പുത്തൻപീടിക അണ്ടർ ബ്രിഡ്ജ് അപ്രോച്ച് റോഡ് സ്ഥലം ഏറ്റെടുക്കാൻ പദ്ധതി
text_fieldsപരപ്പനങ്ങാടി: കോടികൾ മുടക്കി പണിതീർത്ത പുത്തൻപീടിക റെയിൽവേ അണ്ടർ ബ്രിഡ്ജ് വർഷങ്ങളായി നോക്കുകുത്തിയായി കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പ്രാദേശിക ഭരണകൂടം നീക്കമാരംഭിച്ചു. നഗരസഭയിലെ പുത്തൻപീടിക റെയിൽവേ അണ്ടർ ബ്രിഡ്ജ് അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്ക് വേഗം പകരുമെന്ന് നഗരസഭ ചെയർമാൻ എ. ഉസ്മാൻ അറിയിച്ചു.
നേരേത്ത നഗരസഭ ഭരണസമിതി തീരുമാനം പ്രകാരം 2022-23 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തുകയും സർക്കാർ അനുമതി ലഭിക്കുന്നതിന് അയച്ചതുമായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്ന് ലഭിച്ച നിർദേശപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെയർമാൻ പറഞ്ഞു.
മുൻ എം.എൽ.എ പി.കെ. അബ്ദുറബ്ബ് മന്ത്രിയായിരിക്കെ ആസ്തിവികസന ഫണ്ടിൽനിന്ന് 2.5 കോടി രൂപ ചെലവഴിച്ചാണ് അണ്ടർ ബ്രിഡ്ജ് നിർമാണം പൂർത്തീകരിച്ചത്. എന്നാൽ, നിർമാണം കഴിഞ്ഞ ബ്രിഡ്ജ് വർഷങ്ങളായി അപ്രോച്ച് റോഡില്ലാതെ മുടക്കാച്ചരക്കായി കിടക്കുകയാണ്. ആവശ്യമായ ഭൂമി ഉടമകൾ സൗജന്യമായി നൽകാൻ തയാറാവാത്തതിനാലും എം.എൽ.എ ആസ്തിവികസന ഫണ്ട് മുഖേന ഭൂമി വിലയ്ക്ക് വാങ്ങാൻ സർക്കാർ അനുമതി ഇല്ലാത്തതിനാലുമാണ് ആവശ്യമായ ഭൂമി ഇപ്പോൾ നഗരസഭ വിലയ്ക്ക് വാങ്ങാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.