മലപ്പുറം നഗരപുരാണം
text_fieldsമലപ്പുറം ജില്ലയിൽ 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒമ്പത് നഗരസഭകൾ യു.ഡി.എഫിനും മൂന്നെണ്ണം എൽ.ഡി.എഫിനുമൊപ്പം നിന്നു. കഴിഞ്ഞ തവണ നഷ്ടമായവ കൂടി തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. നഗരസഭകളുടെ എണ്ണം കൂട്ടാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. പ്രചാരണത്തിെൻറ അവസാന ഘട്ടത്തിൽ 12 നഗരസഭകളുടെയും അന്തിമ ചിത്രങ്ങളിലൂടെ...
വലിയ മാറ്റമില്ലാതെ മലപ്പുറം
അരനൂറ്റാണ്ട് കടന്ന മലപ്പുറം നഗരസഭയുടെ ചരിത്രത്തിൽ രണ്ട് വർഷം പോലും ഭരണത്തിലിരിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല. മിക്കപ്പോഴും മുസ്ലിം ലീഗിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നൽകി ജില്ല ആസ്ഥാനം.
ഇക്കുറി ചില വാർഡുകളിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം വാർഡായ 38 ഭൂദാനം കോളനിയിലടക്കം വിമതഭീഷണിയിലാണ് യു.ഡി.എഫ്. യു.ഡി.എഫ് 25, എൽ.ഡി.എഫ് 15 എന്നതാണ് നിലവിലെ കക്ഷിനില. ഇക്കുറി ലീഗ് 27ഉം കോൺഗ്രസ് 13ഉം വാർഡുകളിലാണ് മത്സരിക്കുന്നത്. 19 സീറ്റിൽ പാർട്ടി ചിഹ്നമുള്ള സി.പി.എം അത്രയും സ്ഥലത്ത് സ്വതന്ത്രരെയും പരീക്ഷിക്കുന്നു. സി.പി.ഐക്ക് രണ്ട് സീറ്റാണ് നൽകിയിരിക്കുന്നത്.
ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ല. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ പിടിക്കുന്ന വോട്ടുകൾ നിർണായകമാവുമെന്നതാണ് 2015ലെ അനുഭവം. ഒരുകാര്യം ഉറപ്പ്. മലപ്പുറത്ത് ഭരണമാറ്റമുണ്ടായാൽ അത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാവും.
െകാണ്ടോട്ടിയിൽ മത്സരച്ചൂട്
മുസ്ലിം ലീഗിെൻറ കരുത്തില്‍ യു.ഡി.എഫിന് മേൽക്കോയ്മയുള്ള പടപ്പാട്ടുകളുടെ മണ്ണാണ് െകാണ്ടോട്ടി. 40 സീറ്റിൽ മത്സരം നടക്കുന്ന നഗരസഭയില്‍ ഡസനോളം വാര്‍ഡുകളില്‍ പ്രവചനങ്ങള്‍ക്കതീതമായ മത്സരച്ചൂടാണ്. പ്രമുഖരായ കോണ്‍ഗ്രസ് വിമതർ രംഗത്തുള്ളതിനാല്‍ യു.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ വിയര്‍ക്കേണ്ടിവരും.
നഗരസഭയുടെ കന്നിയങ്കമായ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എല്‍.ഡി.എഫും ചേര്‍ന്ന് രൂപപ്പെടുത്തിയ മതേതരമുന്നണിയായിരുന്നു ആദ്യ രണ്ടുവര്‍ഷം അധികാരത്തില്‍. ലീഗ് പ്രതിപക്ഷത്തും. ഐക്യം പുനഃസ്ഥാപിച്ച് ഭരണം പിന്നീട് യു.ഡി.എഫിെൻറ കൈകളിലെത്തി. ഇത്തവണ കോണ്‍ഗ്രസ് വിമതര്‍ രംഗത്തുണ്ടായതാണ് തലവേദനയുണ്ടാക്കുന്നത്.
എട്ട് വാര്‍ഡുകളില്‍ ത്രികോണ മത്സരത്തിെൻറ പ്രതീതിയാണ്. കോണ്‍ഗ്രസിലെ വിമതശല്യം അനുകൂലമാകുന്ന വിലയിരുത്തലാണ് എല്‍.ഡി.എഫിന്. എസ്.ഡി.പി.ഐയുടെ സിറ്റിങ് സീറ്റായ വാര്‍ഡ് എട്ട് വട്ടപ്പറമ്പിലും വെൽഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കുന്ന കൊണ്ടോട്ടി ടൗണ്‍ വാര്‍ഡിലും നല്ല മത്സരമുണ്ട്. മികച്ച വിജയത്തോടെ ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
തിരൂരിൽ ഇഞ്ചോടിഞ്ച്
പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ തിരൂര്‍ നഗരസഭയില്‍ യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ ആത്മവിശ്വാസത്തിൽ. 38 വാർഡുകളാണുള്ളത്. ഭരണം നിലനിര്‍ത്താനായി എല്‍.ഡി.എഫും തിരിച്ചുപിടിക്കാനായി യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഭരണം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പിെൻറ വിലയിരുത്തൽ.
എൽ.ഡി.എഫാണ് ഭരിച്ചതെങ്കിലും ലീഗായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇത്തവണ യു.ഡി.എഫ് സംവിധാനം കഴിഞ്ഞതവണത്തെക്കാൾ ഭദ്രമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയും ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ. 15 വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിന് അന്ത്യംകുറിച്ചാണ് 2015ല്‍ എല്‍.ഡി.എഫ് നഗരസഭയില്‍ അധികാരത്തിലേറിയത്.
ഭരണം നിലനിർത്താൻ എല്ലാ അടവുകളും പയറ്റി ഇടതുമുന്നണിയുമുണ്ട്. യു.ഡി.എഫില്‍ സ്വതന്ത്രരുൾപ്പെടെ മുസ്ലിം ലീഗ് 25ലും കോണ്‍ഗ്രസ് 13 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സ്വതന്ത്രരുള്‍പ്പെടെ സി.പി.എം 31 വാര്‍ഡുകളിലും സി.പി.ഐ, ഐ.എന്‍.എല്‍, എന്‍.സി.പി, ജനതാദള്‍ എന്നിവർ ബാക്കി ഏഴു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സ്വതന്ത്രരുള്‍പ്പെടെ എന്‍.ഡി.എ 19ഉം എസ്.ഡി.പി.ഐ അഞ്ചു സീറ്റിലും മത്സരരംഗത്തുണ്ട്. അവസാന മണിക്കൂറുകളിൽ കാറ്റ് ആർക്കനുകൂലമാകുമെന്നാണ് ഇനി അറിയാനുള്ളത്.
പരപ്പനങ്ങാടിയിൽ ആര് ഭൂരിപക്ഷം നേടും?
രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ലീഗ് നേതൃത്വം നൽകുന്ന യു.ഡി.എഫ് കഴിഞ്ഞ തവണ ഭരിച്ചത്. എന്നാൽ, എൽ.ഡി.എഫ് ജനകീയ മുന്നണി കഴിഞ്ഞ തവണ തീർത്ത ലീഗ് വിരുദ്ധ ഏകീകരണം ഇത്തവണയില്ല.
മുന്നണിയോടൊപ്പം നിന്ന് മത്സരിച്ച കോൺഗ്രസിലെ പ്രബല വിഭാഗവും വെൽഫെയർ പാർട്ടിയും യു.ഡി.എഫിെൻറ ഭാഗമായി. മത്സരിക്കുന്ന സീറ്റുകളിലൊഴിച്ച് പി.ഡി.പി യു.ഡി.എഫിനെ പിന്തുണക്കുന്നു. കഴിഞ്ഞ തവണ നഷ്ടമായ ഭരണം പിടിച്ചെടുക്കാൻ സർവ സന്നാഹങ്ങളുമായാണ് ഇടതു മുന്നണി ഇറങ്ങുന്നത്. നിലവിൽ നാല് സീറ്റുകളുള്ള ബി.ജെ.പിയെ പ്രതിരോധിക്കാൻ ഇരുമുന്നണികളും ശക്തമായ മത്സരം കാഴ്ചവെക്കുന്നു.
കഴിഞ്ഞ തവണത്തെ പോലെ തൂക്കുസഭയായിരിക്കില്ല എന്നാണ് വിലയിരുത്തൽ. യു.ഡി.എഫിെൻറ കണക്കുകൂട്ടലുമിതാണ്. എൽ.ഡി.എഫിനും ശുഭാപ്തിവിശ്വാസത്തിന് കുറവില്ല. കടലോര വാർഡുകളിൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എസ്.ഡി.പി.ഐ മത്സരിക്കുന്ന കരിങ്കല്ലാത്തി വാർഡിൽ ത്രികോണ മത്സരവുമുണ്ട്.
പെരിന്തൽമണ്ണയിൽ തുടർ ഭരണത്തിന് എൽ.ഡി.എഫ്
തുടർച്ചയായി ഇടതുമുന്നണി ഭരിച്ചുവരുന്ന പെരിന്തൽമണ്ണയിൽ ഇടത് വോട്ടിൽ വിള്ളലുണ്ടാക്കാനായി യു.ഡി.എഫ് ഒറ്റക്കെട്ടായി നടത്തുന്ന ശ്രമം എത്രത്തോളം വിജയം കാണുമെന്ന് ഫലത്തോടെ മാത്രമേ വ്യക്തമാവൂ. ഇരുമുന്നണികളും സർവ തന്ത്രങ്ങളും പുറത്തെടുത്ത് മൂന്നാഴ്ചയോളം നടത്തിയ പ്രചാരണ പരിപാടികളിൽ ഇടതുമുന്നണി കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ വിവിധ വികസന പദ്ധതികളാണ് ജനങ്ങളോടു വിശദീകരിച്ചത്.
വികസന പദ്ധതികളിലെ പാളിച്ചകളും പോരായ്മകളും സംസ്ഥാന രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളും യു.ഡി.എഫും നിരത്തി. പാതായ്ക്കര വില്ലേജിൽ ഇടതിനും പെരിന്തൽമണ്ണ വില്ലേജിൽ യു.ഡി.എഫിനും മേൽക്കൈ ഉണ്ട്. രാഷ്ട്രീയ വോട്ടുകളിൽ വിള്ളലുണ്ടായില്ലെങ്കിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച ഉറപ്പാക്കാം. എന്നാൽ, പരമ്പരാഗത ഇടത് കേന്ദ്രങ്ങളിലടക്കം വിള്ളലുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 34 വാർഡിൽ 21 വാർഡിെൻറ ഭൂരിപക്ഷമാണ് ഇടതിന്. ഏറ്റവും ഒടുവിൽ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുനിസിപ്പൽ പരിധിയിൽ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കിയത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നും കാത്തിരുന്ന് കാണണം.
ബലാബലത്തിൽ പൊന്നാനി
പോരാട്ടം അവസാനനാളുകളിലേക്ക് കടന്നതോടെ ഭരണംനിലനിർത്താൻ എൽ.ഡി.എഫും ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും വാശിയേറിയ പ്രചാരണമാണ് കാഴ്ചവെക്കുന്നത്. ഇരുമുന്നണിക്കും വെല്ലുവിളി ഉയർത്തി ബി.ജെ.പിയും ശക്തമായിതന്നെ പ്രചാരണം നടത്തുന്നുണ്ട്. ആകെയുള്ള 51 സീറ്റിൽ 29 സീറ്റും കഴിഞ്ഞതവണ ഭരണകക്ഷിയായ എൽ.ഡി.എഫിനൊപ്പമായിരുന്നു.
യു.ഡി.എഫിന് 19 സീറ്റും ബിജെപിക്ക് മൂന്നു സീറ്റുമാണ് ഉണ്ടായിരുന്നത്. എൽ.ഡി.എഫിനെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുക്കാനുള്ള പ്രയത്നത്തിലാണ് യു.ഡി.എഫ്. ഇരുമുന്നണിയുടെയും കുത്തക വാർഡുകളിൽപോലും ഇത്തവണ ഇളക്കംതട്ടാമെന്ന സ്ഥിതിയിലാണ് അവസാനവട്ട കാഴ്ച.
ലോക്കൽ കമ്മിറ്റികൾ നൽകിയ കണക്കനുസരിച്ച് 35 സീറ്റുവരെ നേടാനാവുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. എന്നാൽ, 28 സീറ്റുവരെയാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. 30ാം വാർഡിൽ കോൺഗ്രസ് വിമതനും 38ൽ എൽ.ഡി.എഫ് വിമതനും വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രാദേശിക വിഷയങ്ങളിൽ ഊന്നൽനൽകുന്ന പ്രചാരണതന്ത്രങ്ങളാണ് അവസാനഘട്ടങ്ങളിൽ ഇരുമുന്നണിയും പയറ്റുന്നത്.
താനൂരിൽ തിരയിളക്കം ഉണ്ടാകുമോ?
മുസ്ലിം ലീഗിെൻറ ഉറച്ചകോട്ടയാണ് താനൂർ. 44 സീറ്റിൽ 30ഉം നേടിയാണ് കഴിഞ്ഞതവണ ലീഗ് ഭരണത്തിലേറിയത്. ഇത്തവണ കോൺഗ്രസും കൂടെയുള്ളതിനാൽ വലിയ ഭൂരിപക്ഷം കിട്ടുമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. രണ്ടു സീറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത്. ഏറക്കാലത്തിനുശേഷം യു.ഡി.എഫ് മുന്നണിയായി നടക്കുന്ന മത്സരത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
2015ൽ രണ്ടു സീറ്റ് മാത്രം നേടാനായ എൽ.ഡി.എഫ് ശക്തിതെളിയിച്ച് തിരിച്ചുവരാൻ കഴിയുമെന്ന വിശ്വാസത്തിലാണ്. നഗരസഭയുടെ പോരായ്മകളും ഇടതുസ്വതന്ത്രനായി ജയിച്ച താനൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ നടപ്പാക്കിയ വികസനപദ്ധതികളും തെരഞ്ഞെടുപ്പിൽ ഗുണംചെയ്യുമെന്നും അവർ കരുതുന്നു.
നിലവിലെ രണ്ടു സീറ്റ് പത്താക്കിയെങ്കിലും ഉയർത്തി കൂടുതൽ അംഗങ്ങളെ കൗൺസിലിൽ എത്തിച്ച് കരുത്തുകാട്ടാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ബി.ജെ.പി പ്രതിപക്ഷത്തിരിക്കുന്ന ജില്ലയിലെ ഏക നഗരസഭകൂടിയാണിത്. കൂടുതൽ സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ അവർ കളത്തിലിറങ്ങിയിരിക്കുന്നതും.
വളാഞ്ചേരിയിൽ കടുത്ത മത്സരം
നഗരസഭയിൽ തുടർഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പ്രവർത്തകരെങ്കിലും പല വാർഡുകളിലും കടുത്ത മത്സരമാണ് നടക്കുന്നത്. ആകെ 33 വാർഡുകൾ. മുസ്ലിം ലീഗ് വിമതരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിെൻറ ദിവസങ്ങൾക്ക് മുമ്പ് രൂപവത്കരിച്ച വി.ഡി.എഫ്, ഇടതു മുന്നണിക്ക് എത്രമാത്രം സഹായമാവും എന്നത് അവസാന മണിക്കൂറിലും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമാണ്.
അതേസമയം, മൂന്ന് വാർഡുകളിൽ സി.പി.എം വിമതരും ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. യു.ഡി.എഫിലെ ഐക്യവും നഗരസഭയിൽ ചെയ്ത വികസനവും വോട്ടായി മാറുന്നതോടെ 25 മുതൽ 29 വരെ വാർഡുകൾ വിജയിക്കുമെന്നും സി.പി.എമ്മിെൻറ അവസരവാദ രാഷ്ട്രീയത്തിലുള്ള പ്രതിഷേധം കാരണം എൽ.ഡി.എഫ് സ്ഥിരമായി ജയിക്കുന്ന വാർഡുകളിലടക്കം ഇത്തവണ മാറ്റം ഉണ്ടാകുമെന്നും യു.ഡി.എഫ് നേതൃത്വം പറയുന്നു.
പുതുതായി രൂപവത്കരിക്കപ്പെട്ട നഗരസഭകളിൽ വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നത് വളാഞ്ചേരിയാണെന്നാണ് എൽ.ഡി.എഫ് വിമർശനം. വി.ഡി.എഫിനെ ഉൾപ്പെടുത്തിയതോടുകൂടി വിജയം സുനിശ്ചിതമാണെന്നും 22 വരെ വാർഡുകളിൽ ജയം ഉറപ്പാണെന്നും അവർ കണക്ക് കൂട്ടുന്നു.
തിരൂരങ്ങാടി നേടാനും പിടിക്കാനും
2015ലാണ് തിരൂരങ്ങാടി നഗരസഭയായത്. പഞ്ചായത്തായപ്പോഴും നഗരസഭയായപ്പോഴും യു.ഡി.എഫ് ഭരണം. 39 ഡിവിഷനുകൾ. രണ്ട് വിമതരുൾപ്പെടെ മുസ്ലിം ലീഗിന് 24ഉം കോൺഗ്രസിന് ഏഴും സി.എം.പിക്ക് ഒന്നും അംഗങ്ങളുണ്ട്. ഇടത് നിരയിൽ സി.പി.എം നാല്, ഐ.എൻ.എൽ രണ്ട്, സി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ഭരണതുടര്‍ച്ച ഉറപ്പാക്കാനാണ് യു.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. സർക്കാറിനെതിരായ വികാരവും ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങളും തുണക്കുമെന്നാണ് അവരുടെ പ്രതീക്ഷ. അതേസമയം, സർക്കാറിെൻറ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫിെൻറ പ്രചാരണം. നഗരസഭയുടെ ആസ്ഥാനമായ ചെമ്മാട് ടൗണിൽ പ്രാഥമിക കൃത്യങ്ങൾക്ക് പോലും സൗകര്യങ്ങളില്ലാത്തതും ബസ്സ്റ്റാൻഡില്ലാത്തതും വോട്ടാക്കാനാണ് ശ്രമം. ഇരുപക്ഷത്തിനും തലവേദനയായി വിമതശല്യവുമുണ്ട്. മൂന്നിടത്ത് യു.ഡി.എഫിനും രണ്ടിടത്ത് എൽ.ഡി.എഫിനും വിമതരുണ്ട്.
മഞ്ചേരിയിൽ തുടരുമോ, വീഴുമോ?
1978ൽ രൂപവത്കരണം തൊട്ടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ആകെ എട്ടു വർഷം മാത്രമാണ് മഞ്ചേരിയിൽ ഇടതുപക്ഷത്തിന് അധികാരത്തിലേറാൻ സാധിച്ചത്. 2003ന് ശേഷം തുടർച്ചയായി ഹാട്രിക് വിജയത്തോടെയാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. 50 വാർഡുകളുള്ള നഗരസഭയിൽ കഴിഞ്ഞതവണ 35 സീറ്റ് നേടിയാണ് അധികാരത്തിലേറിയത്.
എൽ.ഡി.എഫിന് 12 സീറ്റും ബി.ജെ.പിക്ക് ഒരുസീറ്റും ബാക്കി സ്വതന്ത്രരും നേടി. ഇത്തവണയും കൂടുതൽ സീറ്റുകൾ നേടി ഭരണം നിലനിർത്താനാണ് യു.ഡി.എഫ് ശ്രമം. അഴിമതിയും വികസനമുരടിപ്പും ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം പ്രചാരണം നടത്തുന്നത്. 23 വാർഡിൽ ത്രികോണമത്സരമാണ് നടക്കുന്നത്. 16 വാർഡുകളിൽ നേർക്കുനേർ പോരാട്ടവും.
മുന്നണികൾക്ക് തലവേദന സൃഷ്ടിക്കാൻ അപരന്മാരും രംഗത്തുണ്ട്. കിഴക്കേത്തല വാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്. അന്തിമവിജയം യു.ഡി.എഫിന് തന്നെയാകുമെന്നാണ് അവരുടെ പ്രതീക്ഷ. അട്ടിമറിവിജയം നേടാൻ സന്നാഹങ്ങളുമായി ഇടതുപക്ഷവുമുണ്ട്.
കോട്ടക്കൽ കോട്ട പൊളിക്കാനാവുമോ?
എക്കാലത്തും മുസ്ലിം ലീഗിെൻറ കുത്തകയായ കോട്ടക്കലിൽ ഇത്തവണ ആവേശപ്പോരാട്ടമാണ്. 32 ഡിവിഷനുള്ള ഇവിടെ മുസ്ലിം ലീഗ് (20), എൽ.ഡി.എഫ് (10), എൻ.ഡി.എ (രണ്ട്) എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. ഇത്തവണ യു.ഡി.എഫ് സംവിധാനത്തിൽ ലീഗ് 24 സീറ്റിലും എട്ടു സീറ്റിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിൽ 28 പേരും സ്വതന്ത്രരാണ്.
ഓട്ടോറിക്ഷയാണ് ചിഹ്നം. നാലുപേർ മാത്രമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. വികസനമുന്നേറ്റത്തിന് വോട്ട് ചോദിച്ചാണ് യു.ഡി.എഫിെൻറ പ്രചാരണം. അഞ്ചുവർഷം ജനോപകാരപ്രദ പദ്ധതികൾ നടപ്പാക്കിയതിെൻറ ഗുണം വോട്ടായി മാറുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. ഇത്തവണ അട്ടിമറിവിജയം ലക്ഷ്യമിടുന്ന എൽ.ഡി.എഫ് ക്യാമ്പും ആത്മവിശ്വാസത്തിലാണ്.
ഒരു വോട്ടിനടക്കം നേരിയ വ്യത്യാസത്തിൽ കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകൾ പിടിച്ചെടുക്കാമെന്നും അവർ കണക്കുകൂട്ടുന്നു. പത്തിലധികം സീറ്റുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. സീറ്റുകളുടെ എണ്ണം ഉയർത്താനാകുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ.
യു.ഡി.എഫിെൻറ നിലമ്പൂർ കോട്ട; വാശിയേറിയ പോരാട്ടം
യു.ഡി.എഫിെൻറ കോട്ടയാണ് നിലമ്പൂർ നഗരസഭ. 1969ലാണ് പഞ്ചായത്ത് രൂപവത്കരണം. 1995ൽ മാത്രമാണ് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് ലഭിച്ചത്. 2010ലാണ് നഗരസഭ രൂപവത്കരിച്ചത്. അതിനുശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് രണ്ടു തവണയും യു.ഡി.എഫ് അധികാരത്തിലെത്തിയത്.
33 ഡിവിഷനുകളുള്ള നഗരസഭയിൽ സി.പി.എം-അഞ്ച്, സി.പി.ഐ-ഒന്ന്, എൽ.ഡി.എഫ് സ്വതന്ത്രൻ-ഒന്ന്, കോൺഗ്രസ്-16, ലീഗ്-ഒമ്പത് എന്നിങ്ങനെയാണ് കക്ഷിനില. ഇത്തവണ നഗരസഭ പിടിച്ചെടുക്കാൻ പി.വി. അൻവർ എം.എൽ.എ കളംനിറഞ്ഞുനിൽക്കുന്നുണ്ട്. സ്ഥാനാർഥിപ്പട്ടിക കുറ്റമറ്റതാക്കിയത് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടൽ. പ്രളയബാധിതർക്ക് വിതരണംചെയ്യാനായി രാഹുൽ ഗാന്ധി എം.പി നൽകിയ ഭക്ഷ്യകിറ്റുകൾ നശിച്ച സംഭവവും എൽ.ഡി.എഫ് പ്രചാരണായുധമാക്കി.
യു.ഡി.എഫിന് ആറു വിമതരും എൽ.ഡി.എഫിന് ഒരു വിമതനുമുണ്ട്. പ്രചാരണത്തിൽ അൽപം പിറകിലായിരുന്ന യു.ഡി.എഫ് ഉമ്മൻ ചാണ്ടിയുടെ വരവോടെ വർധിതവീര്യത്തോടെ തിരിച്ചുവന്നു. അതിന് പിറകെ ആര്യാടൻ മുഹമ്മദുതന്നെ പ്രചാരണച്ചുമതല ഏറ്റെടുത്തു. നിലമ്പൂരിെൻറ ചരിത്രത്തിൽതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് അരങ്ങേറുന്നത്. നിലവിലുള്ള യു.ഡി.എഫ് ഭൂരിപക്ഷം മറികടക്കാൻ ഇടതിന് കഴിയുമോ എന്നതാണ് അറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.