കെ റെയിൽ: സേവ് പരപ്പനങ്ങാടി ഫോറം റെയിൽവേ മന്ത്രിയെ കണ്ടു
text_fieldsപരപ്പനങ്ങാടി: കെ റെയിൽ വന്നാൽ പരപ്പനങ്ങാടി അപകടത്തിലാകുമെന്നതിനാൽ സർവേ അലൈൻമെന്റ് മാറ്റി ബദൽ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിമാർക്ക് നിവേദനം നൽകി. 300ഓളം വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ തകരുമെന്ന് നേതാക്കൾ മന്ത്രിമാരെ അറിയിച്ചു.
കെ.പി.എ. മജീദ് എം.എൽ.എ, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ, കെ റെയിൽ വിരുദ്ധ ആക്ഷൻ കമ്മിറ്റി ജില്ല അധ്യക്ഷൻ അബൂബക്കർ ചെങ്ങാട്ട്, സേവ് പരപ്പനങ്ങാടി ഫോറം നേതാവ് അച്ചമ്പാട്ട് അബ്ദുൽ സലാം എന്നിവർ ദൗത്യസംഘത്തിന് നേതൃത്വം നൽകി. കെ റെയിൽ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലെന്നും പരിസ്ഥിതിക-സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങൾ ആശങ്കജനകം തന്നെയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയതായി പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ വസ്തുതകൾ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലാണ് നിവേദക സംഘം ഡൽഹിയിൽ മന്ത്രിയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.