ബ്രോസ്റ്റ്, അൽഫഹം.......കോവിഡ് പരിശോധനക്കെത്തിയവർക്ക് സമ്മാനങ്ങളുമായി പഞ്ചായത്ത് അംഗം
text_fieldsകീഴുപറമ്പ്: ബ്രോസ്റ്റ്, അൽഫഹം... വാർഡ് അംഗത്തിെൻറ കിടിലൻ ഓഫറുകളുടെ പട്ടിക നീണ്ടപ്പോൾ കോവിഡ് പരിശോധനക്കെത്താൻ മടിച്ചു നിന്ന പലരും പരിശോധന ക്യാമ്പുകളിലേക്ക് കുതിച്ചു. ഇതോടെ പരിപാടി വൻ വിജയം. 50 ആളുകൾ പോലും പരിശോധനക്ക് എത്താത്ത കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ ഒറ്റദിവസം ഒന്നാം വാർഡിൽ നടത്തിയ മൂന്ന് ക്യാമ്പുകളിലായി 270 പേർ പരിശോധനക്കെത്തി. ഒരുമാസമായി ടി.പി.ആർ കുറയാതെ ഡി കാറ്റഗറിയിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തിലെ ജനങ്ങളെ കോവിഡ് പരിശോധനക്ക് എത്തിക്കാൻ ഒന്നാം വാർഡ് അംഗം വൈ.പി. സാക്കിയ നിസാറാണ് വേറിട്ട പ്രവർത്തനവുമായി രംഗത്തിറങ്ങിയത്.
പഞ്ചായത്തിെൻറയും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പലതവണ പരിശോധനക്ക് വിളിച്ചപ്പോൾ എത്താത്ത ആളുകൾ കോവിഡ് പരിശോധനക്കായി എത്തി. പഴംപറമ്പ് സിറാജുൽഹുദ മദ്റസ, മുറിഞ്ഞമാട് അംഗൻവാടി, കല്ലിങ്ങൽ എ.എം.എൽ സ്കൂൾ എന്നീ മൂന്ന് ഇടങ്ങളിലാണ് കോവിഡ് പരിശോധന ക്യാമ്പുകൾ നടന്നത്.
രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പിൽ ഉച്ചയ്ക്ക് രണ്ടോടെ തന്നെ 270 ലധികം ആളുകളാണ് പരിശോധനക്ക് എത്തിയത്. ഇവരിൽ എട്ടു പേർക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് പഞ്ചായത്തിന് വലിയ ആശ്വാസമായി. ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധന കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്താത്തതിനെ തുടർന്നാണ് ഇത്തരത്തിലൊരു പരിശോധന ക്യാമ്പ് നടത്തിയത് എന്ന് സാക്കിയ നിസാർ പറഞ്ഞു. പരിശോധനയ്ക്ക് എത്തിയവരുടെ ക്രമനമ്പർ ഉൾപ്പെടുത്തി നറുക്കെടുപ്പ് നടത്തി ഒമ്പത് പേർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രോഗ സ്ഥിരീകരണ നിരക്ക് കുറക്കാൻ വേണ്ടി നടത്തിയ പരിപാടിയുമായി നിരവധി വ്യാപാരികളും സഹകരിച്ചു. വാർഡിലെ ആശാവർക്കർമാർ, അംഗൻവാടി അധ്യാപികമാർ, ആർ.ആർ.ടി അംഗങ്ങൾ തുടങ്ങിവരായിരുന്നു ക്യാമ്പ് നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.