ഹവിൽദാർ സൈജൽ ഇനി നാട്ടുകാർക്ക് ശഹീദ് സൈജൽ
text_fieldsപരപ്പനങ്ങാടി: സൈനിക കൃത്യനിർവഹണത്തിനിടെ കഴിഞ്ഞദിവസം ലഡാക്കിൽവെച്ച് സഞ്ചരിച്ച ട്രക്ക് പുഴയുടെ താഴ്വരയിലേക്ക് മറിഞ്ഞ് മരിച്ച പരപ്പനങ്ങാടി സ്വദേശി ഹവിൽദാർ മുഹമ്മദ് സൈജൽ നാട്ടുകാർക്ക് ഇനി ശഹീദ് സൈജൽ.
സൈജലിന്‍റെ മരണാനന്തര ചടങ്ങുകളുടെ മുൻനിരയിലുണ്ടായിരുന്ന, സർവിസിൽനിന്ന് വിരമിച്ച കേണൽ നസീറാണ് ഈ നാമം നിർദേശിച്ചത്. സൈജലിന്‍റെ ഖബറിനരികിൽവെച്ച് കേണൽ നടത്തിയ പ്രഖ്യാപനം നാട്ടുകാർ ഒന്നടങ്കം നെഞ്ചേറ്റുകയായിരുന്നു.
മുഹമ്മദ് സൈജലിന്റെ വീട്ടുപരിസരത്തുള്ള കുളം റോഡിന്റെ പേര് മാറ്റി 'മുഹമ്മദ് സൈജൽ റോഡ്'എന്നാക്കി മാറ്റാൻ അടുത്തുചേരുന്ന നഗരസഭ ഭരണസമിതി യോഗത്തിൽ തീരുമാനമാകുമെന്ന് മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ അറിയിച്ചു.
അതേസമയം, സൈജലിന്റെ വീട്ടിലേക്ക് വാഹനമെത്താനുള്ള സൗകര്യമൊരുക്കി തരണമെന്ന് ബന്ധുക്കൾ മരണ വീട് സന്ദർശിച്ച റവന്യൂ മന്ത്രി രാജനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പ്രതികരിച്ചിരുന്നെങ്കിലും തുടർ നിർദേശങ്ങളൊന്നും ഉണ്ടായിട്ടില്ലന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.
പ്രദേശത്ത് ഹാർബർ ഫണ്ട് ഉപയോഗിച്ച് പണി തീർത്ത് ഉദ്ഘാടനത്തിന് കാത്തുകഴിയുന്ന അങ്ങാടിയിലെ പുതിയ പാലത്തിന് ശഹീദ് മുഹമ്മദ് സൈജൽ പാലം എന്ന് പേരിടണമെന്ന് വാർഡ് കൗൺസിലർ സെയ്തലവി കോയ മുനിസിപ്പൽ ഭരണനേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെട്ടു.
ഹവിൽദാർ മുഹമ്മദ് സൈജലിനെ അനുസ്മരിച്ച് പരപ്പനങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തിൽ അനുശോചന സംഗമം നടത്തി. കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൻ കെ. ഷഹർബാനു, കൗൺസിലർ പി.വി. മുസ്തഫ, വിവിധ കക്ഷിനേതാക്കളായ പി.എസ്.എച്ച്. തങ്ങൾ, കെ.പി. ഷാജഹാൻ, ടി. കാർത്തികേയൻ, സി. ജയദേവൻ, എൻ..എം. ഷമേജ്, എം. സിദ്ധാർത്ഥൻ, പി. ജഗന്നിവാസൻ, ഗിരീഷ് തോട്ടത്തിൽ, ടി. സെയ്ദ് മുഹമ്മദ്, എ.വി. വിനോദ്കുമാർ, സൈജലിന്റെ സഹോദരൻ ഹനീഫ, അബു മാസ്റ്റർ, ബാബു, തച്ചോളി സാദിഖ്, കെ.സി. നാസർ, മുഹമ്മദ് ശമീം ദാരിമി, പി.ഒ. മുഹമ്മദ് നഈം, പി.പി. ഷാഹുൽ ഹമീദ്, സീനത്ത് ആലിബാപ്പു, സി. നിസാർ അഹമ്മദ്, കെ.പി. മുഹ്സിന, പി.കെ. അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.