വ്യാജ ലോട്ടറി ആപ്; മുഖ്യപ്രതി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ
text_fieldsപരപ്പനങ്ങാടി: മൂന്നക്ക അനധികൃത ലോട്ടറിയുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെ ബംഗളൂരു എയർപോർട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി കെ. റഫീഖിനെയാണ് (40) പിടികൂടിയത്. ജൂൺ 16ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണമാണ് ബംഗളൂരുവിലെത്തിയത്.
ലോട്ടറി വിൽപനക്ക് വിക്കിപീഡിയ എന്ന മൊബൈൽ ആപ് നിർമിച്ചയാളാണ് പൊലീസ് നീക്കത്തിനൊടുവിൽ വലയിലായത്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പിടിയിലായത്. കേസിൽ ഒമ്പതുപേരെ പിടികൂടിയിട്ടുണ്ട്.
ആദ്യം അറസ്റ്റ് ചെയ്ത ജനീഷ് എന്നയാളുടെ മൊഴിപ്രകാരം അയാൾക്ക് വിക്കിപീഡിയ മൊബൈൽ ആപ് നൽകിയ ആളുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ സന്തോഷ് കുമാർ, ബീരാൻകോയ, രമേശൻ, ഗോവിന്ദൻ, മജീദ്, സതീഷ്, സാദിഖ്, ശശി എന്നിവരെയും പിടികൂടിയിരുന്നു. ഇതറിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇയാൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ, എല്ലാ വിമാനത്താവളങ്ങൾ വഴിയും തിരച്ചിൽ ശക്തമാക്കി.
താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നിർദേശാനുസരണം പ്രത്യേക പൊലീസ് ടീമാണ് അന്വേഷണം പൂർത്തീകരിച്ചത്. മൊബൈൽ ആപ് ഉപയോഗിച്ച് ലോട്ടറി വിപണനം നടത്തിയ ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് തുടർ നടപടി സ്വീകരിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങി.
പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ. അരുൺ, യു. പരമേശ്വരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സ്മിതേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മുജീബ് റഹ്മാൻ, ശ്രീനാഥ് സച്ചിൻ എന്നിവരും പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.