തീരത്തിന്റെ കാൽപന്ത് താരം പറക്കുന്നു, സ്വീഡനിലേക്ക്
text_fieldsപരപ്പനങ്ങാടി: ഇന്റർനാഷനൽ സ്പെഷൽ ഒളിമ്പിക്സ് ടൂർണമെന്റിനുള്ള ദേശീയ ടീമിൽ ഇടം നേടിയ പരപ്പനങ്ങാടി തീരത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ മുഹമ്മദ് ഷഹീറിന് ജനപ്രതിനിധികൾ യാത്രയയപ്പ് നൽകി. ലോകത്തിലെ ഏറ്റവും വലിയ യൂത്ത് ഫുട്ബാൾ ടൂർണമെന്റുകളിലൊന്നായ ഗോത്വിയ കപ്പിന് വേണ്ടിയുള്ള ഇന്റർനാഷനൽ സ്പെഷൽ ഒളിമ്പിക്സ് ടൂർണമെന്റിൽ മത്സരിക്കാനുള്ള യോഗ്യതയാണ് ഈ കൊച്ചു മിടുക്കൻ നേടിയത്. പരപ്പനങ്ങാടി സദ്ദാംബീച്ച് സ്വദേശികളായ ഹാജിയാരകത്ത് ബഷീർ-മുംതാസ് ദമ്പതികളുടെ മകനാണ്.
ഗ്വാളിയാറിൽ നടന്ന സെലക്ഷൻ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് 14 സംസ്ഥാനങ്ങളിൽനിന്നുള്ള 140 ഓളം കളിക്കാരെ മറികടന്നാണ് ഷഹീർ അന്താരാഷ്ട്ര മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ജൂലൈ 13ന് സ്വീഡനിലാണ് ടൂർണമെന്റ് നടക്കുക.
കോച്ചും സ്പെഷൽ എജുക്കേറ്ററുമായ മുഹമ്മദ് അജ്വദിന്റെ കഠിന പ്രയത്നവും പിന്തുണയുമാണ് ഷഹീറിന് ടീമിൽ ഇടം നേടാൻ ശക്തി പകർന്നത്.
പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി.പി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൗൺസിലർമാരായ പി.പി. ഉമ്മുകുൽസു, തലക്കലകത്ത് റസാഖ്, കെ. ജുബൈരിയ, ടി.ആർ. റസാഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.