സിൽവർലൈൻ: കല്ലിടൽ സജീവം, പ്രതിഷേധം ശക്തം
text_fieldsപരപ്പനങ്ങാടി: കനത്ത പൊലീസ് കാവലിന് മുന്നിൽ സിൽവർലൈൻ സർവേ കല്ല് നാട്ടലിനെതിരെ സമര സമിതിയുടെ പ്രതിഷേധം തുടരുന്നു.
പരപ്പനങ്ങാടിയിൽ ജനകീയ സമരം ശക്തമായിരുന്നു. തുടർച്ചയായ മൂന്നു ദിവസം അധികൃതർ കല്ലിടാതെ തിരിച്ചുപോയെങ്കിലും തിങ്കളാഴ്ച സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിട്ട് കല്ലിടൽ ആരംഭിക്കുകയായിരുന്നു. സമര സമിതിയുടെ സംസ്ഥാന നേതാവ് ഡോ. അലീന ഉൾപ്പെടെയുള്ള നേതാക്കളെയും പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ബേബി അച്യുതനുൾപ്പെടെയുള്ള ജനപ്രതിനിധികളടക്കം 16 പേരെയും പൊലീസ് അറസ്റ്റിലും കരുതൽ തടങ്കലിലുമായി പിടിച്ചുകൊണ്ടുപോയി.
ചൊവ്വാഴ്ച കാര്യമായ പ്രതിഷേധമില്ലാതെ കല്ലിടൽ പുരോഗമിച്ചെങ്കിലും ബുധനാഴ്ച കല്ലിടൽ ചെറമംഗലം ഭാഗത്തെത്തിയതോടെ സമര സമിതി ജില്ല അധ്യക്ഷൻ അബൂബക്കർ ചെങ്ങാട്ടിെൻറ നേതൃത്വത്തിൽ സമര സമിതി പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇതിനിടെ പൊലീസിനോടൊപ്പം ചില സി.പി.എം പ്രവർത്തകരും മുനിസിപ്പൽ ഇടതു കക്ഷി നേതാവ് ടി. കാർത്തികേയനുമുൾപ്പെടെയുള്ളവർ ഇരകളുടെ ഭൂമിയിലെത്തിയത് സമര സമിതിയെ പ്രകോപിപ്പിച്ചു. ഈ നടപടിയെ നേതാക്കൾ കടുത്ത ഭാഷയിൽ പരസ്യമായി ചോദ്യം ചെയ്തു.
കടക്ക് പുറത്തെന്നാക്രോശിച്ചും സി.പി.എം പ്രവർത്തകർ പൊലീസ് കളിക്കേണ്ടെന്നു മുന്നറിയിപ്പേകിയും ആട്ടിപ്പായിക്കുന്ന രംഗം സമൂഹ മാധ്യമത്തിൽ വൈറലായി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്‍റ് ഉമ്മർ ഒട്ടുമ്മൽ, സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. ജഗനിവാസൻ, മുനിസിപ്പൽ സ്ഥിരംസമിതി ചെയർമാന്മാരായ പി.പി. ശാഹുൽ ഹമീദ്, പി.വി. മുസ്തഫ, മുനിസിപ്പൽ കൗൺസിലർ ഫാത്തിമ റഹീം, വെൽഫെയർ പാർട്ടി നേതാക്കളായ പി.ടി. റഹീം, ടി.ടി. ശംസുദ്ദീൻ തുടങ്ങിയവർ സമരസമിതിക്ക് ഐക്യദാർഢ്യവുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.