യുവാവിെൻറ മരണത്തിന് കാരണമായ വാഹനം ദിവസങ്ങൾക്കുശേഷം പിടികൂടി; തുമ്പായത് ചെറിയ പാർട്സുകൾ
text_fieldsപാണ്ടിക്കാട് (മലപ്പുറം): വാഹനാപകടത്തിൽ യുവാവ് മരിക്കാനിടയായ സംഭവത്തിലെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കോളനിപ്പടിയിലെ മമ്പാടൻ മുഹമ്മിലിെൻറ (20) മരണത്തിനിടയായ വാഹനമാണ് പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ പി. റഫീക്കും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്.
ആഗസ്റ്റ് 13ന് കാഞ്ഞിരംപടിക്ക് സമീപം മുഹമ്മിൽ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ മഹീന്ദ്ര ബൊലേറൊ പിക്അപ് ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലായിരുന്ന മുഹമ്മിൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത വാഹനത്തിെൻറ അവശിഷ്ടങ്ങളിൽനിന്നാണ് അന്വേഷണത്തിെൻറ തുടക്കം. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബൊലേറോ പിക്അപ് വാനിെൻറ പാർട്സുകളാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇത്തരം വാഹനങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
പാണ്ടിക്കാട് ടൗണിലൂടെ കടന്നുപോകുന്ന ഇത്തരം വാഹനങ്ങളെയും പൊലീസ് പിന്തുടരുന്നുണ്ടായിരുന്നു. തുടർന്ന്, അപകടസ്ഥലത്തുനിന്ന് കിട്ടിയ വാഹന ഭാഗം യോജിപ്പിച്ച് നോക്കിയതിലൂടെയാണ് തമിഴ്നാട് രജിസ്ട്രേഷൻ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
വഴിക്കടവ് - വാളയാർ റൂട്ടിൽ സ്ഥിരമായി പച്ചക്കറി ലോഡുമായി സർവിസ് നടത്തുന്ന വാഹനമാണിത്. എന്നാൽ, അപകട സമയത്തുണ്ടായിരുന്ന ഡ്രൈവറല്ല വാഹനം കസ്റ്റഡിയിലെടുക്കുമ്പോൾ ഉണ്ടായിരുന്നത്. അപകടമുണ്ടാക്കിയ ഡ്രൈവറോട് ഉടൻ സ്റ്റേഷനിൽ ഹാജരാകാൻ ഹൗസ് ഓഫിസർ റഫിഖ് നിർദേശം നൽകിയിട്ടുണ്ട്. എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ മിർഷാദ് കൊല്ലേരി, നൗഷാദ്, ഷമീർ, ജയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.