നദ്ധരായ ഒരു പറ്റം വളണ്ടിയർമാരാണ് പാലിയേറ്റീവ് പ്രവർത്തനങ്ങളെ സജീവമായി നിലനിർത്തുന്നത്.
പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ പ്രാദേശിക തലങ്ങളിൽ കോഓഡിനേറ്റർമാരെ ചുമതലപ്പെടുത്തിയും കൂട്ടായ്മകൾ രൂപവത്കരിച്ചും പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഹസ്തം പ്രവർത്തകർ. 11 വർഷങ്ങൾക്ക് മുമ്പ് താനാളൂരിലെ പരേതനായ സി. മൊയ്തീൻ ബാവയുടെ നേതൃത്വത്തിലാണ് ഹസ്തം ചാരിറ്റബ്ൾ ട്രസ്റ്റും പാലിയേറ്റീവ് കെയറും സ്ഥാപിതമായത്.
സ്ഥാപക ചെയർമാന്റെ മകൾ ഡോ. റംസീനയും ഭർത്താവ് ഡോ. സുനീറുമുൾപ്പെടെയുള്ള കുടുംബം എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്.
ജനകീയ കളക്ഷനിലൂടെയും ബിരിയാണി ചലഞ്ച് പോലെയുള്ള പരിപാടികളിലൂടെയും സാമ്പത്തികം കണ്ടെത്തുന്നതിന് കരുത്തേകുന്നത് ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവൻ സംഘടനകളുടെയും യുവജന കൂട്ടായ്മകളുടെയും തുറന്ന പിന്തുണയാണെന്ന് ഹസ്തം ചെയർമാൻ ടി.പി. മുഹമ്മദ് റഫീഖ് പറഞ്ഞു.
പത്ത് വർഷം പിന്നിട്ട് വെളിമുക്ക് പാലിയേറ്റിവ് സെന്റർ
തിരൂരങ്ങാടി: സാന്ത്വന പരിചരണ രംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി വെളിമുക്ക് പാലിയേറ്റിവ് സെന്റർ സേവന പാതയിൽ 10 വർഷം പിന്നിട്ടു.
വെളിമുക്കിൽ ഒരു പാലിയേറ്റിവ് യൂനിറ്റ് തുടങ്ങേണ്ടതിന്റെ ആവശ്യകത 2012ൽ റഹീസ് ഹിദായ, കോഴിക്കോട് മെഡിക്കൽ കോളജ് റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ബന്ധുവുമായ സി.പി. യൂനുസ് മാസ്റ്ററോട് പങ്കുവെച്ചു. അതനുസരിച്ച് സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായിരുന്ന അദ്ദേഹം വെളിമുക്ക് വി.ജെ.പള്ളി എ.എം.യു പി സ്കൂളിൽ റഹ്മാനിയ എൻ.എസ്.എസ് യൂനിറ്റിന്റെ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.
ഈ ക്യാമ്പിൽ പരിസരത്തെ അവശരണരായ രോഗികളുടെ സംഗമത്തിലൂടെ പ്രദേശത്ത് പാലിയേറ്റീവ് യൂനിറ്റിന്റെ ആവശ്യകത മനസ്സിലാവുകയും സെന്ററിന് ജന്മം നൽകുകയും ചെയ്തു.
കഴിഞ്ഞ 10 വർഷത്തിൽ ആയിരക്കണക്കിന് പാലിയേറ്റീവ് കുടുംബങ്ങൾക്ക് ആശ്വാസമേകി. 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ട പദ്ധതികൾ ആവിഷ്കരിച്ചു. മാത്രമല്ല ഇവർക്ക് തൊഴിൽ പരിശീലനം, വിനോദ യാത്രകൾ, ഹീലിങ് തെറാപ്പി, സിനിമ പ്രദർശനം എന്നിവയും സെന്ററിന് കീഴിൽ നടന്നുവരുന്നുണ്ട്.
ഫിസിയോ തെറപ്പി സെന്ററും ഇതിന് കീഴിൽ പ്രവർത്തിച്ചു വരുന്നു. കടവത്ത് മൊയ്തീൻകുട്ടി ചെയർമാനും സി.പി. യൂനുസ് സെക്രട്ടറിയും എം. അബ്ദുൽ മജീദ് ട്രഷററും ആയ കമ്മിറ്റിയാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.