അപ്രോച്ച് റോഡില്ല; പാലം നോക്കുകുത്തി
text_fieldsപരപ്പനങ്ങാടി: രാജ്യസേവനത്തിനിടെ ട്രക്ക് മറിഞ്ഞ് മരിച്ച ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ പേരിൽ പണിതപാലം അപ്രോച്ച് റോഡില്ലാതെ നോക്കുകുത്തിയായി. പാലത്തിന്റെ ഇരുവശങ്ങളിലായി പണിയേണ്ട അപ്രോച്ച് റോഡ് നിർമാണത്തിന് പടിഞ്ഞാറ് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കാത്തതാണ് തടസ്സമാകുന്നത്.
കൈയേറ്റം ഒഴിപ്പിച്ച് യഥാസമയം റോഡ് പണിയാൻ കഴിയാതിരുന്നത് മൂലം ഇതിനകം നാല് ലക്ഷം രൂപ ലാപ്സായി. അതേസമയം, നഗരസഭ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് താലൂക്ക് സർവേയർ അളന്ന് അതിർത്തി രേഖപ്പെടുത്തുകയും റിപ്പാർട്ട് നഗരസഭ അധികൃതർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
കൈയേറ്റക്കാരുടെ രാഷ്ട്രീയനിറമാണ് ഒഴിപ്പിക്കലിന് തടസ്സമെന്നും അങ്ങാടി സ്കൂളിലേക്കുള്ള റോഡ് പോലും സ്വന്തമാക്കി വെച്ചിരിക്കുകയാണെന്നും വാർഡ് കൗൺസിലർ സെയ്തലവി കോയ കുറ്റപ്പെടുത്തി. കൈയേറ്റം ഒഴിപ്പിച്ച് റോഡ് നിർമാണത്തിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നഗരസഭക്ക് മുന്നിൽ ഉപവസിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രശ്നപരിഹാരത്തിന് ആത്മാർഥ നീക്കം നടത്തുന്നുണ്ടെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് പറഞ്ഞു.
രാജ്യത്തിനായി ജീവാർപ്പണം ചെയ്ത ഹവിൽദാർ ഷൈജലിന്റെ പേരിട്ട പാലം നോക്കുകുത്തിയായി കിടക്കുന്നത് പ്രദേശത്തിന് അപമാനമാണ്. ഷൈജലിന്റെ വീട്ടിലേക്ക് വാഹനം പോകാൻ സൗകര്യമുള്ള വഴിയൊരുക്കുമെന്ന മന്ത്രിയടക്കമുള്ള അധികൃതരുടെ വാക്കാണ് പാലിക്കപ്പെടാതെ ഇരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.