മത്സ്യത്തൊഴിലാളി ദിനത്തിലും, അവർ സങ്കടക്കടലിൽ
text_fieldsപരപ്പനങ്ങാടി: സ്വന്തം ദിനത്തെയോർത്ത് സന്തോഷിക്കാൻ പോലുമാകാത്ത ഒരേ ഒരു തൊഴിലാളി സമൂഹമാണ് മത്സ്യത്തൊഴിലാളികൾ. ലോക മത്സ്യബന്ധന ദിനത്തിലും കാലിയായ വലയും കട ബാധ്യതയും പേറിയാണ് കടലിെൻറ മക്കൾ തീരമണഞ്ഞത്.
40 മുതൽ 50 വരെ തൊഴിലാളികൾ ഒരേ സമയം തൊഴിലെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ ഒറ്റ തവണ ആഴക്കടൽ മത്സ്യബന്ധനത്തിനിറങ്ങി തിരിച്ചുവരുമ്പോൾ ആയിരക്കണക്കിന് രൂപയായാണ് ഇന്ധന ഇനത്തിൽ മാത്രം ബാധ്യത വരുന്നത്.
ആഴക്കടലിൽനിന്ന് ബഹുരാഷ്ട്ര കപ്പലുകൾക്ക് മത്സ്യമൂറ്റാൻ രാജ്യം ഉദാര നയം സ്വീകരിച്ചതോടെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടാൻ തുടങ്ങിയത്. തൊഴിലാളികൾ പലരും ഓട്ടോറിക്ഷ ഡ്രൈവിങ്, നിർമാണ തൊഴിൽ എന്നിവിടങ്ങളിലേക്ക് ചുവടുമാറ്റിയതോടെ മത്സ്യബന്ധന മേഖലയിൽ തൊഴിൽ പ്രതിസന്ധിയും രൂക്ഷമാണ്. രാത്രിയിൽ കടലിൽ തോണിയിൽ അന്തിയുറങ്ങി മത്സ്യബന്ധനം തുടരുന്ന ഒഴുക്കൻ വള്ളങ്ങൾ മത്സ്യലഭ്യത തീരെ കുറവായതോടെ പൂർണമായി രംഗം വിട്ടു. അയക്കൂറ, ആവോലി, വാള, ഏട്ട, സൂത, സ്രാവ് തുടങ്ങി വിലപിടിപ്പുള്ള മത്സ്യങ്ങളുമായാണ് ഒഴുക്കൽ വള്ളങ്ങൾ പുലർച്ച തീരമണിഞ്ഞിരുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകാത്തതും മത്സ്യബന്ധന മേഖലക്ക് കനത്ത തിരിച്ചടിയാണ്.
കടൽ മാക്രികൾ കടിച്ചുകീറിയും കടൽ പാറയിൽ തട്ടിയും വലയിലകപ്പെടുന്ന ഞെണ്ട്, തെരണ്ടി, തള മീൻ തുടങ്ങി മത്സ്യങ്ങളുടെ രക്ഷപ്പെടാനുള്ള പരാക്രമത്തിലും വലകൾ തകരുന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുന്നു. ബാങ്ക് വായ്പയെടുത്തും പലരിൽ നിന്നായി കടമായും ഓഹരിയായും കോടികൾ സമാഹരിച്ച് കടലിലിറക്കുന്ന മത്സ്യബന്ധന യാനങ്ങൾ പലപ്പോഴും വിറ്റൊഴിവാക്കാൻ പോലുമാകാതെ തകരുകയാണ്.
മത്സ്യം പിടിച്ച് കരക്കെത്തിക്കുന്നവരൊഴികെ മത്സ്യം കോരുന്നവർ, ചുമക്കുന്നവർ, വിൽക്കുന്നവർ, ഹവാല ഏജൻറുമാർ, കയറ്റുമതി ഫാക്ടറികൾ എല്ലാവർക്കും ലാഭത്തിെൻറ ചാകര സമ്മാനിക്കുമ്പോൾ അടിസ്ഥാന തൊഴിലാളി വിഭാഗത്തിന് പലപ്പോഴും അധ്വാന മൂല്യം പോലും ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.