വികസന തടസ്സങ്ങൾക്ക് പരിഹാരം തേടി പരപ്പനങ്ങാടിയിൽ സർവകക്ഷി യോഗം
text_fieldsപരപ്പനങ്ങാടി: വികസന തടസ്സങ്ങൾക്ക് പരിഹാരം തേടി എം.എൽ.എ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പാതിവഴിയിലായ നഗര വികസനത്തിന് പരിഹാരമായില്ല. നാടുകാണി -പരപ്പനങ്ങാടി പാത നിർമാണ ഭാഗമായി മുടങ്ങിക്കിടക്കുന്ന നടപ്പാതയുടെയും അഴുക്കുചാലിെൻറയും നിർമാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നാണ് അധികൃതർ ഇപ്പോൾ പിറകോട്ട് പോയത്.
നേരത്തേ ഭൂമി ഏറ്റെടുക്കലിന് പ്രത്യേക ഫണ്ട് നീക്കിവെച്ചിട്ടുണ്ടന്ന് പറഞ്ഞവർ ഇപ്പോൾ പണമില്ലെന്ന് പറഞ്ഞ് കൈ മലർത്തുകയാണ്. അതിനാൽ, നിർമാണം മുടങ്ങിക്കിടക്കുന്ന ഭാഗത്തെ കെട്ടിട ഉടമകളുമായി സംസാരിച്ച് സമവായത്തിലെത്താനാണ് സർവകക്ഷി യോഗത്തിൽ തീരുമാനമായത്.
അതേസമയം, മറ്റൊരു നഗരസഭയും ഈടാക്കാത്ത കെട്ടിട നികുതി ചുമത്തുന്ന പരപ്പനങ്ങാടി നഗരസഭയോട് ഒരു സമവായത്തിനുമില്ലെന്ന നിലപാടാണ് കെട്ടിട ഉടമകളുടെ സംഘടനയുടേത്. നേരത്തേ സർക്കാർ 450 കോടി രൂപ നീക്കിവെച്ച പരപ്പനങ്ങാടി -നാടുകാണി പാതയുടെ നിർമാണം പാതി പിന്നിട്ടപ്പോഴേക്കും പല ഭാഗങ്ങളിലും ടാറിങ് വേണ്ടെന്നു വെച്ച് 280.3 കോടി രൂപയായി പദ്ധതിയുടെ ഫണ്ട് ചെറുതാക്കി. ഇതിനാലാണ് നേരത്തേ നടത്തുമെന്ന് ഉറപ്പുനൽകിയ ഭൂമി ഏറ്റെടുക്കൽ നടപടി പാടേ വേണ്ടെന്നു വെക്കാൻ നിർബന്ധിതമായതെന്ന് അധികൃതർ വിശദമാക്കി.
അതേസമയം, നിർമാണം പൂർത്തിയായ നടപ്പാതക്ക് മീതെ ടൈൽ വിരിക്കാനും സുരക്ഷ കൈവരി നിർമിക്കാനും യോഗത്തിൽ ധാരണയായി. കെ.പി.എ. മജീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എ. ഉസ്മാൻ, വൈസ് ചെയർപേഴ്സൻ ഹയറുന്നീസ, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥ മേധാവികൾ, വിവിധ കക്ഷി നേതാക്കളായ ഉമ്മർ ഒട്ടുമ്മൽ, പാലക്കണ്ടി വേലായുധൻ, തുളസീദാസ്, പി.ഒ. സലാം, ഗിരീഷ് തോട്ടത്തിൽ, വ്യാപാരി നേതാക്കളായ വിനോദ് കുമാർ, അശ്റഫ് ജന്നാത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.