കോവിഡ് ബാധിതന്‍റെ മരണ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന്; നഗരസഭ ഉദ്യോഗസ്ഥരും സി.പി.എം നേതാവും തമ്മിൽ സംഘർഷം
text_fieldsപരപ്പനങ്ങാടി: മാസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ച് മരിച്ച പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളിയുടെ മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വാക്ക് തർക്കം പരപ്പനങ്ങാടി നഗരസഭ ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
പരപ്പനങ്ങാടി സ്വദേശി കോവിഡ് ചികിത്സക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി മലപ്പുറത്ത് വെച്ച് മരിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. എന്നാൽ കോവിഡ് ബാധിച്ച് മരിച്ചതാണെന്ന മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ തീരത്തെ സി.പി.എം നേതാവും പരപ്പനങ്ങാടി നഗരസഭ മുൻ കൗൺസിലറുമായ കെ.പി.എം കോയ മാസങ്ങളോളം പരപ്പനങ്ങാടി, തിരൂരങ്ങാടി, മലപ്പുറം നഗരസഭകളിൽ കയറി ഇറങ്ങി.
ജീവനക്കാർ മരണസ്ഥലം തങ്ങളുടെ നഗരാതിർത്തികൾക്കപ്പുറത്താണന്ന സാങ്കേതിക തടസം ചൂണ്ടികാണിച്ച് തിരിച്ചയക്കുകയായിരുന്നു. എന്നാൽ 2017 ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയതോടെ കഴിഞ്ഞ ദിവസം മലപ്പുറം നഗരസഭ ഓഫിസിൽ നിന്നും സർട്ടിഫിക്കറ്റ് ലഭ്യമായി.
മരിച്ച സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ സംസ്കാരം നടന്നതോ മരിച്ചെന്ന് സാക്ഷ്യം വഴി ബോധ്യമായ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ മരണ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന മലപ്പുറം നഗരസഭ ജീവനക്കാരൻ നൽകിയ അറിവിന്‍റെ അടിസ്ഥാനത്തിലാണ് മുൻ കൗൺസിലർ സഹപ്രവർത്തകരോടൊപ്പം ഇന്നലെ പരപ്പനങ്ങാടി നഗരസഭ ഓഫിസിലെത്തിയത്.
നടന്ന് സഹിക്കെട്ടതിന്‍റെ ക്ഷീണം തീർക്കാൻ മുൻ കൗൺസിലർ നടത്തിയ വാക്കും പ്രകടനങ്ങളും പരിധി വിട്ടതോടെ ജീവനക്കാർ ഇരിപ്പിടം വിട്ട് പുറത്തിറങ്ങി മുദ്രവാക്യങ്ങളുയർത്തി മിന്നൽ പണിമുടക്ക് നടത്തി. സംഘർഷ സാഹചര്യം സംഘട്ടനത്തിലേക്ക് വഴിമാറിയേക്കുമെന്ന ഘട്ടമെത്തിയപ്പോൾ പൊലീസ് ഇടപ്പെട്ടത് ഗുണകരമയി.
കെ.പി.എം കോയ മുൻസിപ്പൽ ഓഫിസിൽ നടത്തിയ പ്രകടനം പ്രകോപനകരവും ലജ്ജാകരവുമായി പോയെന്ന് നഗരസഭ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു. 2017ലെ അല്ല 2019 ലെ ഉത്തരവ് പ്രകാരമാണ് പരപ്പനങ്ങാടി എച്ച്.ഐ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതെന്നും നഗരസഭ ചെയർമാൻ വിശദമാക്കി.
കെ.പി.എം കോയയും കണ്ടാലറിയാവുന്ന പത്തുപേരും ചേർന്ന് തങ്ങളെ അക്രമിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായും അക്രമത്തിന് മുതിരുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തവർക്കെതിരെ പരാതി നൽകാൻ നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും ഹെൽത്ത് ഇൻസ്പെക്കാർ രാജീവൻ പറഞ്ഞു. എന്നാൽ പരാതി ലഭിച്ചതായി അറിയില്ലന്നാണ് പൊലീസിന്‍റെ പ്രതികരണം.
സാങ്കേതിക ദുർന്യായങ്ങൾ പറഞ്ഞ് നഗരസഭ കയറിയിറങ്ങുന്ന കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതരെ വട്ടം കറക്കുന്ന ഉദ്യാഗസ്ഥർക്കെതിരെ പ്രതികരിച്ചത് സമാധനപരമായിട്ടായിരുന്നെന്നും ഡ്യൂട്ടിക്കിടെ മുദ്രവാക്യമുയർത്തി പുറത്തിറങ്ങിയ ജീവനക്കാരാണ് യഥാർത്ഥ്യത്തിൽ ഔദോഗിക കൃത്യനിർവഹണം ലംഘിച്ചെതെന്നും കെ.പി.എം കോയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.