പരപ്പനങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഞായറാഴ്ച ഒ.പി തുറക്കും
text_fieldsപരപ്പനങ്ങാടി: പുത്തരിക്കലിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ചയും ഒ.പി പ്രവർത്തിപ്പിക്കാൻ തീരുമാനം. പുതുതായി ചുമതലയേറ്റ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഖൈറുന്നിസ താഹിറിന്റെ ആദ്യ ചുവടുവെപ്പും എച്ച്.എം.സി അംഗങ്ങളുടെ ആത്മാർഥതയുമാണ് വിജയം കണ്ടത്.
ആശുപത്രിയിൽ മതിയായ ജീവനക്കാർ ഇല്ലെന്നതായിരുന്നു ഞായറാഴ്ച ഒ.പിക്ക് നാളിതുവരെ തടസ്സം. നഗരസഭ ഒരു ഡോക്ടറെയും പാരാമെഡിക്കൽ ജീവനക്കാരെയും സായാഹ്ന ഒ.പി തുടങ്ങുന്നതിനായി നിയമിച്ചതിനാൽ വീണ്ടും ജീവനക്കാരെ നിയമിക്കാൻ സർക്കാറിന്റെ കനിവ് വേണം.
അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി കിട്ടുന്നതുവരെ എച്ച്.എം.സി ഫണ്ട് ഉപയോഗിച്ച് ഞായറാഴ്ചകളിൽ ഒ.പി തുടങ്ങാൻ നിർദേശം ഉയർന്നുവെങ്കിലും ഫണ്ടില്ലാത്തത് തടസ്സമായി. നഗരസഭ നിയമിച്ച രണ്ട് ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം ഡ്യൂട്ടി നൽകി ഞായറാഴ്ചകളിലും പ്രവൃത്തി ദിനമാക്കാനാണ് ധാരണ. ഞായറാഴ്ച ഒ.പി സമയം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെയാണെന്ന് അധികൃതർ അറിയിച്ചു.
ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ കെ. ഷഹർബാനു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് ആലിബാപ്പു, കൗൺസിലർ ഫാത്തിമ റഹീം, സി.ഡി.എസ് ചെയർപേഴ്സൻ സുഹറാബി, മെഡിക്കൽ ഓഫിസർ ഡോ. രമ്യ, ഹെൽത്ത് ഇൻസ്പെക്ടർ സബിത, എച്ച്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.