ഇവിടെ എല്ലാം പതിവുപോലെ
text_fieldsതദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പുതിയ ഭരണസമിതികൾ അധികാരത്തിൽ വന്നതിെൻറ ആവേശവും ആഹ്ലാദവുമാണ് എല്ലായിടത്തും. എന്നാൽ, ചിലയിടങ്ങളിൽ ഇപ്പോഴും പഴയ ഭരണസമിതിതന്നെ തുടരുന്നു. സാങ്കേതികമായി കാലാവധി തികയാത്തതാണ് കാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ വന്നെങ്കിലും കസേര കിട്ടണമെങ്കിൽ ഫെബ്രുവരി ഒന്നുവരെ കാത്തിരിക്കണം. മംഗലം, വെട്ടം, തിരുനാവായ, തൃക്കലങ്ങോട്, മക്കരപ്പറമ്പ് പഞ്ചായത്തുകളിലും തിരൂർ ബ്ലോക്കിലുമാണ് നിലവിലെ ഭരണസമിതിതന്നെ തുടരുന്നത്. അധികാരത്തിെൻറ അവസാനനാളുകളിലും സജീവമായി പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നവരുമുണ്ട് കൂട്ടത്തിൽ...
തിരുനാവായയിൽ വൈസാണ്
പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഫൈസൽ എടശ്ശേരി ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തിരുനാവായ പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് ആനി ഗോഡ് ലീഫിെൻറ േനതൃത്വത്തിൽ ഭരണസമിതി ഉഷാറാണ്. 13ാം വാർഡായ അജിതപ്പടിയിൽ ജലജീവൻ പദ്ധതിയിൽ കുടിവെള്ള കണക്ഷൻ നൽകിയത് ഇൗ ഭരണസമിതിതന്നെയാണ്. 100ലേറെ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. 11ാം വാർഡായ അഴകത്തുകളത്തിൽ ഇതേ പദ്ധതിയിൽപെടുത്തി അടുത്ത ദിവസംതന്നെ കണക്ഷൻ കൊടുക്കുമെന്നും ചുമതലയുള്ള വൈസ് പ്രസിഡൻറ് പറയുന്നു.
മക്കരപ്പറമ്പിൽ കാര്യങ്ങള്‍ മുറപോലെ
ഭരണംമാറാന് ഒരുമാസത്തെ കാലാവധിയുണ്ടെങ്കിലും മക്കരപ്പറമ്പ് പഞ്ചായത്തില്‍ കാര്യങ്ങള്‍ ഇപ്പോഴും സജീവമാണ്. രണ്ടാഴ്ചകളിലായി അംഗൻവാടികള്‍ക്ക് ടെലിവിഷന്‍ വിതരണം, അഞ്ചു ലക്ഷം രൂപ പദ്ധതിയില്‍ റോഡ് നിര്‍മാണം, മുട്ടക്കോഴി വിതരണം, വാഴക്കന്ന് വിതരണം തുടങ്ങിയവ നടന്നു. മണ്‍ചട്ടി, തൈകള്‍, വളം എന്നിവയുടെ വിതരണംപോലുള്ളവ നടക്കാനുണ്ട്. പഞ്ചായത്തിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിെൻറ നിര്‍മാണപ്രവൃത്തികളുടെ തുടക്കവും ഈ സമിതിയുടെ കാലത്തുതന്നെ ചെയ്യാനാവുമെന്ന് പ്രസിഡൻറ് കരുവള്ളി ഹബീബ പറഞ്ഞു.
മംഗലം തിരക്കിലാണ്
പുതിയ ഭരണസമിതി നിലവിൽവരാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ വിവിധ പദ്ധതിനിർവഹണവുമായി മുന്നോട്ടുപോവുകയാണ് മംഗലം ഗ്രാമപഞ്ചായത്ത്. 2020-21 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കുള്ള പോത്തുകുട്ടി വിതരണം, ഭിന്നശേഷിക്കാർക്ക് വീൽചെയർ ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങൾ വിതരണവും കഴിഞ്ഞദിവസങ്ങളിൽ നടന്നു. മുട്ടക്കോഴി വിതരണം, പച്ചക്കറി കൃഷിക്കുള്ള വിത്ത്, വളം വിതരണവും ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ഹാജറ മജീദ് പറഞ്ഞു.
വെട്ടത്തും സ്മൂത്ത്
വെട്ടം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതിയാണ് നിലവിലുള്ളത്. ഇപ്പോൾ എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. എൽ.ഡി.എഫിന് 10ഉം യു.ഡി.എഫിന് ഏഴും യു.ഡി.എഫ് വിമതർക്ക് രണ്ടും വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്രക്ക് ഒരു സീറ്റുമുണ്ട്. വിമതരെയും സ്വതന്ത്രരെയും കൂട്ടി ഭരണം നിലനിർത്താനാവുമോയെന്ന അവസാനവട്ട പരിശ്രമത്തിലാണ് യു.ഡി.എഫ്. അതൊന്നും പക്ഷേ, നിലവിലെ സമിതിയെ ബാധിച്ചിട്ടില്ല.
വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടക്കാൻപോവുകയാണിവിടെ. കമ്യൂണിറ്റി ഹാൾ, ലൈബ്രറി, വയോജനങ്ങൾക്ക് കട്ടിൽ എന്നിവ യാഥാർഥ്യമാകാൻ പോകുന്നു. ജനുവരി 15നു ശേഷം ഉദ്ഘാടനം നിർവഹിക്കുമെന്ന് പ്രസിഡൻറ് റംല നെല്ലഞ്ചേരി പറഞ്ഞു.
പദ്ധതിനിർവഹണത്തിരക്കിൽ തിരൂർ ബ്ലോക്ക്
ഇടതുമുന്നണി ഭരിക്കുന്ന തിരൂർ ബ്ലോക്കിലും പുതിയ ഭരണസമിതി ചുമതലയേറ്റിട്ടില്ല. നിലവലെ ഭരണം എൽ.ഡി.എഫിെൻറതാണ്. ഈ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് തന്നെയാണ് ഭൂരിപക്ഷം. അവസാന നാളുകളിലും പദ്ധതിനിർവഹണവുമായി ഭരണസമിതി തിരക്കിലാണ്. ഐ.സി.ഡി.എസ് അഡീഷനൽ ആലത്തിയൂരിെൻറ നിർമാണപ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപയുടെ പണി അവസാനഘട്ടത്തിലാണ്. ഉദ്ഘാടനം അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ പറഞ്ഞു. പാണപ്പടി മൈനർ കനാൽ റോഡ്, പുല്ലൂണി എസ്.സി കോളനി റോഡ്, പുറത്തൂർ സി.എച്ച്.സിയിൽ ചുറ്റുമതിൽ, പടിഞ്ഞാറേക്കര എസ്.സി കോളനിയിൽ ഡ്രെയ്നേജ്, കുറ്റൂർ ഡിവിഷനിൽ അംഗൻവാടി എന്നിവ നിലവിലെ ഭരണസമിതിതന്നെ നാടിന് സമർപ്പിക്കും. പൂഴിക്കുന്ന് ഡിവിഷനിൽ അംഗൻവാടിയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനവും അടുത്തദിവസം നടക്കും.
തൃക്കലങ്ങോട്ട് പുതിയ ഭരണസമിതി 22ന്
മറ്റു തദ്ദേശസ്ഥാപനങ്ങളിലെല്ലാം ഫെബ്രുവരി ഒന്നിനാണ് ഭരണസമിതിയുടെ കാലാവധി തീരുന്നതെങ്കിൽ തൃക്കലങ്ങോട് പഞ്ചായത്തിൽ നേരിയ വ്യത്യാസമുണ്ട്. അവിടെ ജനുവരി 22ന് തന്നെ പുതിയസമിതി വരും. കാരണം നിലവിലുള്ളവരുടെ കാലാവധി ജനുവരി 15ന് അവസാനിക്കും. എൻ.എം. കോയമാസ്റ്ററുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണസമിതിയാണ് നിലവിൽ അധികാരത്തിലുള്ളത്. പെരുമാറ്റച്ചട്ടത്തിന് ശേഷം കാര്യമായ പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ലെന്നും ദൈനംദിന കാര്യങ്ങൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്നതായും ഭരണസമിതി അറിയിച്ചു. ജനുവരി 16ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. ഇത്തവണ 15 സീറ്റ് നേടി യു.ഡി.എഫ് അധികാരം പിടിച്ചെടുത്തതാണിവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.