റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം: അഞ്ചുപേർ അറസ്റ്റിൽ
text_fieldsപരപ്പനങ്ങാടി: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വർധിക്കുന്നതായ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ അഞ്ചുപേർ അറസ്റ്റിൽ. പരപ്പനങ്ങാടി പൊലീസും താനൂർ സബ്ഡിവിഷൻ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത്. പരപ്പനങ്ങാടി കടപ്പുറത്തെ മുഹമ്മദ് അർഷിദ് (19), ഉമറുൽ മുക്താർ (21), വള്ളിക്കുന്ന് ആനങ്ങാടി സ്വദേശികളായ സൽമാനുൽ ഫാരിസ് (18), മുഷ്താഖ് അഹമ്മദ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി ഓവർ ബ്രിഡ്ജിന് താഴ്ഭാഗത്തെ റെയിൽവേ ട്രാക്ക്, വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുസമീപത്തെ ട്രാക്ക്, അയ്യപ്പൻകാവ് റെയിൽവേ പുറമ്പോക്കിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂളിലേക്കിറങ്ങിയിട്ട് കഞ്ചാവ് വലിക്കാനായി റെയിൽവേ ട്രാക്കിൽ എത്തുകയായിരുന്നത്രെ. പിടിയിലായവരുടെ പേരിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പ്രായപൂർത്തിയാകാത്ത ആളുടെ പേരിൽ ജുവനൈൽ കോടതിക്ക് റിപ്പോർട്ട് കൈമാറി. പ്രായപൂർത്തിയാകാത്തയാൾക്ക് മയക്കുമരുന്ന് കൊടുത്തയാളുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തു. പ്രായപൂർത്തിയാകാത്തവരെ മയക്കുമരുന്ന് വിനിയോഗത്തിനായി ദുരുപയോഗം ചെയ്തയാൾക്ക് നിയമപ്രകാരം ഏഴുവർഷം തടവുശിക്ഷ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ്, എസ്.ഐ പ്രദീപ് കുമാർ, പരമേശ്വരൻ, സിവിൽ പൊലിസ് ഓഫിസർമാരായ രാമചന്ദ്രൻ, രഞ്ചിത്ത്, ദിലീപ്, ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, സബുദീൻ, ജിനേഷ്, വിപിൻ, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.കഴിഞ്ഞമാസവും റെയിൽ ട്രാക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ നാലുപേരെ പൊലീസ് വിലങ്ങണിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.