ഒരു നോക്ക് കാണാനാകാതെ മടങ്ങിയത് ആയിരങ്ങൾ
text_fieldsമലപ്പുറം: പ്രിയ നായകനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യയാത്രാമൊഴി നൽകാനും ഒഴുകിയെത്തിയത് പതിനായിരങ്ങൾ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണവാർത്തയറിഞ്ഞയുടൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടവർ വൈകുന്നേരമായപ്പോഴേക്ക് മഹാപ്രവാഹമായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചപ്പോഴും ടൗൺഹാൾ മുറ്റത്ത് മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് സമാനമായിരുന്നു 12 വർഷത്തിന് ശേഷം മലപ്പുറത്തെ കാഴ്ചകൾ.
ഒരുക്കങ്ങൾ അതിവേഗത്തിൽ
മുതിർന്ന നേതാക്കളുടെ നിർദേശ പ്രകാരം ഉച്ചക്ക് ഒന്നരയോടെയാണ് മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയും സഹപ്രവർത്തകരും ടൗൺഹാളിൽ എത്തി ഒരുക്കങ്ങൾ തുടങ്ങുന്നത്. താമസിയാതെ പൊലീസ് സംഘവും വന്നു. വിഖായ വളൻറിയർമാരുടെ നേതൃത്വത്തിൽ മിനിറ്റുകൾക്കകം ടൗൺഹാൾ മുറ്റത്ത് പന്തലുയർന്നു. താമസിയാതെ വൈറ്റ് ഗാർഡ്, ആമില വളൻറിയർമാരും ഇവർക്കൊപ്പം ചേർന്നു. മയ്യിത്ത് നമസ്കാരത്തിന് സൗകര്യപ്പെടുന്ന തരത്തിലാണ് വലിയ പന്തലൊരുക്കിയത്. റോഡരികിൽ അംഗശുദ്ധി വരുത്താൻ താൽക്കാലിക ഹൗളുകളുമുണ്ടാക്കി. വൈകുന്നേരം മൂന്നു മണി പിന്നിട്ടതോടെ ടൗൺഹാളും പരിസരവും നിറഞ്ഞു കവിഞ്ഞു. മഞ്ചേരി റോഡിലെ ഗതാഗതവും പൊലീസ് വഴി തിരിച്ചുവിട്ടു.
നീണ്ട വരികളിൽ മണിക്കൂറുകളുടെ കാത്തുനിൽപ്പ്
മഞ്ചേരി, മലപ്പുറം റോഡുകളിലെ വരികൾ മിനിറ്റുകൾക്കകം മുണ്ടുപറമ്പ്, കോട്ടപ്പടി ഭാഗങ്ങളിലേക്ക് നീണ്ടു. എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ, പി. ഉബൈദുല്ല എം.എൽ.എ, എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയവർ മൈക്കിലൂടെ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ജനപ്രവാഹത്തെ നിയന്ത്രിക്കാൻ നേതാക്കളും വളൻറിയർമാരും പാടുപെട്ടു. മണിക്കൂറുകൾ വരി നിന്നും പ്രിയ തങ്ങളുടെ ചലനമറ്റ ശരീരം കണ്ട വേദനയിലും ടൗൺഹാൾ മുറ്റത്ത് കുഴഞ്ഞുവീണവർ നിരവധി. ഇവരെ വളൻറിയർമാർ ആംബുലൻസിൽ അതിവേഗം ആശുപത്രിയിലേക്ക് മാറ്റി.
അസ്സലാം യാ സയ്യിദീ...
പാണക്കാട്ട് കുടുംബാംഗങ്ങളെ കാണിച്ച ശേഷം വൈകുന്നേരം 6.45ഓടെയാണ് ഹൈദരലി തങ്ങളുടെ മൃതദേഹം വഹിച്ച ആംബുലൻസ് ടൗൺഹാൾ മുറ്റത്തെത്തിയത്. സഹോദരൻ സാദിഖലി ശിഹാബ് തങ്ങൾ, സഹോദരപുത്രൻ മുനവ്വറലി തങ്ങൾ തുടങ്ങിയവർ അനുഗമിച്ചിരുന്നു. മയ്യിത്ത് ആംബുലൻസിൽ നിന്നിറക്കിയപ്പോൾ പ്രാർഥനകളുയർന്നു.
ആദ്യ മയ്യിത്ത് നമസ്കാരത്തിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ നേതൃത്വം നൽകി. 20 മിനിറ്റ് ഇടവേളയിൽ പല തവണകളായി നിസ്കാരം നിർവഹിച്ചു. അസ്സലാം യാ സയ്യിദീ... എന്ന് ഉരുവിട്ട് പ്രിയ നേതാവിനെ യാത്രയാക്കാൻ പ്രാർഥനാമന്ത്രങ്ങളാൽ മുഖരിതമായ ടൗൺഹാൾ മുറ്റത്തേക്ക് രാത്രി വൈകിയും ആളുകളെത്തി. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം മുതിർന്ന നേതാക്കളും എം.പിമാരും എം.എൽ.എമാരുമെല്ലാം ഇവിടെത്തന്നെയുണ്ടായിരുന്നു.
യാത്രാമൊഴിയേകാൻ പാതിരാവിലും പ്രമുഖരുടെ നീണ്ടനിര
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് യാത്രാമൊഴി നേരാൻ പാതിരാവിലും പ്രമുഖരുടെ നീണ്ട നിര. മത -സാമുദായിക -രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ നേതാക്കൾ മലപ്പുറം ടൗൺഹാളിലെത്തി അനുശോചനം അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെ മയ്യിത്ത് മലപ്പുറം കുന്നുമ്മലിലെ ടൗൺഹാളിൽ എത്തി.
മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, എം.പിമാരായ ടി.എൻ. പ്രതാപൻ, എം.പി. രാഘവൻ, വി.കെ. ശ്രീകണ്ഠൻ, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, എൻ. ശംസുദ്ദീൻ, മുഹമ്മദ് മുഹ്സിൻ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, കെ.ടി. ജലീൽ, രാമചന്ദ്രൻ കടന്നപ്പള്ളി, പാറക്കൽ അബ്ദുല്ല, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദ്, ആര്യാടൻ ഷൗക്കത്ത്, എം. ലിജു, ബാബുരാജ്, ഡി.സി.സി മുൻ പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്, മുൻ മന്ത്രി എൻ. സൂപ്പി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, പി.കെ. ഫിറോസ്, ബിഷപ് വർഗീസ് ചക്കാലക്കൽ, പ്രഫ. എ.പി. അബ്ദുൽ വഹാബ്, കെ. മുരളീധരൻ എം.പി, മുല്ലപ്പള്ളി രാമചന്ദ്രൻ, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ, ജില്ല പ്രസിഡന്‍റ് രവി തേലത്ത്, മേഖല പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണൻ, ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബ് റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, ജില്ല പ്രസിഡന്‍റ് സലീം മമ്പാട്, ജില്ല സെക്രട്ടറി എൻ.കെ. സദ്റുദ്ദീൻ, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, വെൽഫെയർ പാർട്ടി അഖിലേന്ത്യ സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ, ജില്ല പ്രസിഡന്‍റ് നാസർ കീഴുപറമ്പ്, ട്രഷറർ മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
ഒരു നോക്ക് കാണാനാകാതെ മടങ്ങിയത് ആയിരങ്ങൾ
മലപ്പുറം: അന്തരിച്ച മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവസാനമായി ഒരു നോക്ക് കാണാനാകാതെ മടങ്ങിയത് ആയിരങ്ങൾ. മൃതദേഹം പൊതു ദർശനത്തിന് വെച്ച മലപ്പുറം ടൗൺ ഹാളിൽ നിരവധി പേരാണ് എത്തിയത്. രാത്രിയിലും പ്രിയ നേതാവിനെ അവസാനമായി കാണാൻ പ്രവർത്തകരുടെ അണ മുറിയാത്ത ഒഴുക്കായിരുന്നു. രാവിലെ വരെ മലപ്പുറം ടൗണിൽ പൊതുദർശനം ഉണ്ടാകുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ തുടർന്ന് ഖബറടക്കം അടിയന്തരമായി നടത്തുകയായിരുന്നു. ഇതോടെ മണിക്കൂറുകൾ വരി നിന്നവർ നിരാശയോടെ മടങ്ങുകയായിരുന്നു.
ഈ സമയമത്രയും കുന്നുമ്മലിൽ പ്രവർത്തകരേയും പൊതുജനങ്ങളേയും നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടിലായിരുന്നു പൊലീസും വളണ്ടിയർമാരും. ആരും പാണക്കാട്ടേക്ക് വരേണ്ടതില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ മൈക്കിലൂടെ അറിയിച്ചെങ്കിലും പലരും പാണക്കാട്ടേക്ക് തിരിച്ചു. റോഡുകൾ പൊലീസ് ബ്ലോക്ക് ചെയ്തെങ്കിലും പ്രവർത്തകർ കാൽ നടയായി എത്തി.
വാഹനത്തിൽ യാത്രതിരിച്ചവരെ വലിയങ്ങാടിയിലും ഹാജിയാർപള്ളിയിലും പൊലീസ് തടഞ്ഞു. മൃതദേഹം പാണക്കാട് വീട്ടിലെത്തിയപ്പോഴും വലിയ ജനാവലി തങ്ങളെ അവസാനമായി കാണാനുണ്ടായിരുന്നു. വീട്ടിൽ നിന്ന് മൃതദേഹം പള്ളിയിലേക്ക് എടുത്തപ്പോൾ ആയിരങ്ങളാണ് തങ്ങൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.