ചെട്ടിപ്പടി ഗവ. സ്പെഷൽ ടീച്ചേഴ്സ് പരിശീലന കേന്ദ്രം
text_fieldsപരപ്പനങ്ങാടി: മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സംസ്ഥാനത്ത് രണ്ടിടങ്ങളിലായി അനുവദിച്ചതിൽ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ഗവ. സ്പെഷൽ ടീച്ചേഴ്സ് പരിശീലന കേന്ദ്രം സ്വന്തമായി കെട്ടിടമില്ലാതെ ദുരിതത്തിൽ. അനുവദിച്ച പണവും പദ്ധതിയുമുണ്ടായിട്ടും സ്വന്തമായി ഭൂമിയോ കെട്ടിടയോ തരപ്പെടുത്താനാവാതെ വർഷങ്ങളായി ചെട്ടിപ്പടിയിലെ സർക്കാർ ജി.എൽ.പി വിദ്യാലയ കെട്ടിടത്തിലാണ് ഡി.എഡ് സെൻറർ പ്രവർത്തിക്കുന്നത്.
കാടുമൂടിയ ഈ കേന്ദ്രത്തിലാണ് വർഷങ്ങളായി വിദ്യാർഥികൾ പഠിക്കുന്നത്. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെ പ്രാപ്തമാക്കലാണ് സ്പെഷൽ ഡി.എഡ് സെന്ററിന്റെ ലക്ഷ്യം. പരപ്പനങ്ങാടിക് പുറമെ കാസർകോട് മാത്രമാണ് നിലവിൽ സർക്കാറിന്റെ കീഴിലുള്ള സ്പെഷൽ ഡി.എഡ് സെന്ററുള്ളത്. തുടക്കഘട്ടത്തിൽ തന്നെ സ്വന്തമായി ഭൂമി വാങ്ങാനും കെട്ടിടം പണിയാനും മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് പദ്ധതി ആവിഷ്കരിച്ചിരുന്നു.
2013ൽ തുടങ്ങിയ വിദ്യാലയത്തിന് ഭൂമി ഏറ്റെടുക്കാൻ 40 ലക്ഷം രൂപയും കെട്ടിടം പണിയാൻ ഒരു കോടി രൂപയുമാണ് നീക്കിവെച്ചത്. അതേസമയം, ഭൂമി ഏറ്റെടുക്കലും കെട്ടിടം പണിയലും ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നതെന്നാരോപിച്ച് സി.പി.എം രംഗത്തെത്തി. നഗരസഭ ഇടതുകക്ഷി ലീഡർ ടി. കാർത്തികേയൻ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കണ്ട് നൽകിയ പരാതിയിന്മേൽ ഉദ്യോഗസ്ഥതല അന്വേഷണം നടന്നു. പൊതുവിദ്യാഭ്യാസ ജോ. ഡയറക്ടർ എ. അബ്ദുറഹിമാൻ വിദ്യാലയത്തിലും ട്രെയിനിങ് സെന്ററിലും നേരിട്ടെത്തി അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്.
എന്നാൽ, പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുക്കാൻ ശ്രമിച്ചിരുന്നതായും സ്വകാര്യ ഭൂമികൾ നിശ്ചിത സംഖ്യക്ക് കിട്ടാത്തതിനാൽ പാലത്തിങ്ങലിലെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ കെട്ടിടം പണിയാനാവശ്യമായ പ്രാഥമിക ചുവടുവെപ്പുകൾ ആരംഭിച്ചതായും നഗരസഭ ചെയർമാൻ എ. ഉസ്മാൻ 'മാധ്യമ'ത്തോട് പറഞ്ഞു.
50 വീതം ടീച്ചേഴ്സ് ട്രെയിനികളാണ് രണ്ടുവർഷം വീതം ഇവിടെനിന്നും പരിശീലനം നേടി പുറത്തിറങ്ങുന്നത്. കോഓഡിനേറ്ററടക്കം 12 താൽക്കാലിക ജീവനക്കാരെ കൊണ്ട് വർഷങ്ങളായി തള്ളിവിടുന്ന സ്ഥാപനത്തിലെ താൽക്കാലികരെ സ്ഥിരപ്പെടുത്താനോ പുതിയ നിയമനം നടത്താനോ നീക്കങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.