ആലിക്കുട്ടിയിൽ ഇന്നുമുണ്ട് 1957ലെ വോട്ടോർമകൾ
text_fieldsപരപ്പനങ്ങാടി: 1957 കന്നി നിയമസഭ തെരഞ്ഞെടുപ്പിൽ നിയമസഭ യിലേക്ക് വോട്ടു രേഖപ്പെടുത്തിയ 92കാരൻ ചെങ്ങാട് ആലിക്കുട്ടിയിൽനിന്ന് അനുഭവ കഥകൾ കേൾക്കാൻ തലമുറകൾക്ക് ആവേശം. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി 1957 മുതൽ സാമൂഹ്യ രംഗത്തുള്ള ആലിക്കുട്ടിക്ക ഇന്ന് ‘ഇൻഡ്യാ’മുന്നണിക്കും മതേതര ശാക്തീകരണത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്.
തന്നിൽനിന്ന് രാഷ്ട്രീയം കേൾക്കാനെത്തുന്നവർക്കെല്ലാം കോൺഗ്രസിന്റെ ചരിത്രപരമായ പ്രാധാന്യവും കോൺഗ്രസും ഇടതുപക്ഷമുൾപ്പടെയുള്ള മതേതര ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിൽക്കേണ്ടതിന്റെ വർത്തമാന കാല പ്രാധാന്യവും പതിനെട്ടുകാരന്റെ ആവേശത്തോടെയാണ് പഴയകാല തയ്യൽ തൊഴിലാളിയും നിലവിൽ തയ്യൽ മെഷീൻ വ്യാപാരിയുമായ ആലിക്കുട്ടിക്ക വിശദീകരിക്കുക.
ആലിക്കുട്ടിക്കയുടെ രാഷ്ട്രീയ വിശദീകരണങ്ങളുടെ കൃത്യത സാക്ഷ്യപ്പെടുത്താൻ എൺപത്തിയെട്ടുകാരനായ കെ.എം.കെ. നഹയും കൂടെയുണ്ട്.
85 പിന്നിട്ടവർക്ക് വീട്ടിൽവെച്ച് വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം കഴിഞ്ഞ തവണ പ്രയോജനപ്പെടുത്തിയ ആലിക്കുട്ടി ഇത്തവണ ആ സൗകര്യം വേണ്ടെന്ന് അധികൃതരെ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ തവണ ചെയ്ത വോട്ട് കവറിൽ സീൽ ചെയ്ത് കൊണ്ടുപോയ അധികൃതരോട് അദ്ദേഹം ഒരു ചോദ്യം ഉന്നയിച്ചിരുന്നു.
ഞാൻ ചെയ്ത വോട്ടിന് എന്താണ് ഒരു സുരക്ഷിത ഗ്യാരണ്ടി? നിങ്ങൾക്ക് ഇതുപോലെ ബദലൊന്ന് നിർമിക്കാനാവില്ലന്ന് എന്താണ് ഒരു ഉറപ്പ്’. അതിന് ഉദ്യാഗസ്ഥർക്ക് ചിരിയായിരുന്നു മറുപടി. ആ ചിരിയാണ് ഇത്തവണ നേരെ ബൂത്തിൽ ചെന്ന് വോട്ട് ചെയ്യാമെന്ന ഉറച്ച തീരുമാനത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.