കടൽ കലിയിളകി; പരപ്പാൽ ബീച്ച് നിവാസികൾ ഭീതിയിൽ
text_fieldsവള്ളിക്കുന്ന്: തിരമാല ആഞ്ഞടിച്ചാൽ കലിയിളകിയ കടൽ തകർന്ന ടിപ്പു സുൽത്താൻ റോഡും കടന്ന് വീടുകളിലെത്തും. ഭീതി വിട്ടൊഴിയാതെ അരിയല്ലൂർ പരപ്പാൽ ബീച്ച് നിവാസികൾ. ഏത് നിമിഷവും വീട് വിട്ടു ഒഴിയേണ്ടി വരുമെന്ന ഭീഷണിയിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ.
വർഷങ്ങളായുള്ള തീരദേശവാസികളുടെ ആവശ്യം കേട്ട ഭാവം അധികൃതർ നടിക്കാത്തതിെൻറ ഫലമാണ് സുരക്ഷാഭിത്തി ഇല്ലാത്ത ടിപ്പു സുൽത്താൻ റോഡ് പൂർണമായും തകർത്തു കടൽവെള്ളം വീട്ടുപറമ്പുകളിലേക്ക് എത്താൻ കാരണം.
കാലങ്ങളായി തുടരുന്നതാണ് വള്ളിക്കുന്ന് അരിയല്ലൂർ പരപ്പാൽ ബീച്ചിലെ കടലാക്രമണം. മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും കരയിൽ അടുപ്പിക്കുന്നതിനും മറ്റുമായി പുലിമുട്ട് നിർമിക്കണമെന്ന ആവശ്യത്തിന് അധികൃതർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. താത്കാലിക സംവിധാനങ്ങൾ ഒരുക്കി തീരം കടലെടുക്കുന്നത് തടയാൻ പോലും കഴിയാതെ പോയതാണ് ടിപ്പുസുൽത്താൻ റോഡ് പൂർണമായും കടലെടുക്കുന്നതിലേക്ക് എത്തിച്ചത്.
ഇവിടെ മുട്ടയിടാൻ എത്തിയിരുന്ന ഒലീവ് റെഡ്ലി വിഭാഗത്തിൽപെട്ട കടലാമകൾക്ക് തീരത്ത് എത്തിച്ചേരാൻ വേണ്ടിയാണ് 200 മീറ്ററിലധികം ദൂരം കടൽഭിത്തി കെട്ടാതെ ഒഴിച്ചിട്ടത്. ഇവിടെയാണ് വർഷങ്ങളായി രൂക്ഷമായ കടലാക്രമണമുണ്ടാവുന്നത്.
കഴിഞ്ഞ വർഷമാണ് ശക്തമായ കടലാക്രമണത്തിൽ റോഡ് പൂർണമായും കടലെടുത്തത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും പൂർണമായും തടസ്സപ്പെട്ടിട്ടും നാളുകളായി. കടലാക്രമണ ഭീതി ഭയന്ന് ഏതാനും കുടുംബാംഗങ്ങൾ കുറച്ചുകാലം അരിയല്ലൂർ സ്കൂളിലെ ക്യാമ്പിലാണ് കഴിഞ്ഞു വന്നത്.
തകർന്ന റോഡ് പൂർവ സ്ഥിതിയിൽ ആക്കാൻ തന്നെ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. ഭിത്തി കെട്ടി സംരക്ഷിച്ചാൽ മാത്രമേ റോഡ് നിർമിക്കാൻ കഴിയൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.