മുഖ്യമന്ത്രിയെ കാണാൻ ആശയുണ്ട്; മോന്റെ കാര്യം ഒന്ന് പറയാനാ
text_fieldsപരപ്പനങ്ങാടി: ‘ഇന്ന് പരപ്പനങ്ങാടിയിലെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ന്നെ കാണാൻ വരോ... ഓരെയൊന്ന് കാണാൻ പറ്റോ... മോന്റെ കാര്യമൊന്ന് പറയാനാ’ -രോഗശയ്യയിൽ കിടന്ന് ബിയ്യുമ്മ വിതുമ്പി പറഞ്ഞു. ഒന്നര പതിറ്റാണ്ടിലേറെയായി ബംഗളൂരു അഗ്രഹാര ജയിൽ വിചാരണയില്ലാതെ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയുടെ കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് പറയാനാണ് മന്ത്രിമാരെ കാണാൻ ബിയ്യുമ്മ ആഗ്രഹിക്കുന്നത്.
സാക്ഷിവിസ്താരം പൂർത്തിയാക്കി വിചാരണ കോടതി ഉടൻ വിധി പറയുമെന്ന് കരുതിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും തടവ് നീളുകയാണ്. ബംഗളൂരു ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് നിർമിച്ച കടയിൽ നേരത്തെ സക്കരിയ ജോലി ചെയ്തതാണ് കേസിൽ അകപ്പെടാനിടയാക്കിയത്.
എൻ.ഐ.എ കേസ് യു.എ.പി.എക്ക് കീഴിലാക്കിയതിനാലാണ് 18ാം വയസ്സിൽ തടവിലായ സക്കരിയ തടവിൽ തുടരുന്നത്. ഇതേ കേസിൽ തടവിലായിരുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം നൽകി വീടണഞ്ഞിട്ടും സകരിയ ഇരുട്ടറയിൽ തന്നെയാണ്. സുപ്രീംകോടതിയിൽ അഭിഭാഷകർക്ക് വൻ ഫീസ് നൽകി കേസ് വാദിച്ച് ജാമ്യം തേടാനുള്ള സാമ്പത്തിക ശക്തി വിധവയായ ബിയ്യുമ്മക്കോ കുടുംബത്തിനോ ഫ്രീ സകരിയ്യ ആക്ഷൻ ഫോറത്തിനോ ഇല്ല എന്നത് മറ്റൊരു വസ്തുതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.