മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം തട്ടിയ ദമ്പതികൾ അറസ്റ്റിൽ
text_fieldsപരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ദമ്പതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശികളായ കെ.പി. നസീർ അഹമ്മദ് (45), ഭാര്യ അസ്മ (40) എന്നിവരാണ് പിടിയിലായത്.
സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മേയ് മുതൽ 2022 ഫെബ്രുവരി വരെ 31 തവണകളായി വ്യാജ സ്വർണം പണയം വെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തൊടുപുഴ സ്വദേശിയാണ് വ്യാജ സ്വർണ്ണം പണയം നൽകിയതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇയാൾക്ക് ഒരു ഗ്രാമിന് 500 രൂപ നിരക്കിൽ നൽകിയാണ് പണയം വെക്കാൻ വ്യാജ സ്വർണ്ണം വാങ്ങിയിരുന്നതത്രെ. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.
7 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പണയം വെച്ച വ്യാജ സ്വർണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവ പരിശോധക്കായി കോഴിക്കോട് റീജനൽ കെമിക്കൽ ലാബിലേക്ക് അയച്ചു.
പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാർ, സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ആൽബിൻ, അഭിമന്യു, സബറുദ്ദീൻ, ജിനേഷ്, വിപിൻ, സമ്മാസ്, പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിതാ ജയിലിലേക്കും റിമാൻഡ് ചെയ്തു.
പടം: മുക്കു പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കടലുണ്ടി നഗരം സ്വദേശികളായ കെ.പി. നസീർ അഹമ്മദ്, ഭാര്യ അസ്മ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.