മാലിന്യം നിറഞ്ഞ കെട്ടിടം; ആരോഗ്യത്തിന് ഭീഷണി
text_fieldsപരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ പ്രാദേശിക ഭരണകൂടം വർഷങ്ങൾക്ക് മുമ്പ് പണിത ആദ്യ മത്സ്യമാർക്കറ്റ് കെട്ടിടം പാഴായി കിടക്കുന്നതോടൊപ്പം പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ നിറഞ്ഞ് പരന്ന് ആരോഗ്യ ഭീഷണിയുയർത്തുന്നു.
പരപ്പനങ്ങാടി ബീച്ച് റോഡോരത്താണ് പതിറ്റാണ്ടുകൾക് മുമ്പ് മത്സ്യവിൽപനക്കായി കെട്ടിടം പണിതത്. സൗകര്യം മാനിക്കാതെ പണിത മാർക്കറ്റ് ജനങ്ങൾ കൂട്ടായി ബഹിഷ്കരിച്ചതോടെ മത്സ്യമാർക്കറ്റ് നോക്കുകുത്തിയാവുകയായിരുന്നു. തുടർന്ന് ഇവിടെ ഏറെകാലം ആക്രി കച്ചവടത്തിനായി വാടകക്ക് നൽകിയെങ്കിലും പിന്നീട് പ്ലാസ്റ്റ് പാഴ്വസ്തുക്കൾ ശേഖരിക്കുന്നിടമായി മാറി.
വർഷങ്ങളായി ശേഖരിച്ച് വെച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ യഥാസമയം നീക്കം ചെയ്യാതെ വന്നതോടെ കെട്ടിക്കിടന്ന് കുമിഞ്ഞ പ്ലാസ്റ്റിക് ശേഖരങ്ങൾ കെട്ടിടത്തിന്റെ അകത്തളങ്ങൾ നിറഞ്ഞ് പുറത്തേക്ക് തള്ളുകയാണ്. ഇത് പാരിസ്ഥികവും ആരോഗ്യപരവുമായ ഭീഷണിക്കും കൊതുക് ലാർവകളുടെ വളർച്ചക്കുമിടയാക്കി.
പരപ്പനങ്ങാടി നഗരസഭ ഓഫിസ് കെട്ടിടത്തിന് പിന്നിലെ നിലവിലുള്ള മത്സ്യമാർക്കറ്റിന് അടുത്തായി ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളുടെ അശാസ്ത്രീയ കുന്ന് കൂട്ടലുകൾക്കെതിരെ സി.പി.ഐ നേതാവ് സി.പി. സക്കറിയ കേയി മുഖ്യമന്ത്രിയുടെ ജനസമ്പർക്ക സദസ്സിൽ നൽകിയ പരാതിയെ തുടർന്ന് നഗരസഭ കെട്ടിടത്തിനടുത്തുള്ള മത്സ്യമാർക്കറ്റിൽ മാലിന്യം സംഭരിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
ഇതിനകം മത്സ്യകച്ചവടക്കാരെ മത്സ്യമാർക്കറ്റിൽ നിന്നിറക്കി വിടാൻ നടത്തിയ നീക്കങ്ങൾ വിവാദമായിരുന്നു. ബദൽ സംവിധാനങ്ങളൊരുക്കാതെ മാർക്കറ്റ് വിടില്ലെന്ന വാശിയിൽ ഒന്നു രണ്ടു കച്ചവടക്കാർ ഇപ്പോഴും മാർക്കറ്റിൽ തുടരുന്നുമുണ്ട്.
പഴയതും പുതിയതുമായ പരപ്പനങ്ങാടിയിലെ രണ്ട് മാർക്കറ്റുകളെയും പ്ലാസ്റ്റിക് പാഴ് ശേഖരങ്ങൾ വിഴുങ്ങിയതോടെ മത്സ്യകച്ചവടം വീണ്ടും തെരുവിലേക്കിറങ്ങുകയാണ്. അതേസമയം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ജനങ്ങൾക്ക് സൗകര്യപ്രദമായ മേഖലകളിൽ മത്സ്യമാർക്കറ്റ് പണിയാൻ നഗരസഭ ആലോചിക്കുന്നുണ്ടെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യ പരിഗണന പൊതു മേഖലക്കാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.