തടസ്സങ്ങൾ നീങ്ങി;ചെട്ടിപ്പടി റെയിൽവേ മേൽപാലം യാഥാർഥ്യത്തിലേക്ക്
text_fieldsപരപ്പനങ്ങാടി: സാങ്കേതിക കുരുക്കഴിഞ്ഞ് ചെട്ടിപ്പടി റെയിൽവേ മേൽപാല നിർമാണം യാഥാർഥ്യത്തിലേക്ക്. ടെൻഡറിന് കിഫ്ബി അംഗീകാരം നൽകിയതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം നേരത്തേ നടന്നിരുന്നു. എന്നാൽ, സിൽവർ ലൈൻ പദ്ധതിയുടെ തടസ്സം ചൂണ്ടിക്കാട്ടി നിർമാണം നീണ്ടു. യഥാസമയം നിർമാണം നടത്താൻ കഴിയാതെ വന്നതോടെ ജി.എസ്.ടി നിരക്കിൽ വന്ന വർധനവും നിർമാണ മേഖലയിലെ വിലക്കയറ്റവും ചൂണ്ടിക്കാട്ടി കരാറുകാരനും പ്രവൃത്തി നടത്താൻ തയാറായിരുന്നില്ല. തുടർന്ന് കെ.പി.എ. മജീദ് എം.എൽ.എ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് കിഫ്ബിയിലും സർക്കാറിലും സമ്മർദം ചെലുത്തിയാണ് നിരക്കിൽ വന്ന വർധന പ്രകാരമുള്ള പുതിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിയുടെ അംഗീകാരം നേടിയെടുത്തത്.
പദ്ധതിയുടെ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെ കൊണ്ട് സാങ്കേതിക അനുമതി നൽകിപ്പിക്കുകയും ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കാനുള്ള അനുമതി ഉത്തരവ് കിഫ്ബിയെ കൊണ്ട് ഇറക്കിക്കുകയും ചെയ്തതതോടെ തടസ്സങ്ങൾ നീങ്ങി.
ഒരാഴ്ചക്കുള്ളിൽ ടെൻഡർ നടപടി ആരംഭിക്കാൻ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കെ.പി.എ. മജീദ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.