കൊലപാതക കേസിലെ പ്രതി മോഷണക്കേസിൽ അറസ്റ്റിൽ
text_fieldsപരപ്പനങ്ങാടി: കൊലപാതക കേസിലെ പ്രതി മോഷണക്കേസിൽ പിടിയിൽ. ഫറോക്ക് ചുങ്കം സ്വദേശിയും പള്ളിക്കൽ ബസാറിൽ താമസക്കാരനുമായ ആഷിക് എന്ന പോത്ത് ആഷിക്കിനെയാണ് (23) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 20ന് പരപ്പനങ്ങാടി അപ്പൂസ് ഡ്രൈവിങ് സ്കൂളിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൊലപാതക കേസിലെ പ്രതിയിലെത്തിയത്.
ഡ്രൈവിങ് സ്കൂളിൽനിന്ന് ഒന്നര ലക്ഷം രൂപ കവർച്ച നടത്തിയ അബ്ദുൽ റസാഖ് എന്ന ഒന്നാം പ്രതിയുടെ കൈയിൽനിന്ന് പണം മോഷണം മുതൽ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇയാൾ കൈവശപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ പണം ഉപയോഗിച്ച് മിനി പിക്അപ് വാൻ സ്വന്തം പേരിൽ വാങ്ങിയ പ്രതി പോത്ത് വളർത്തി വൻ ലാഭം നേടാമെന്ന് പറഞ്ഞ് ഒന്നാം പ്രതി റസാഖിൽനിന്ന് പണം കൈവശപ്പെടുത്തുകയായിരുന്നു.
മൂന്നു വാഹനങ്ങളുടെ നികുതി അടക്കാൻ ഡ്രൈവിങ് സ്കൂളിൽ സൂക്ഷിച്ച തുക ഒതുക്കുങ്ങൽ സ്വദേശിയായ അബ്ദുൽ റസാഖാണ് ആയുധം ഉപയോഗിച്ച് പൂട്ട് തകർത്ത് അപഹരിച്ചത്. പണം ലഭ്യമായ ഉടൻ രണ്ടാം പ്രതിയായ ആഷിക്കിന് കൈമാറുകയായിരുന്നു. ഒന്നാം പ്രതി അബ്ദുൽ റസാഖ് പിടിയിലായതോടെ രണ്ടാംപ്രതി ആഷിക് പൊലീസിന് പിടികൊടുക്കാതെ പല സ്ഥലങ്ങളിലായി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കറങ്ങി നടക്കുകയായിരുന്നു.
എന്നാൽ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ മഞ്ചേരിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ 2012ൽ കൊലപാതക കേസും താനൂർ, കുറ്റിപ്പുറം, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ വ്യത്യസ്ത മോഷണക്കേസുകളും നിലവിലുണ്ട്.
മോഷണം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവെന്ന് സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദേശാനുസരണം താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.യു. അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.