വീണ്ടും മത്തി ചാകര; പരപ്പനങ്ങാടി തീരത്ത് ആഹ്ലാദം
text_fieldsപരപ്പനങ്ങാടി: ഇടക്കാലത്ത് പരപ്പനങ്ങാടിയുടെ കടലോരത്ത്നിന്ന് ഉൾവലിഞ്ഞ മത്തി ചാകര തിരിച്ചുവരവ് തുടങ്ങി. തീരത്തിനും ടൗണിനും ഒരുപോലെ ആഹ്ലാദം പകരുന്ന മത്തിയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ ഉറ്റുനോക്കുന്നത്.
വ്യവസായിക ആവശ്യങ്ങൾക്ക് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യ പൊടി മില്ലുകളിലേക് മത്തി കയറ്റി പോകുന്നതിനാൽ തൊഴിലാളികളെ സംബന്ധിച്ച് തൃപ്തികരമായ വില ലഭിക്കുന്നുണ്ട്. മത്തി എത്ര അധികം കിട്ടിയാലും ഇപ്പോൾ വില കുറയുന്ന പ്രശ്നമില്ല. വ്യവസായിക ഡിമാൻഡ് നിലനിൽക്കുന്നതാണ് കാരണം.
പലപ്പോഴും അമിതമായി വല കയറുന്ന മത്തി കൂട്ടങ്ങളുടെ ഭാരം താങ്ങാനാവാതെ വല മുറിയുന്നതും ചിലപ്പോഴെങ്കിലും മുറിച്ചുമാറ്റുന്നതും പതിവാണ്. ഈയിനത്തിൽ പലപ്പോഴും ലക്ഷങ്ങളുടെ വല മത്സ്യതൊഴിലാളികൾക്ക് നഷ്ടപ്പെടുന്നതും അവശേഷിക്കുന്ന വല തുന്നിച്ചേർക്കാൻ ദിവസങ്ങളോളം കടലിൽ പോകാതെ സമയം ചെലവഴിക്കുന്നതും പതിവാണ്.
നേരത്തേ യഥേഷ്ടം പരപ്പനങ്ങാടി കടലിൽ കണ്ടിരുന്ന മത്തി പൊലിപ്പ് തെക്ക് ചേറ്റുവയിലേക്കും വടക്ക് പുതിയാപ്പയിലേക്കും വഴിമാറിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരപ്പനങ്ങാടി കടലിലും മത്തി കൂട്ടങ്ങളുടെ സാന്നിധ്യം കണ്ടു തുടങ്ങിയതോടെ വള്ളങ്ങൾ പരപ്പനങ്ങാടിയിൽ തിരിച്ചെത്തി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.