ബാവുക്കയുടെ മരച്ചക്കിന് പാരമ്പര്യത്തിന്റെ പരിശുദ്ധി
text_fieldsപരപ്പനങ്ങാടി: തലമുറകൾ കാത്തുസൂക്ഷിച്ച പരിശുദ്ധ എണ്ണയുമായി ചെട്ടിപ്പടിയിലെ വി.കെ. ബാവുക്ക. വ്യവസായി വെട്ടികുത്തി ബാവുക്ക എന്ന ഹസ്സൻകോയ പിതാവിൽനിന്ന് ഏറ്റെടുത്ത എണ്ണ മരച്ചക്ക് കാലത്തിന്റെ കുത്തൊഴുക്കിലും കൈവിടാതെ കാത്തുസൂക്ഷിക്കുകയാണ് ഇന്നും. ചെട്ടിപ്പടിയിലെ വെട്ടികുത്തി വീട്ടിൽ എള്ളിൽനിന്ന് നല്ലെണ്ണയും കൊപ്രയിൽനിന്ന് വെളിച്ചെണ്ണയും മരച്ചക്ക് തിരിച്ച് വേർതിരിച്ചെടുത്ത് നാടിന് സമ്മാനിക്കുന്ന കുലത്തൊഴിൽ ബാവുക്കയുടെ നേതൃത്വത്തിൽ മുടങ്ങാതെ തുടരുന്നത് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞു. വർഷങ്ങൾക്കുമുമ്പ് ചക്ക് കറക്കാൻ പശുവിന് പകരം മോട്ടോർ സ്ഥാപിച്ചു എന്നതൊഴിച്ചാൽ വ്യവസായത്തിൽ ബാവുക്ക ഒരു മാറ്റവും വരുത്തിയിട്ടില്ല.
വീട്ടുവളപ്പിലെ മില്ലിൽ ഉൽപാദിപ്പിക്കുന്ന എണ്ണ വിറ്റഴിക്കാൻ ചെട്ടിപ്പടി ടൗണിലെ സ്വന്തം കെട്ടിടത്തിൽ തുടങ്ങിയ എണ്ണ വിൽപനശാലക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബാവുക്കയുടെ മായമേശാത്ത എണ്ണയും പിണ്ണാക്കും തേടിയെത്തുന്നവർക്ക് ഈ 87കാരനിൽനിന്ന് ലഭിക്കുന്ന നാട്ടറിവുകൾ ചെറുതല്ല. വിദ്യാർഥിയായിരിക്കെ താനൂരിലെ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ടി. അസൈനാർ കുട്ടി സാഹിബിന്റെ പ്രസംഗത്തിൽ ആകൃഷ്ടനായി ബ്രിട്ടനെതിരെ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും പങ്കാളിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.