പാലത്തിങ്ങലിലെ കമ്പോസ്റ്റ് കേന്ദ്രം പൊളിച്ചു മാറ്റി
text_fieldsപരപ്പനങ്ങാടി: അഴിമതി ആരോപണങ്ങളുടെ നിഴലിലായ പൊതുസ്ഥലത്തെ കമ്പോസ്റ്റ് യൂനിറ്റ് പൊളിച്ചു നീക്കി. നഗരസഭ ഡിവിഷൻ-20 പാലത്തിങ്ങലിൽ കഴിഞ്ഞ മൂന്നുവർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുള്ള റിങ് കമ്പോസ്റ്റ് നിർമാണ കേന്ദ്രം സംബന്ധിച്ച് ഇന്നലെ ‘മാധ്യമ’ത്തിൽ വാർത്ത വന്നതോടെയാണ് ധൃതിയിൽ പൊളിച്ചു നീക്കിയത്.
പാലത്തിങ്ങൽ പുഴയോട് ചേർന്ന് ഒരേക്കർ വരുന്ന പുറമ്പോക്ക് ഭൂമി ഒരു രൂപ പോലും നഗരസഭക്ക് വാടക നൽകാതെ ചില സ്വകാര്യ വ്യക്തികൾ ഉപയോഗിച്ചുവന്നതിനെതിരെ ദേശീയ മനുഷ്യവകാശ സംഘടന എൻ.എഫ്.പി.ആർ സംസ്ഥാന നേതാക്കൾ വിജലൻസിനെ സമീപിക്കുകയായിരുന്നു. ഇത് വാർത്തയായതോടെയാണ് പൊതുസ്ഥലത്ത് നിന്ന് നിർമാണ സാധന സാമഗ്രികൾ ഉടനടി പാലത്തിങ്ങലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിയത്. അഴിമതിക്ക് പിറകിൽ ചില സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരുമാടെ പങ്ക് വ്യക്തമാണെന്നും അന്വേഷണത്തിൽ എല്ലാം തെളിയുമെന്നും പരാതിക്കാരനായ എൻ.എഫ്.പി.ആർ സംസ്ഥാന ഉപാധ്യക്ഷൻ മനാഫ് താനൂർ പറഞ്ഞു.
ജില്ലയിലെ പരപ്പനങ്ങാടി അടക്കം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് റിങ് കമ്പോസ്റ്റുകൾ നിർമിച്ചിരുന്നത് പാലത്തിങ്ങലിലെ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തികൾ നടത്തിയ റിങ് കമ്പോസ്റ്റ് യൂനിറ്റിൽ നിന്നായിരുന്നു. അതേസമയം, ചെയർമാൻ പദവി മാറുന്നതുമായി ബന്ധപ്പെട്ട് ലീഗിൽ രൂപപെട്ട വിഭാഗീയതയെ തുടർന്ന് തലപൊക്കിയ അഴിമതി ആരോപണങ്ങളാണിതെന്നും എല്ലാം പുറത്തുവരട്ടെ കാത്തിരിക്കാമെന്നതാണ് തങ്ങളുടെ പക്ഷമെന്നും തീരദേശത്തെ ഇടത് പക്ഷ കൗൺസിലർ കെ.സി. നാസർ പ്രതികരിച്ചു. അതേസമയം, ലീഗ് കൗൺസിലർ ഭരണ സമിതി യോഗത്തിൽ ഉന്നയിച്ച ആരോപണത്തെ തുടർന്ന് നഗര സഭ സെക്രട്ടറി ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.