മത്സ്യത്തൊഴിലാളികളുടെ മരണം; ചെട്ടിപ്പടി തീരത്ത് സങ്കട കടലിരമ്പം
text_fieldsപരപ്പനങ്ങാടി: കുടുംബത്തിന് അന്നംതേടി പോയ മത്സ്യത്തൊഴിലാളികൾ ചലനമറ്റ് വീടണഞ്ഞത് ചെട്ടിപ്പടി കടലോരത്ത് സങ്കട കടലിരമ്പം തീർത്തു. നാൽപ്പതോളം തൊഴിലാളികൾ ജോലിചെയ്യുന്ന കാസർകോട്ട് പടന്ന സ്വദേശിയുടെ ഫൈബർ വള്ളത്തിലാണ് മരിച്ച ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ മുജീബ് എന്ന മുനീറും അരിയല്ലൂർ ബീച്ചിലെ കോയമോനും ജോലി ചെയ്തു വന്നിരുന്നത്. അന്തർ സംസ്ഥാന തൊഴിലാളികളുൾപ്പടെ മറ്റു മുപ്പതിലേറെ തൊഴിലാളികൾ മറിഞ്ഞ വള്ളത്തിൽനിന്നും നീന്തി കരപറ്റുകയായിരുന്നു. മത്സ്യവുമായി കരപറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. മരിച്ചനിലയിൽ കോയമോനെ കരക്കെത്തിച്ചെങ്കിലും മുജീബ് എന്ന മുനീറിനെ കാണാതാവുകയായിരുന്നു. ജീവനോടെ തിരിച്ചുകിട്ടാൻ നാട് ഒന്നടങ്കം പ്രാർഥനയിലും അധികൃതരും മത്സ്യത്തൊഴിലാളികളും വിശ്രമമറിയാതെ സംഭവസ്ഥലത്തും തീരകടലിലുമായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് മുജീബിന്റെ മൃതശരീരം കാഞ്ഞങ്ങാട് തീരത്തുനിന്ന് കണ്ടെത്തിയത്.
അപകടത്തിൽ മരിച്ച ചെട്ടിപ്പടിയിലെ കല്ലിങ്ങൽ ആദന്റെപുരക്കൽ മുജീബിന്റെയും കൊങ്ങന്റെ ചെരുപുരക്കൽ അബൂബർ കോയയുടെയും (കോയമോൻ)വീട് ഡോ. എംപി. അബ്ദുസ്സമദ് സമദാനി എം.പി സന്ദർശിച്ചു. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.എച്ച്.എസ്. തങ്ങൾ, ലീഗ് നേതാക്കളായ അലി തെക്കെപ്പാട്ട്, കെ. ആഷിഖ്, കെ. ബീരാൻകുട്ടി, കെ.സി. അക്ബർ, ചന്ദനപറമ്പിൽ കബീർ എന്നിവർ അനുഗമിച്ചു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തീർത്തും നിർധന കുടുംബത്തിന് സർക്കാർ പ്രത്യേക സാമ്പത്തിക സഹായങ്ങളും ആശ്രിതർക്ക് വരുമാന മാർഗങ്ങളും ഉറപ്പാക്കണമെന്ന് നഗരസഭ ഉപാധ്യക്ഷ ഷഹർബാൻ പരപ്പനങ്ങാടി, തീരദേശ മുനിസിപ്പൽ കൗൺസിലർ കെ.സി. നാസർ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ ഉമ്മർ ഒട്ടുമ്മൽ, മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു സംസ്ഥാന കൗൺസിലർ പഞ്ചാര മുഹമ്മദ് ബാവ, യു.ഡി.എഫ് മുൻസിപ്പൽ ചെയർമാനും മണ്ഡലം കോൺഗ്രസ് അധ്യക്ഷനുമായ ഖാദർ ചെട്ടിപ്പടി, എൽ.ഡി. എഫ് മുനിസിപ്പൽ ചെയർമാൻ ഗിരീഷ് തോട്ടത്തിൽ, മുനിസിപ്പൽ എൽ.ഡി.എഫ് പാർലിമെന്ററി കക്ഷി നേതാവും സി.പി.എം ലീഡറുമായ ടി. കാർത്തികേയൻ, എഫ്.ഐ.ടി.യു മത്സ്യത്തൊഴിലാളി വിഭാഗം ജില്ല കൗൺസിലർ സി.ആർ. അബ്ദുൽ റഷീദ്, വെൽഫെയർ പാർട്ടി മുനിസിപ്പൽ അധ്യക്ഷൻ പി.ടി. റഹീം, എസ്.ടി.യു ലീഡർ റസാഖ് ചേക്കാലി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.